മൂന്നാർ: പാർട്ടിയിൽനിന്ന് പുറത്താക്കിയാലും മരിക്കുന്നതുവരെ താൻ സി.പി.എമ്മുകാരൻ തന്നെയായിരിക്കുമെന്ന് മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. താൻ പാർട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്നും സി.പി.െഎയിൽ ചേരുമെന്നുമുള്ള വാർത്തകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാൽപത്തിലധികം വർഷം പ്രവർത്തിച്ച തന്റെ പാർട്ടിയാണ് ജീവൻ. ഇത്രയും കാലം ആത്മാർഥമായി തന്നെയാണ് പ്രവർത്തിച്ചത്. തന്നെ പുറത്താക്കാനും നിലനിർത്താനുമുള്ള അധികാരം പാർട്ടിക്കാണ്.
പുറത്താക്കിയാലും സി.പി.എം അനുഭാവിയായി തുടരാനാണ് തീരുമാനം. തനിക്കെതിരെ ജില്ല കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിന്മേൽ എന്തുനടപടി വരുമെന്നതിനെക്കുറിച്ച് ആശങ്കയില്ല. തനിക്കെതിരെ പ്രതികരിക്കുന്നവരോട് പരാതിയുമില്ല. പാർട്ടിയിൽ അനുഭവിച്ച അവഗണനക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. പാർട്ടി തീരുമാനിച്ചാൽ പുറത്താക്കുമെന്ന് ഉറപ്പാണ്. സി.പി.ഐ അടക്കമുള്ള ഒരു പാർട്ടിയിലേക്കും പോകാൻ ഉദ്ദേശ്യമില്ല. ആരും ക്ഷണിച്ചിട്ടുമില്ല. തനിക്ക് പറയാനുള്ളത് പാർട്ടിയുടെ ജില്ല സെക്രട്ടറി മുതൽ കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കുവരെ എഴുതി നൽകിയിട്ടുണ്ട്. തീരുമാനം തനിക്ക് എതിരാണെങ്കിൽ അപ്പീൽ പോകുമെന്നും രാജേന്ദ്രൻ സൂചിപ്പിച്ചു.
മനഃപൂർവം പുറത്താക്കില്ല –ജില്ല സെക്രട്ടറി
ഇടുക്കി: പാർട്ടിയിൽനിന്ന് ആരെയും മനഃപൂർവം പുറത്താക്കില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ. രാജേന്ദ്രനെ പുറത്താക്കാൻ സംസ്ഥാന കമ്മിറ്റിയോട് ശിപാർശ ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജേന്ദ്രനെ പുറത്താക്കുന്ന കാര്യം ജില്ല കമ്മിറ്റി ചർച്ച ചെയ്തിട്ടില്ല. സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനമെടുക്കുകയെന്നും ജയചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.