തിരുവനന്തപുരം: ഗവർണർക്കും രാജ്ഭവനും മേൽ ആർ.എസ്.എസ് നിയന്ത്രണം ഉറപ്പുവരുത്തി ഹിന്ദുത്വ പ്രത്യയശാസ്ത്രകാരനായ ഹരി എസ്. കർത്തയെ തന്റെ േപഴ്സനൽ സ്റ്റാഫിലേക്ക് ആരിഫ് മുഹമ്മദ് ഖാൻ നിയമിക്കുന്നു. ഗവർണറുടെ നിർദേശം അടങ്ങിയ ഫയൽ പൊതുഭരണവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ലോകായുക്ത ഓർഡിനൻസിലെ കൊടുക്കൽ വാങ്ങലിന്റെ ഭാഗമാണ് നിയമനമെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.
എൽ.ഡി.എഫ് സർക്കാറുമായി ഗവർണറുടെ ഏറ്റുമുട്ടൽ പതിവായ സാഹചര്യത്തിൽ കൂടിയാണ് ഹരി എസ്. കർത്തയുടെ നിയമനത്തിന് കളമൊരുങ്ങുന്നത്. ആർ.എസ്.എസ് മുഖപത്രം ജന്മഭൂമിയുടെ പത്രാധിപരായി രണ്ടു പ്രാവശ്യം ചുമതല വഹിച്ച ഹരി എസ്. കർത്ത കുമ്മനം രാജശേഖരൻ മുതൽ കെ. സുരേന്ദ്രന് വരെയുള്ള പ്രസിഡന്റുമാരുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു. നിലവിൽ ബി.ജെ.പി സംസ്ഥാന സമിതിയിൽ ക്ഷണിതാവാണ്.
മോദി സർക്കാർ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിൽ ഗവർണറായി നിയമിച്ചത് കൃത്യമായ കണക്കുകൂട്ടലുകളോടെ ആയിരുന്നുവെങ്കിലും പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്നാണ് സംസ്ഥാന ബി.ജെ.പിയുടെ ആക്ഷേപം. പൗരത്വനിയമ പ്രശ്നത്തിലും വിവാദ കർഷകനിയമങ്ങളിലും സർക്കാറുമായി ഗവർണർ ഏറ്റുമുട്ടിയിരുന്നെങ്കിലും ബി.ജെ.പി അതൃപ്തരായിരുന്നു. കണ്ണൂർ, കാലടി വി.സി നിയമനങ്ങളും കേരള സർവകലാശാലയിൽ നിന്ന് രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകുന്നതിലും കേരള വി.സിയുടെ അർഹത സംബന്ധിച്ചും ഗവർണർ സർക്കാറുമായി ഏറ്റുമുട്ടി. പക്ഷേ ഭിന്നതകൾ മറന്ന് ലോകായുക്ത ഓർഡിനൻസിൽ അദ്ദേഹം ഒപ്പിട്ടു. എൽ.ഡി.എഫ് സർക്കാറുമായി ഒത്തുതീർപ്പുകൾക്ക് വഴങ്ങുന്നുവെന്നാണ് ബി.ജെ.പി നേതൃത്വത്തിൽ ഗവർണർക്ക് എതിരായ ആക്ഷേപം.
കേന്ദ്ര, സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന്റെ താൽപര്യം നിയമനവിഷയത്തിൽ ഇല്ലെന്നുപറഞ്ഞ ഹരി എസ്. കർത്ത ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലെന്നത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് 'മാധ്യമ'ത്തോട് വ്യക്തമാക്കി.
തിരുവനന്തപുരം: കൊടുക്കൽ വാങ്ങലിന്റെ ഭാഗമെന്ന് പ്രതിപക്ഷം ആക്ഷേപം കൊഴുപ്പിക്കുമ്പോൾ ഗവർണറുടെ പേഴ്സനൽ സ്റ്റാഫ് നിയമനം സർക്കാറുമായി ബന്ധപ്പെട്ട വിഷയമല്ലെന്ന നിലപാടിൽ ഭരണപക്ഷം. തന്റെ പേഴ്സനൽ സ്റ്റാഫിലേക്ക് ആരെ നിയമിക്കണമെന്നത് ഗവർണറുടെ തീരുമാനമാണെന്നും സർക്കാറിനതിൽ കാര്യമില്ലെന്നും അവർ വിശദീകരിക്കുന്നു.
പക്ഷേ, നിയമന ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടാൽ ബി.ജെ.പിയുമായുള്ള സി.പി.എമ്മിന്റെ അവിശുദ്ധ ബന്ധത്തിന്റെ പ്രത്യക്ഷ തെളിവായി ഉയർത്തിക്കാട്ടി പോർമുഖം തുറക്കാനാണ് യു.ഡി.എഫ് നീക്കം. സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും ന്യൂനപക്ഷ സംരക്ഷണം എന്ന വാഗ്ദാനം പൊള്ളയാണെന്ന് ചൂണ്ടിക്കാട്ടാൻ ഇടത് വിരുദ്ധ ന്യൂനപക്ഷ സംഘടനകൾക്കും ഇത് വാതിൽ തുറന്നിടും.
ഈ ആരോപണങ്ങളെ മറികടന്നുവേണം ഹരി എസ്. കർത്തയെ പേഴ്സനൽ സ്റ്റാഫായി നിയമിക്കണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ശിപാർശ മുഖ്യമന്ത്രിക്ക് അംഗീകരിക്കാൻ. നിയമന ശിപാർശയിൽ സംസ്ഥാന സർക്കാറിന് പ്രത്യേകിച്ച് റോളില്ലെന്ന വിശദീകരണമാണ് എൽ.ഡി.എഫ് കേന്ദ്രങ്ങൾ നൽകുന്നത്.
മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫായി നിയമിക്കുന്നവരിൽ രാഷ്ട്രീയ ബന്ധമുള്ളവർ ഉൾപ്പെടുന്നതുപോലെ ഗവർണർക്കും തനിക്ക് യോജിച്ചവരെന്ന് തോന്നുന്നവരെ നിയമിക്കാം.സർക്കാറിന്റെതന്നെ അധിപനായ ഗവർണറുടെ ശിപാർശ അംഗീകരിക്കുകയെന്ന നടപടിക്രമം പാലിക്കുകയാണ് സർക്കാറിന്റെ മുന്നിലുള്ള വഴിയെന്നും സി.പി.എം നേതാക്കൾ പറയുന്നു.
ഗവർണറുടെ ശിപാർശ മടക്കിയാൽ വീണ്ടും രാജ്ഭവനുമായുള്ള ഏറ്റുമുട്ടലിനാകും കളമൊരുക്കുക. അല്ലെങ്കിൽ ഫയൽ വെച്ച് നീട്ടിക്കൊണ്ടുപോകുക എന്ന നിലപാടും സ്വീകരിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.