ഇരിങ്ങാലക്കുട: കരുവന്നൂര്‍ തേലപ്പിള്ളി സ്വദേശി പെരുമ്പുള്ളി വീട്ടില്‍ പൊറിഞ്ചുവും ഭാര്യ ബേബിയും കരുവന്നൂര്‍ സർവിസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത് 40 ലക്ഷം രൂപ. ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെ ഇവര്‍ക്കും പണം തിരികെ കിട്ടിയില്ല. കരുവന്നൂര്‍, മാപ്രാണം ശാഖകളിലാണ് പണം നിക്ഷേപിച്ചത്. ഹൃദ്രോഗിയാണ് പൊറിഞ്ചു.
ജൂണ്‍ ഒന്നിനും അഞ്ചിനുമായി രണ്ടു സര്‍ജറിയാണ് വേണ്ടി വന്നത്.
കാത്തലിക് സിറിയന്‍ ബാങ്ക് മാനേജറായാണ് ഇദ്ദേഹം വിരമിച്ചത്. ചികിത്സക്ക് പോലും സഹകരണ ബാങ്കിൽനിന്ന് പണം ലഭിച്ചില്ല. ആശുപത്രി ബില്‍ തുക നാലു ലക്ഷത്തിലധികം രൂപയായി. ഇതടക്കാനായി അപേക്ഷ നല്‍കിയെങ്കിലും പണം നല്‍കിയില്ല. പണം ചോദിക്കുമ്പോള്‍ ബാങ്ക് അധികൃതര്‍ കൈ മലര്‍ത്തുകയാണെന്ന് പൊറിഞ്ചു വേദനയോടെ പറയുന്നു. പലരില്‍ നിന്നായി കടം വാങ്ങിയാണ് ആശുപത്രിയിലെ പണം അടച്ചത്. വീട്ടില്‍ വിശ്രമിക്കുമ്പോള്‍ കടം വാങ്ങിയ പണം ചോദിച്ച് ആളുകളുടെ വരവാണ്.
തന്റെ പണം ബാങ്ക് തന്നാല്‍ കടം വാങ്ങിയവ തിരികെ നല്‍കാമായിരുന്നുവെന്ന് വേദനയോടെ പൊറിഞ്ചു പറയുന്നു.
കോട്ടയം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനിരയായ ഫിലോമിനയുടെ കുടുംബത്തിന് 4.60 ലക്ഷം രൂപ മടക്കിനൽകിയിരുന്നതായി മന്ത്രി വി.എൻ. വാസവൻ. മകന്റെ കാൽമുട്ട് ചികിത്സാര്‍ത്ഥം പണം തിരികെ ചോദിച്ചപ്പോഴും നല്കി. എന്നാൽ, ജൂണ്‍ 28ന് പണം ആവശ്യപ്പെട്ട് സമീപിച്ചപ്പോൾ നല്കാന് കഴിഞ്ഞില്ല. ഇതു സംബന്ധിച്ച് ജോയന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കുടുംബത്തിന് ഉടൻ പണം മടക്കി നൽകും. ഫിലോമിനയോട് ബാങ്ക് ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന പരാതി അന്വേഷിക്കാന്‍ സഹകരണ സംഘം അഡീഷനല്‍ രജിസ്ട്രാറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിൽ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും. കരുവന്നൂര്‍ സഹകരണ സംഘത്തില്‍ 104 കോടിയുടെ തട്ടിപ്പാണ് നടന്നത്. ഇതിൽ 38.75 കോടി നിക്ഷേപകർക്ക് തിരികെ നല്കി. ഒരുവർഷത്തിനുള്ളിൽ ബാധ്യത മുഴുവൻ തീർക്കും. ഇതിനായി കേരള ബാങ്കില്‍നിന്ന് 25 കോടി ഓവര്‍ ഡ്രാഫ്റ്റ് എടുക്കാൻ നടപടികള്‍ പുരോഗമിക്കുകയാണ്. 10 കോടി റിസ്ക് ഫണ്ടായി ലഭ്യമാക്കും.
നിക്ഷേപിച്ച തുക തിരികെ കൊടുക്കാന്‍ കഴിയാത്ത 164 സഹകരണ സംഘങ്ങളിൽ 132 എണ്ണവും വെൽഫെയര്‍ സംഘങ്ങള്‍, റെസിഡന്റ്സ് അസോസിയേഷന് സഹകരണ സംഘങ്ങള്‍, ലേബര്‍ സഹകരണ സംഘങ്ങള്‍ എന്നിവയാണ്. ഇവയിൽ ഭൂരിഭാഗവും പ്രവർത്തിക്കാത്തതാണ്. പട്ടികയിൽ സഹകരണ ബാങ്കുകൾ നാമമാത്രമാണ്. എന്നാൽ, ഇവയെല്ലാം ബാങ്കുകളാണെന്ന പ്രചാരണം ശരിയല്ല. സഹകരണമേഖലക്കെതിരെ ആസൂത്രിതമായ പ്രചാരണം നടക്കുന്നുണ്ട്. എൽ.ഡി.എഫും യു.ഡി.എഫും ഭരിക്കുന്ന ബാങ്കുകളിൽ ക്രമക്കേടുകൾ നടക്കുന്നുണ്ട്. ഇതിൽ രാഷ്ട്രീയം കാണുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.