കലാപ ആഹ്വാനം; ഇപി ജയരാജനെതിരെ കേസെടുക്കണം- കെ.സുധാകരന്‍ എം.പി

കോഴിക്കോട് : എ.കെ.ജി സെന്റര്‍ അക്രമണത്തിന്റെ പേരില്‍ കലാപ ആഹ്വാനം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും പ്രതിയെ പിടിക്കുമെന്ന വിശ്വാസമില്ല. എ.കെ.ജി സെന്റര്‍ ആക്രണം എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ സൃഷ്ടിയാണ്. ആരാണ് പ്രതിയെന്ന് അദ്ദേഹത്തിന് മാത്രമെ അറിയു. ജയരാജന്‍ ആക്രമണ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെ തലയില്‍വെച്ച് കെട്ടി കലാപ ആഹ്വാനത്തിന് തുല്യമായ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ അക്രമിക്കപ്പെട്ടു.

ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായി. നഷ്ടപരിഹാരം ലഭിക്കുന്നതിന് ആവശ്യമായ നിയമനടപടി കോണ്‍ഗ്രസ് സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. എ.കെ.ജി സെന്റര്‍ ആക്രമണത്തിന്റെ പേരില്‍ കോണ്‍ഗ്രസുകാരെ പ്രതികളാക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലാത്തതിനാല്‍ അത് കഴിഞ്ഞില്ല. ലോക്കല്‍ പോലീസ് അന്വേഷിച്ചിട്ടും ഒരു ഫലവുമുണ്ടായില്ല. അതിന് ശേഷമാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. മംപൂച്ചപോയി മരപ്പൂച്ച വന്നിട്ടും ഒരു പ്രയോജനവുമില്ല.

പ്രതിഷേധം മുഖ്യമന്ത്രിയെ വ്യക്തിപരമായി ലക്ഷ്യം വെച്ചുള്ളതല്ല. മുഖ്യമന്ത്രി സഞ്ചരിക്കുന്ന ഇടങ്ങളില്‍ ജനാധിപത്യ വിശ്വാസികളെ കല്‍തുറുങ്കിലടയ്ക്കുകയാണ്. പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുകയാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന് പൊതുപരിപാടിയുള്ള സ്ഥലങ്ങളില്‍ യു.ഡി.എഫ് പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് കസ്റ്റഡിയിലെടുക്കുകയാണ്. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല.

ഇത്തരം ജനാധിപത്യവിരുദ്ധ നടപടികള്‍ സ്വീകരികരിക്കാന്‍ മുഖ്യമന്ത്രിക്കും പോലീസിനും ആരാണ് അവകാശം നല്‍കിയത്. ഇത് കമ്യൂണിസ്റ്റ് ഭരണത്തിന് ചേര്‍ന്നതാണോയെന്ന് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ദേശീയ നേതൃത്വം വ്യക്തമാക്കണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ നടപടി അവസാനിപ്പിക്കാന്‍ ആഭ്യന്തരവകുപ്പ് തയാറായില്ലെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷന് മുന്നിലും അതിശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് സുധാകരന്‍ പറഞ്ഞു.

സി.പി.എം ഭരണസമിതി കോടികളുടെ കൊള്ളനടത്തിയ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ക്ക് അത് തിരികെ നല്‍കാനുള്ള നട്ടെല്ല് സര്‍ക്കാര്‍ കാണിക്കണം. മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന് കലക്ടറായി നിയമനം നല്‍കിയതിലൂടെ സര്‍ക്കാരിന്റെ ഒളിച്ചുകളി വ്യക്തമായെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - riot call; A case should be filed against IP Jayarajan- K. Sudhakaran MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.