കാൽവഴുതിയ റിസ്വാൻ പിടിച്ചത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ; സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അർജുനും ഷോക്കേറ്റു
text_fieldsഓയൂർ (െകാല്ലം): നെടുമൺകാവിൽ സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികൾ പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത് ആറ് സന്ദർശിക്കാനെത്തിയപ്പോൾ. നെടുമൺകാവ് വാക്കനാട് കൽച്ചിറ പള്ളിക്ക് സമീപമുള്ള ആറ്റിലേക്കായിരുന്നു അഞ്ചുപേരടങ്ങിയ സംഘം എത്തിയത്. നാലാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളായ കണ്ണൂര്‍ തില്ലങ്കേരി സി.എച്ച്.എം.എച്ച്.എസ്.എസ് ക്ലർക്ക് ബൈത്തുല്‍ നൂറില്‍ തണലോട്ട് കബീർ-റംല ദമ്പതികളുടെ മകൻ കെ.പി. മുഹമ്മദ് റിസ്വാൻ (21), കാസർകോട് ബേക്കല്‍ ഫോര്‍ട്ട് കൂട്ടിക്കനി ആരവത്തില്‍ റിട്ട. അധ്യാപകൻ പി. മണികണ്ഠൻ- പി.വി. സുധ ദമ്പതികളുടെ മകന്‍ എം.എസ്. അർജുൻ (21) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് 4.45ഓടെയാണ് അഞ്ചുപേരും സ്ഥലത്തെത്തിയത്. സുഹൃത്തുക്കളായ കാസർകോട് സ്വദേശികളായ ശ്രീപാദ് (21), ഷാഹിൽ (21), എറണാകുളം ആലുവ സ്വദേശി താരിഖ് (21) എന്നിവരാണ് കൂട്ടത്തിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികൾ.
നെടുമൺകാവ് ജങ്ഷനിലെ സുരേഷ്കുമാറിന്‍റെ ഓട്ടോയിലാണ് ഇവർ കൽച്ചിറ പള്ളിക്ക് സമീപമെത്തിയത്. അപരിചിതരായ വിദ്യാർഥികളോട് ആറിൽ വെള്ളം കൂടുതലാണെന്നും സൂക്ഷിക്കണമെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു. കൽച്ചിറ പള്ളിക്ക് പിറകുവശത്തെ പടവുകളിലൂടെ ഇറങ്ങിയ യുവാക്കൾ ജലനിരപ്പ് ഉയർന്ന് നിൽക്കുന്നത് കണ്ട് തിരികെ കയറി. പിറകിലായി വന്ന റിസ്വാൻ കാൽവഴുതിയപ്പോൾ, സ്റ്റേ കമ്പി എന്ന് തോന്നിച്ച വൈദ്യുതി ലൈനിൽ കയറിപ്പിടിക്കുകയായിരുന്നു. ഇത് കണ്ട അർജുൻ സമീപത്തെ കാട്ടിൽനിന്ന് കമ്പ് ഒടിച്ച് അടിച്ചെങ്കിലുംറിസ്വാന്റെ പിടിവിടുവിക്കാൻ കഴിഞ്ഞില്ല. തുടർന്ന് കൈകൊണ്ട് പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ അർജുനും ഷോക്കേൽക്കുകയായിരുന്നു.
മറ്റുള്ളവർ ശബ്ദം കേട്ട് തിരിഞ്ഞുനോക്കവെയാണ് സുഹൃത്തുക്കൾ അപകടത്തിൽപെട്ടത് കണ്ടത്. ബഹളം കേട്ട് ഒാടിയെത്തിയ നാട്ടുകാർ കെ.എസ്.ഇ.ബി ഓഫിസിൽ വിളിച്ചുപറഞ്ഞാണ് വൈദ്യുതി വിച്ഛേദിച്ചത്. 5.30ഓടെ മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മുഹമ്മദ് റിസ്വാന്റെ സഹോദരങ്ങൾ: മുഹമ്മദ് സിനാൻ, മുഹമ്മദ് സജാദ്. അർജുന്‍റെ മാതാവ് സുധ കൂട്ടക്കനി ഗവ. യു.പി സ്കൂൾ അധ്യാപികയാണ്. സഹോദരി: ഡോ. അഞ്ജലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.