കൊച്ചി: രൂക്ഷമായ വിമർശനമുയരുമ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിനുശേഷം പദവിയൊഴിയാൻ സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ. കൊച്ചിയിൽ നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ഷാഫി പറമ്പിൽ ഇക്കാര്യം അറിയിച്ചത്.
രൂക്ഷവിമർശനമുയരുമെന്ന വിലയിരുത്തലുണ്ടായിരുന്ന ഷാഫി പറമ്പിൽ യോഗത്തിന്റെ ആരംഭത്തിൽതന്നെ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു. മേയ് ആദ്യവാരം തൃശൂരിൽ സംസ്ഥാന സമ്മേളനം നടത്തും. സമ്മേളനശേഷം പദവി ഒഴിയുമെന്ന് അറിയിച്ച് രംഗം തണുപ്പിക്കാനുള്ള ശ്രമമാണ് ഷാഫി നടത്തിയത്.
സംഘടനാ പ്രവർത്തന ശൈലിയിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമായി ഉയർന്നു. യൂത്ത് കോൺഗ്രസ് നിർജീവ അവസ്ഥയിലാണെന്നും പാർട്ടി പൊതുകാര്യങ്ങളിൽ കുറച്ചുകൂടി ഗൗരവമായി ഇടപെടണമെന്നും ഭാരവാഹികളിൽനിന്ന് വിമർശനം ഉയർന്നു. അഖിലേന്ത്യ കമ്മിറ്റിയുടെ നിർദേശപ്രകാരം സംഘടനാ പ്രവർത്തനത്തിന് മാർക്കിടുന്ന രീതി ആരംഭിച്ചതായി നേതൃത്വം അറിയിച്ചു.
സംസ്ഥാന സമ്മേളനത്തോടൊപ്പം തിരുവനന്തപുരത്ത് വർഷങ്ങൾക്കുമുമ്പ് തറക്കല്ലിട്ട പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ നിർമാണ പ്രവർത്തനവും ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു. സംസ്ഥാന സമ്മേളനം കഴിയുന്നതുവരെ വിഷയാധിഷ്ഠിതമായി മാത്രമായിരിക്കും സമരങ്ങൾ. അച്ചടക്ക നടപടിക്ക് വിധേയരായ സംസ്ഥാന വൈസ് പ്രസിഡൻറ് എൻ.എസ്. നുസൂർ, എസ്.എം. ബാലു എന്നിവരെ തിരിച്ചെടുക്കാൻ തീരുമാനമായതായി ഷാഫി അറിയിച്ചു. ഇവരെ തിരിച്ചെടുക്കണമെന്ന് നേരത്തേ ആവശ്യം ഉയർന്നിരുന്നു. എ.കെ. ആൻറണിയുടെ പ്രസ്താവനയെ സംഘടന ഗൗരവമായി പിന്തുണക്കണമെന്ന് എ.എം. രോഹിത് ആവശ്യപ്പെട്ടു. കെ.എസ്. ശബരീനാഥ്, അഖിലേന്ത്യ സെക്രട്ടറി വൈശാഖ് പി. നാരായണ സ്വാമി, റിജിൽ മാക്കുറ്റി തുടങ്ങിയവർ പങ്കെടുത്തു.
പാർട്ടി പ്രവർത്തനങ്ങളിലും ജനകീയ വിഷയങ്ങളിലും ഇടപെടുന്നതിൽ ഷാഫി പിന്നാക്കം പോയെന്ന വിമർശനം ശക്തമാണ്. പ്രതിഷേധ പരിപാടികളടക്കം സംഘടിപ്പിക്കേണ്ട സമയത്ത് ഖത്തറിൽ ഫുട്ബാൾ ലോകകപ്പ് മത്സരം കാണാൻ പോയെന്നും നിലപാടില്ലാത്ത സ്ഥിതിയാണെന്നും വിമർശനം ഉയർന്നിരുന്നു. സുധാകര പക്ഷമാണ് ഷാഫിക്കെതിരെ ശക്തമായി രംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.