മുഹമ്മദ് റിസ്​വാൻ, എം.എസ്. അർജുൻ

കാൽവഴുതിയ റിസ്​വാൻ പിടിച്ചത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ; സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അർജുനും ഷോക്കേറ്റു

ഓയൂർ (​െകാല്ലം): നെടുമൺകാവിൽ സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികൾ പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത് ആറ്​ സന്ദർശിക്കാനെത്തിയപ്പോൾ. നെടുമൺകാവ് വാക്കനാട്​ കൽച്ചിറ പള്ളിക്ക് സമീപമുള്ള ആറ്റിലേക്കായിരുന്നു അഞ്ചുപേരടങ്ങിയ സംഘം എത്തിയത്. നാലാംവർഷ കമ്പ്യൂട്ടർ സയൻസ്​ വിദ്യാർഥികളായ കണ്ണൂര്‍ തില്ലങ്കേരി സി.എച്ച്​.എം.എച്ച്​.എസ്​.എസ്​ ക്ലർക്ക്​  ബൈത്തുല്‍ നൂറില്‍ തണലോട്ട് കബീർ-റംല ദമ്പതികളുടെ മകൻ കെ.പി. മുഹമ്മദ്​ റിസ്​വാൻ (21), കാസർകോട്​ ബേക്കല്‍ ഫോര്‍ട്ട് കൂട്ടിക്കനി ആരവത്തില്‍ റിട്ട. അധ്യാപകൻ പി. മണികണ്ഠൻ- പി.വി. സുധ ദമ്പതികളുടെ മകന്‍ എം.എസ്​. അർജുൻ (21) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് 4.45ഓടെയാണ് അഞ്ചുപേരും സ്ഥലത്തെത്തിയത്. സുഹൃത്തുക്കളായ കാസർകോട് സ്വദേശികളായ ശ്രീപാദ് (21), ഷാഹിൽ (21), എറണാകുളം ആലുവ സ്വദേശി താരിഖ് (21) എന്നിവരാണ് കൂട്ടത്തിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികൾ.

നെടുമൺകാവ് ജങ്ഷനിലെ സുരേഷ്കുമാറിന്‍റെ ഓട്ടോയിലാണ് ഇവർ​ കൽച്ചിറ പള്ളിക്ക് സമീപമെത്തിയത്​. അപരിചിതരായ വിദ്യാർഥികളോട് ആറിൽ വെള്ളം കൂടുതലാണെന്നും സൂക്ഷിക്കണമെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു. കൽച്ചിറ പള്ളിക്ക് പിറകുവശത്തെ പടവുകളിലൂടെ ഇറങ്ങിയ യുവാക്കൾ ജലനിരപ്പ്​ ഉയർന്ന്​ നിൽക്കുന്നത്​ കണ്ട്​ തിരികെ കയറി. പിറകിലായി വന്ന റിസ്​വാൻ കാൽവഴുതിയപ്പോൾ, സ്​റ്റേ കമ്പി എന്ന്​ തോന്നിച്ച വൈദ്യുതി ലൈനിൽ കയറിപ്പിടിക്കുകയായിരുന്നു. ഇത്​ കണ്ട അർജുൻ സമീപത്തെ കാട്ടിൽനിന്ന് കമ്പ് ഒടിച്ച് അടിച്ചെങ്കിലുംറിസ്​വാന്‍റെ പിടിവിടുവിക്കാൻ കഴിഞ്ഞില്ല. തുടർന്ന് കൈകൊണ്ട് പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ അർജുനും ഷോക്കേൽക്കുകയായിരുന്നു.

മറ്റുള്ളവർ ശബ്​ദം കേട്ട്​ തിരിഞ്ഞുനോക്കവെയാണ്​ സുഹൃത്തുക്കൾ അപകടത്തിൽപെട്ടത്​ കണ്ടത്​. ബഹളം കേട്ട് ഒാടിയെത്തിയ നാട്ടുകാർ കെ.എസ്​.ഇ.ബി ഓഫിസിൽ വിളിച്ചുപറഞ്ഞാണ്​​ വൈദ്യുതി വി​ച്ഛേദിച്ചത്​. 5.30ഓടെ മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മുഹമ്മദ്​ റിസ്​വാന്‍റെ സഹോദരങ്ങൾ: മുഹമ്മദ്​ സിനാൻ, മുഹമ്മദ്​ സജാദ്​. അർജുന്‍റെ മാതാവ്​ സുധ കൂട്ടക്കനി ഗവ. യു.പി സ്​കൂൾ അധ്യാപികയാണ്​. സഹോദരി: ഡോ. അഞ്​ജലി.

Tags:    
News Summary - Rizan was shocked at first Arjun also shocked while trying to save his friend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.