തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ കൈമാറുന്നതിൽ വീഴ്ചവരുത്തിയ കേരള സർവകലാശാല പബ്ലിക് ഇൻഫർമേഷൻ ഓഫിസറായിരുന്ന പി. രാഘവന് 25,000 രൂപ പിഴ. 30 ദിവസത്തിനകം പിഴ അടയ്ക്കണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.കെ.എൽ. വിവേകാനന്ദന്‍റെ ഉത്തരവിൽ നിർദേശിച്ചു.
സൈക്കോളജി വിഭാഗം മുൻ മേധാവി പ്രഫ. ഇമ്മാനുവൽ തോമസ് സർവകലാശാല കാമ്പസിൽ പ്രവേശിക്കാൻ പാടില്ലെന്ന സിൻഡിക്കേറ്റിന്‍റെ വിചിത്ര തീരുമാനം സംബന്ധിച്ച ഫയലുകളുടെ പകർപ്പ് നൽകാൻ വിസമ്മതിച്ചതിനെതുടർന്ന് പ്രഫ. ഇമ്മാനുവൽ നൽകിയ അപ്പീലിലാണ് ഉത്തരവ്. സർവിസിൽനിന്ന് വിരമിച്ച രാഘവന് നിലവിൽ സ്പെഷൽ ഓഫിസർ തസ്തികയിൽ തുടർനിയമനം നൽകിയിരിക്കുകയാണ്.
വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന്‍റെ പേരിൽ പി.എസ്.സി നിയമന വിലക്കേർപ്പെടുത്തിയിരുന്ന സൈക്കോളജി വിഭാഗം അധ്യാപകൻ ഡോ. ജോൺസനെ യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് പിരിച്ചുവിട്ടിരുന്നെങ്കിലും അടുത്തിടെ തിരിച്ചെടുത്ത് ഗവേഷണ ഗൈഡായി നിയമിച്ചിരുന്നു. ഈ നടപടി ചോദ്യം ചെയ്ത സൈക്കോളജി വിഭാഗം തലവനായിരുന്ന പ്രഫ. ഇമ്മാനുവൽ തോമസിന്‍റെ പരാതിയിൽ ഗവർണർ ഗൈഡ്ഷിപ് റദ്ദാക്കി.
വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെതുടർന്ന് ജോൺസനെ സസ്‌പെൻഡ് ചെയ്തു. ഒപ്പം പരാതി നൽകിയ ഇമ്മാനുവൽ തോമസിനെ കാമ്പസിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്തു. ഈ പ്രവേശനവിലക്ക് മനുഷ്യാവകാശ ധ്വംസനവും മൗലികാവകാശ ലംഘനവുമാണെന്ന് വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സി.പി.എമ്മിലെതന്നെ ചില സിൻഡിക്കേറ്റ് അംഗങ്ങളുടെ പിന്തുണ പി. രാഘവനും സസ്‌പെൻഡ് ചെയ്യപ്പെട്ട ജോൺസനുമുള്ളത് കൊണ്ടാണ് വിവരാവകാശ രേഖകൾ കൈമാറാൻ സർവകലാശാല തയാറാകാത്തതെന്ന് ആക്ഷേപവും ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.