അമ്പലപ്പുഴ ആർ.എസ്.പിക്ക് വേണം; സുധാകരനില്ലാത്ത മണ്ഡലം നൽകാൻ മടിച്ച് കോൺഗ്രസ്

കൊല്ലം: തൃശൂരിലെ കയ്പമംഗലം മണ്ഡലത്തിന് പകരം ആലപ്പുഴയിലെ അമ്പലപ്പുഴ മണ്ഡലം വേണമെന്ന ആർ.എസ്.പിയുടെ ആവശ്യം അംഗീകരിക്കാൻ മടിച്ച് കോൺഗ്രസ്. എൽ.ഡി.എഫിനായി മന്ത്രി ജി. സുധാകരൻ മത്സരരംഗത്തുണ്ടാവില്ലെന്നതാണ് അമ്പലപ്പുഴ കൈമാറാനുള്ള വിമുഖതക്ക് പിന്നിൽ. സീറ്റ് ധാരണ ചർച്ച ചെയ്യാൻ ആർ.എസ്.പി സംസ്ഥാന സമിതി ഇന്ന് തിരുവനന്തപുരത്ത് ചേരും.

കയ്പമംഗലവും ആറ്റിങ്ങലും മാറ്റിനൽകണമെന്നായിരുന്നു ആർ.എസ്.പി യു.ഡി.എഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എന്നാൽ, ആറ്റിങ്ങൽ മാറ്റാനാവില്ലെന്നും കയ്പമംഗലം മാറ്റാമെന്നുമായിരുന്നു കോൺഗ്രസ് അറിയിച്ചത്. കയ്പമംഗലത്തിന് പകരം അമ്പലപ്പുഴ നൽകാമെന്ന് ധാരണയാവുകയും ചെയ്തിരുന്നു.

എന്നാൽ, മന്ത്രി ജി. സുധാകരൻ സി.പി.എമ്മിനായി അമ്പലപ്പുഴയിൽ മത്സരിക്കാനില്ലെന്ന് വ്യക്തമായതോടെയാണ് മണ്ഡലം വിട്ടുനൽകാൻ കോൺഗ്രസ് മടിച്ചത്. അതേസമയം, കയ്പമംഗലം കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ടി.എൻ. പ്രതാപൻ എം.പി ആവശ്യപ്പെട്ടിട്ടുണ്ട്.

ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ കഴിഞ്ഞ ദിവസം ഡൽഹിയിൽ കോൺഗ്രസ് നേതാക്കളെ കണ്ട് ആവശ്യമുന്നയിച്ചെങ്കിലും അമ്പലപ്പുഴയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. കഴിഞ്ഞ തവണ മുപ്പതിനായിരത്തിലേറെ വോട്ടിന് ആർ.എസ്.പിയുടെ മുഹമ്മദ് നഹാസ് സി.പി.ഐയുടെ ഇ.ടി. ടൈസണോട് തോറ്റ മണ്ഡലമാണ് കയ്പമംഗലം. 

Tags:    
News Summary - rsp demands ambalappuzha seat but congress reluctant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.