തൊടുപുഴ: മൂന്ന് തവണ ദേവികുളം എം.എൽ.എയായിരുന്ന എസ്. രാജേന്ദ്രൻ സി.പി.എമ്മിൽനിന്ന് പുറത്തേക്കെന്ന് സൂചന. ജില്ലയിലെ പാർട്ടിയുടെ മുതിർന്ന നേതാവും മുൻ മന്ത്രിയും സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗവുമായ എം.എം. മണി ഏതാനും ആഴ്ചകളായി പാർട്ടി സമ്മേളന വേദികളിൽ രാജേന്ദ്രനെതിരെ നടത്തുന്ന കടന്നാക്രമണം അദ്ദേഹത്തിന് പുറത്തേക്കുള്ള വഴിയൊരുക്കലാണെന്ന് വിലയിരുത്തപ്പെടുന്നു. പുറത്തുപോയാൽ രാജേന്ദ്രൻ സി.പി.െഎയിൽ ചേരുമെന്നാണ് അറിയുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിൽ ദേവികുളത്ത് സി.പി.എം സ്ഥാനാർഥിയായിരുന്ന അഡ്വ. എ. രാജയെ തോൽപ്പിക്കാൻ രാജേന്ദ്രൻ ശ്രമിച്ചെന്ന ആരോപണത്തിൽ ജില്ല കമ്മിറ്റി അന്വേഷണ കമീഷനെ നിയോഗിച്ചതുമുതലാണ് പാർട്ടിയും രാജേന്ദ്രനും അകന്നത്. കമീഷൻ റിപ്പോർട്ടിൽ തീരുമാനമാകും മുേമ്പ എം.എം. മണി കിട്ടുന്ന വേദികളിലെല്ലാം രാജേന്ദ്രനെതിരെ കടുത്ത വിമർശനമാണ് ഉയർത്തിയത്. രാജേന്ദ്രനെ ജാതിയുടെ ആളായി ചിത്രീകരിച്ച് ഒറ്റതിരിഞ്ഞ് ആക്രമിക്കുകയായിരുന്നു.
പതിനഞ്ച് വർഷം എം.എൽ.എയാക്കിയ പാർട്ടിക്ക് വിരുദ്ധമായി ഇപ്പോൾ പ്രവർത്തിക്കുന്ന രാജേന്ദ്രനെ ഇനി ചുമക്കാനാവില്ലെന്നും പുറത്താക്കുമെന്നും ചൊവ്വാഴ്ച മറയൂർ ഏരിയ സമ്മേളനത്തിൽ മണി തുറന്നടിച്ചു. രാഷ്ട്രീയ ബോധം തെറ്റിപ്പോയ രാജേന്ദ്രന് ഇനി സി.പി.എമ്മിൽ തുടരാനാവില്ലെന്നും മണി പറഞ്ഞു. എന്നാൽ, പാർട്ടിക്ക് വേണ്ടെങ്കിൽ തന്നെ പുറത്താക്കെട്ട എന്ന നിലപാടിലാണ് രാജേന്ദ്രൻ. 40 വർഷം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച തന്നെ ജാതിയുടെ ആളായി ചിത്രീകരിച്ച് ഉപദ്രവിക്കുന്നത് നിർത്തണമെന്നാണ് അദ്ദേഹം പറയുന്നത്.
തനിക്കെതിരായ ചിലരുടെ ആസൂത്രിത നീക്കത്തെക്കുറിച്ച് ജില്ല കമ്മിറ്റിക്ക് നൽകിയ കത്ത് പരിഗണിക്കാത്തതിലും എം.എം. മണിയുടെ പരസ്യ വിമർശനങ്ങളിലും അദ്ദേഹം അങ്ങേയറ്റം അസംതൃപ്തനാണ്. രാജേന്ദ്രനെ പുറത്താക്കാൻ പാർട്ടി തീരുമാനിച്ചതിെൻറ പരസ്യപ്രഖ്യാപനമായാണ് മണിയുടെ പ്രസംഗത്തെ കാണുന്നത്.
എന്നാൽ, പുറത്താക്കിയാൽ പാർട്ടി വേദികളിൽ അക്കാര്യം വിശദീകരിക്കൽ വലിയ ബാധ്യതയാകുമെന്നതിനാൽ പുകച്ചുപുറത്തുചാടിക്കുക എന്ന തന്ത്രമാണ് പാർട്ടി നേതൃത്വം സ്വീകരിച്ചിട്ടുള്ളത്. എം.എം. മണിയുടെ നിരന്തര ആക്രമണം ഇതിെൻറ സൂചനയാണ്. അവസാനം വരെ സി.പി.എമ്മിനൊപ്പം നിൽക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞതിന് പിന്നാലെ സി.പി.െഎ മോശം പാർട്ടിയല്ലെന്നും രാജേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. സി.പി.െഎയിലേക്ക് പോകാനുള്ള താൽപര്യം ചില അടുപ്പക്കാരോട് അദ്ദേഹം പങ്കുവെച്ചതായും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.