നോട്ടലച്ചില്‍...മൂന്നാം ദിനം

500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനെതുടര്‍ന്ന് സാധാരണക്കാരുടെ ദുരിതപര്‍വം തുടരുന്നു. ബാങ്കുകള്‍ മുതല്‍ തട്ടുകടകളെ വരെ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
ബാങ്കുകള്‍ എ.ടി.എമ്മുകള്‍ ഭാഗികമായി പ്രവര്‍ത്തനമാരംഭിച്ചതിനാല്‍ ബാങ്കുകളിലെ തിരക്കിനും ബഹളത്തിനും വ്യാഴാഴ്ചയെ അപേക്ഷിച്ച് നേരിയ കുറവുണ്ടായി. നിക്ഷേപിക്കാനും പിന്‍വലിക്കാനും ഒരേ ഇടപാടുകാര്‍ ശ്രമച്ചതുമൂലം ഇടപാടുകളില്‍ കാലതാമസം ഏറി. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിനെ വിന്യസിച്ചത് തുടര്‍ന്നു. ബാങ്കുകളില്‍നിന്ന് 2000 രൂപയുടെ ഒറ്റനോട്ട് ലഭിച്ചെങ്കിലും ഇത് മാറാനാകാതെയും ബുദ്ധിമുട്ടി. ചില ബാങ്കുകള്‍ 10, 20, 50 രൂപ നോട്ടും പത്തിന്‍െറ നാണയവും ചില്ലറയായി നല്‍കി. ഏഴുലക്ഷം മുതല്‍ 19 ലക്ഷം വരെയാണ് വിവിധ ബാങ്കുകള്‍ക്ക് വെള്ളിയാഴ്ച ചില്ലറയായി ലഭിച്ചത്. 

ആശുപത്രികള്‍
അസാധു നോട്ടുകള്‍ വാങ്ങാന്‍ തടസ്സമില്ളെങ്കിലും ചില്ലറ നല്‍കാനില്ലാത്തതിനാല്‍ സ്കാനിങ് ഉള്‍പ്പെടെ പരിശോധനകളും മരുന്നുവാങ്ങലും പ്രതിസന്ധിയിലാണ്. ഒ.പികളില്‍ തിരക്ക് കുറഞ്ഞു. ആശുപത്രിയാവശ്യങ്ങള്‍ക്ക് ബാങ്കുകളില്‍ കാത്തുനിന്നെങ്കിലും കിട്ടിയത് 2000ന്‍െറ നോട്ടായതുമൂലം ചെലവഴിക്കാനാവാത്ത സ്ഥിതിയുമുണ്ട്. മെഡിക്കല്‍ ഷോപ്പുകളും നോട്ട് നിരസിക്കുകയാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ളെങ്കിലും അനുബന്ധ സ്റ്റോറുകള്‍, സ്വകാര്യ സ്കാനിങ് ലാബുകള്‍, ലാബുകള്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലത്തെിയവര്‍ വലഞ്ഞു. ഒന്നിലധികം പേരുടെ ബില്‍ ഒന്നിച്ച് ഈടാക്കി 500 രൂപ തികക്കുന്ന പ്രവണതയും ഫാര്‍മസികളില്‍ കാണാം. ഭക്ഷണ ആവശ്യങ്ങള്‍ക്ക് ഇപ്രകാരം ഒന്നിച്ചത്തെി കടം വീട്ടുകയാണ് ചെയ്യുന്നത്. 

മത്സ്യം, ഇറച്ചി
മത്സ്യത്തിന് വിലകുറഞ്ഞു. വലിയ നോട്ട് വാങ്ങില്ളെന്ന നിലപാടില്‍ നിന്ന് വ്യാപാരികള്‍ മാറിയതോടെ കച്ചവടം കൂടിയിട്ടുണ്ട്. മൊത്ത വിപണിയില്‍ പൊതുവെ മാന്ദ്യം പ്രകടമാണ്. ദിനംപ്രതി ലക്ഷങ്ങളുടെ ഇടപപാടുകള്‍ നടക്കുന്ന തീരമേഖലയില്‍ തുച്ഛമായ കച്ചവടമാണ് നടക്കുന്നത്. നോട്ടുകളില്ലാത്തതിനാല്‍ ലേലനടപടികളും കുറഞ്ഞു. നോട്ട് അസാധുവാക്കല്‍ മത്സ്യക്കയറ്റുമതിയെയും ബാധിച്ചിട്ടുണ്ട്. മത്സ്യച്ചന്തകളും രണ്ടുദിവസമായി ആളൊഴിഞ്ഞ നിലയിലാണ്. ഗ്രാമീണ മേഖലകളില്‍ വാഹനങ്ങളില്‍ മത്സ്യമത്തെിക്കുന്നവര്‍ 500 രൂപ വാങ്ങുന്നുണ്ട്. സ്ഥിരം കച്ചവടക്കാര്‍ 500 സ്വീകരിക്കാതെ മത്സ്യം നല്‍കി കടം നല്‍കുന്നു. വ്യാഴാഴ്ച നിശ്ചലാവസ്ഥയിലായിരുന്ന ഇറച്ചിവിപണിയില്‍ വെള്ളിയാഴ്ച ചെറിയ ചലനമുണ്ട്. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള ഇറച്ചിക്കോഴി വരവ് കുറഞ്ഞു.

നിര്‍മാണ മേഖല
നിര്‍മാണ മേഖലയില്‍ സ്തംഭനാവസ്ഥ തുടരുന്നു. നിര്‍മാണ സാമഗ്രികളത്തെിക്കല്‍ തടസ്സപ്പെട്ടു. കൂലി നല്‍കുന്നതിനടക്കം ചില്ലറയില്ലാത്തതിനാല്‍ മിക്ക സൈറ്റുകളും പ്രവൃത്തി നിര്‍ത്തിവെച്ചു. ഹോളോബ്രിക്സ് നിര്‍മാണ കേന്ദ്രങ്ങള്‍, തടിയുല്‍പന്ന ശാലകള്‍, ക്വാറികള്‍, അലൂമിനിയം ഫാബ്രിക്കേഷന്‍ മേഖല എന്നിവിടങ്ങളിലും നോട്ടുനിയന്ത്രണം ബാധിച്ചു. സിമന്‍റ് വ്യാപാരവും സ്തംഭനാവസ്ഥയിലാണ്. നോട്ടുക്ഷാമം ഇതര സംസ്ഥാനതൊഴിലാളികളെയും ബാധിച്ചു. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള 65 ശതമാനം പേരും നിര്‍മാണ മേഖലയിലാണ് പണിയെടുക്കുന്നത്. 

സ്വര്‍ണവ്യാപാരം
സ്വര്‍ണവ്യാപാരത്തില്‍ ഇടിവ്. കച്ചവടം നാമമാത്രം. അതേസമയം, എ.ടി.എം കാര്‍ഡുകളുമായത്തെിയുള്ള വില്‍പനക്ക് പരിക്കേറ്റിട്ടില്ല. ചെക്കുമായത്തെി സ്വര്‍ണം വാങ്ങുന്നവരുമുണ്ട്. എങ്കിലും മുന്‍ ആഴ്ചയെ അപേക്ഷിച്ച് 40 ശതമാനം മുതല്‍ 75 ശതമാനം വരെ വില്‍പന കുറഞ്ഞതായാണ് കണക്ക്. വിവാഹ ആവശ്യങ്ങള്‍ക്ക് സ്വര്‍ണത്തിന് നോട്ട് സ്വരുക്കൂട്ടി വെച്ചവരാണ് കുടുങ്ങിയത്. അഡ്വാന്‍സ് നല്‍കി ബുക്ക് ചെയ്തിരുന്നവര്‍ക്ക് കടത്തിന് സ്വര്‍ണം നല്‍കുന്നുണ്ട്. വ്യാഴാഴ്ച അടഞ്ഞുകിടന്ന ചെറുകിട സ്വര്‍ണ വിപണന കേന്ദ്രങ്ങള്‍ തുറന്നെങ്കിലും കച്ചവടം കുറവായിരുന്നു. 

സഹകരണബാങ്കുകള്‍
സ്വര്‍ണപ്പണയം, വായ്പ അടവ്, ചിട്ടി തുടങ്ങിയവ നടക്കാത്തതിനാല്‍ സഹകരണബാങ്കുകളുടെയും പ്രവര്‍ത്തനം നിശ്ചലമാണ്. പിന്‍വലിച്ച നോട്ടുകള്‍ ഒഴിവാക്കി ഏതാനും  ഇടപാടുകള്‍ മാത്രമാണ് വെള്ളിയാഴ്ചയും നടന്നത്. ഇടപാട് നടത്താന്‍പോലും പലയിടത്തും പണമുണ്ടായിരുന്നില്ല. ചില സഹകരണ ബാങ്കുകള്‍  500, 1000 രൂപ നോട്ടുകളുമായി വ്യായ്പാ തിരിച്ചടവിനത്തെിയവരോട് ആദ്യദിനം തന്നെ കൈമലര്‍ത്തിയിരുന്നു. ദിവസം കൂടുന്നതോടെ പലിശയും കൂടുമെന്നതിനാല്‍ ആശങ്കയിലാണ് ഇടപാടുകാര്‍. 

റെയില്‍വേ/കെ.എസ്.ആര്‍.ടി.സി
എ.ടി.എമ്മുകള്‍ ഭാഗികമായി തുറന്നതോടെയും എസ്.ബി.ടിയില്‍നിന്ന് ആവശ്യത്തിന് ചില്ലറ ലഭ്യമായതോടെയും റെയില്‍വേയില്‍ ചില്ലറ പ്രശ്നം കാര്യമായുണ്ടായില്ല. 500,1000 നോട്ട് സ്വീകരിക്കുന്ന റെയില്‍വേ വെള്ളിയാഴ്ച അര്‍ധരാത്രിയോടെ നിര്‍ത്തിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയില്‍ ചില്ലറക്ഷാമം രൂക്ഷമാണ്. 10ന് അര്‍ധരാത്രി മുതല്‍ കെ.എസ്.ആര്‍.ടി.സി അസാധു നോട്ടെടുപ്പ് അവസാനിപ്പിച്ചിരുന്നു. 

പാല്‍വിപണി
വീട്ടാവശ്യത്തിന് പാല്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി. പാല്‍ സൊസൈറ്റികളില്‍ ചില്ലറയില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. മിക്ക സംഘത്തിലും ശനിയാഴ്ചകളിലാണ് ക്ഷീരകര്‍ഷകര്‍ക്ക് പാല്‍വില നല്‍കുന്നത്. ബാങ്കുകളുടെ പ്രവര്‍ത്തനം ഭാഗികമായി അനിശ്ചിതത്വത്തിലായത് സംഘങ്ങളെ ബാധിക്കാനും ഇടയുണ്ട്. 

പൊതുവ്യാപാരകേന്ദ്രങ്ങള്‍/പലചരക്ക് കടകള്‍/ഹോട്ടലുകള്‍
മൊത്ത-ചെറുകിട കമ്പോളങ്ങള്‍ ആളൊഴിഞ്ഞ നിലയില്‍. വ്യാപാരത്തില്‍ ഇടിവ്. ചിലയിടങ്ങളില്‍ ഗത്യന്തരമില്ലാതെ 500 രൂപയുടെ നോട്ട് സ്വീകരിച്ച് തുടങ്ങിയെങ്കിലും ചില്ലറ വെല്ലുവിളിയായതോടെ നിര്‍ത്തിവെച്ചു. ഗ്രാമങ്ങളില്‍ കച്ചവടം കുറഞ്ഞതോടെയാണ് ബാങ്കില്‍ നിക്ഷേപിക്കാനാവുമെന്ന പ്രതീക്ഷയില്‍ 500ന്‍െറ നോട്ട് വാങ്ങിത്തുടങ്ങിയത്. അസാധു നോട്ടുകള്‍ സ്വീകരിക്കാതിരുന്നതിനാല്‍ വ്യാഴാഴ്ച 70 ശതമാനം വരെ കച്ചവടം കുറഞ്ഞിരുന്നു. എന്നാല്‍, നോട്ട് സ്വീകരിച്ചതോടെ വെള്ളിയാഴ്ച വ്യാപാരമാന്ദ്യം കുറഞ്ഞിട്ടുണ്ട്. ഗ്രാമങ്ങളിലെ കടകളില്‍ സാധനങ്ങള്‍ കടം നല്‍കുന്നുണ്ട്. ഹോട്ടലുകളില്‍ ചില്ലറക്ഷാമം രൂക്ഷമാണ്. ചെറുകിട ടെക്സ്റ്റൈല്‍ ഷോറൂമിലും 500ന്‍െറ നോട്ട് സ്വീകരിക്കുന്നുണ്ട്. മലഞ്ചരക്ക് വിപണികളില്‍ സാധനങ്ങള്‍ കൊണ്ടുവന്നവര്‍ക്ക് പണം നല്‍കാന്‍ നോട്ടില്ലാതെ വന്നതിനാല്‍ ബില്ല് നല്‍കി അയച്ചു. 

Tags:    
News Summary - rupee ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.