തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷമായിരിക്കെ യു.ഡി.എഫിലും പ്രതിസന്ധി. അടുത്ത ആഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുന്ന യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കേണ്ടന്ന് ആര്.എസ്.പി തീരുമാനിച്ചു. നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയകാരണം പഠിച്ച കോണ്‍ഗ്രസ് സമിതി റിപ്പോര്‍ട്ടിലെ തങ്ങൾക്കെതിരായ പരാമർശത്തിൽ പ്രകോപിതരായ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് പിന്നാലെയാണ് മറ്റൊരു ഘടകകക്ഷി കൂടി ഇടയുന്നത്.
തെരഞ്ഞെടുപ്പ് വേളയിലും പിന്നീടും പാര്‍ട്ടി ഉന്നയിച്ച വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി ഇല്ലാത്തതാണ് ആര്.എസ്.പിയുടെ അതൃപ്തിക്ക് കാരണം. ഇക്കാര്യം കഴിഞ്ഞദിവസം ചേർന്ന ആര്.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷവിമര്‍ശനത്തിനിടയാക്കി. തുടർന്നാണ് പാർട്ടി ഉന്നയിച്ച കാര്യങ്ങൾ പരിഹരിക്കപ്പെടുന്നത് വരെ യു.ഡി.എഫ് യോഗത്തിലേക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്.
മുന്നണിമാറ്റം വേണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം ശക്തമാകുന്നതിനിടയിലാണ് ഈ തീരുമാനമെന്നതും ശ്രദ്ധേയമാണ്. കോൺഗ്രസിലെ അച്ചടക്കമില്ലായ്മക്കെതിരെ ആർ.എസ്.പി നേതാവ് ഷിബു ബേബിജോൺ കഴിഞ്ഞദിവസം രംഗത്തുവരുകയും ചെയ്തിരുന്നു. രണ്ട് നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി പൂജ്യത്തിലൊതുങ്ങിയ ആര്.എസ്.പിയില്‍, യു.ഡി.എഫ് നേതൃത്വത്തോടുള്ള അതൃപ്തി ശക്തമാണ്.
അതേസമയം, ആര്.എസ്.പി തീരുമാനം അറിഞ്ഞതിനുപിന്നാലെ എത്രയും വേഗം ചര്‍ച്ചയാകാമെന്ന് മുന്നണിനേതൃത്വം അവരെ അറിയിച്ചു. സെപ്റ്റംബർ ആറിനുള്ള യു.ഡി.എഫ് യോഗത്തിന് മുമ്പ് ഉഭയകക്ഷി ചര്‍ച്ചയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുന്നില്ലെങ്കിൽ കടുത്ത നിലപാടിലേക്ക് നീങ്ങണമെന്ന വികാരമാണ് ആർ.എസ്.പി യോഗത്തിൽ ഉണ്ടായത്. നാലാം തീയതി ചേരുന്ന സംസ്ഥാനകമ്മിറ്റിയിൽ വിശദമായി ചര്‍ച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.