കൊച്ചി: ‘മീ ടൂ’ ആരോപണത്തിൽ കുടുങ്ങി പ്രമുഖ കലാകാരനും കൊച്ചി ബിനാലെ ക്യൂറേറ്ററുമായ റിയാസ് കോമു. സംഭവത്തിെൻറ പശ്ചാത്തലത്തില്‍ കൊച്ചി ബിനാലെയുടെ അടുത്ത പതിപ്പില്‍നിന്ന് റിയാസ് കോമുവിനെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചതായി ബിനാലെ ഫൗണ്ടേഷന് അറിയിച്ചു. പേരുവെളിപ്പെടുത്താത്ത ചിത്രകാരിയാണ് കോമുവിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കൊച്ചിയില്‍ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ആരോപണം.
മുംബൈയില്‍ െവച്ചാണ് റിയാസ് കോമുവിനെ പരിചയപ്പെട്ടതെന്നും ഒരു പ്രോജക്ടിനെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം തന്നെ കൊച്ചിയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. ഏറെ സന്തോഷവതിയായി കൊച്ചിയിലെത്തിയ തന്നോട് മോശമായി പെരുമാറി. ഹോട്ടലില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചു. മുറിയില്‍ അതിക്രമിച്ചുകയറി ചുംബിച്ചു. വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്നും ഔദ്യോഗികമായി പരാതിയൊന്നും കിട്ടിയിട്ടിെല്ലന്നും ബിനാലെ ഫൗണ്ടേഷൻ അറിയിച്ചു.
അതുകൊണ്ട് പെട്ടെന്നൊരു നടപടിയെടുക്കാനാവില്ല. വെള്ളിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന അടിയന്തരയോഗം സംഭവം അന്വേഷിക്കാന്‍ ആഭ്യന്തര കമ്മിറ്റിക്ക് രൂപംനല്കി. അന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമേ ബാക്കി നടപടികളുണ്ടാവൂ.
അതേസമയം, സംഭവം ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടതില്‍ ഖേദമുണ്ടെന്ന് റിയാസ് കോമു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പെണ്‍കുട്ടിയെ വേദനിപ്പിച്ചതില്‍ വിഷമമുണ്ട്, വിഷയത്തില്‍ പെണ്‍കുട്ടിയുമായി സംസാരിക്കാന്‍ തയാറാണെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും റിയാസ് കോമു വ്യക്തമാക്കി. 2012ല്‍ ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും ചേര്‍ന്നാണ് കൊച്ചി ബിനാലക്ക് തുടക്കംകുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.