ഇടുക്കി: തനിക്കെതിരെ ഉണ്ടായ പാർട്ടി നടപടിക്കെതിരെ പരസ്യ പ്രതികരണവുമായി ദേവികുളം മുൻ എം.എൽ.എ എസ് രാജേന്ദ്രന്‍. തനിക്കെതിരായ പാര്‍ട്ടി കമീഷന്‍ കണ്ടെത്തല്‍ ശരിയല്ല. ജാതീയമായ വേര്‍തിരിവ് ഉണ്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല. പാര്‍ട്ടി തന്നെയാണ് ജാതി നോക്കി സ്ഥാനാർഥിയെ വെച്ചതെന്നും എസ്. രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി പ്രവർത്തനം നിർത്തുകയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. സി.പി.ഐയിലേക്കോ ബി.ജെ.പിയിലേക്കോ ഒന്നും താനില്ല. രാഷ്ട്രീയ പ്രവർത്തനം തന്നെ നിർത്തുകയാണ്.ഏഴെട്ടുമാസമായി രാഷ്ട്രീയ പ്രവർത്തനങ്ങളില്ല. പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാൻ ചിലര്‍ കാലങ്ങളായി ശ്രമിച്ചിരുന്നെന്നും രാജേന്ദ്രന്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനങ്ങൾക്കെതിരെ രാജേന്ദ്രന്‍ പ്രവര്‍ത്തിച്ചതായി പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമീഷന്‍ കണ്ടെത്തിയെന്ന് പാർട്ടി പുറത്തിക്ക വാർത്തക്കുറിപ്പിൽ വിശദീകരിച്ചിരുന്നു. രാജേന്ദ്രന്‍ പാര്‍ട്ടി തീരുമാനത്തെ വെല്ലുവിളിച്ച് വ്യക്തിതാല്‍പര്യം മുന്‍നിര്‍ത്തി നിലപാടെടുക്കുകയും എൽ.ഡി.എഫ് സ്ഥാനാർഥിയായ എ. രാജയെ തോല്‍പിക്കാൻ ആസൂത്രിത നീക്കം നടത്തുകയുമുണ്ടായെന്നാണ് പ്രധാന ആരോപണം.
യു.ഡി.എഫ് സ്ഥാനാർഥി മദ്രാസ് പറയനാണെന്നും എൽ.ഡി.എഫ് സ്ഥാനാർഥി തിരുനെല്‍വേലി പറയനാണെന്നും പ്രചരിപ്പിച്ചു. രാജേന്ദ്രൻ പങ്കെടുത്ത ചുരുക്കം കുടുംബയോഗങ്ങളിൽ എ. രാജയുടെ പേര് പറയാതിരിക്കാൻ ശ്രദ്ധിച്ചു. രാജക്ക് വോട്ട് ചെയ്യരുതെന്ന് അടുപ്പമുള്ള പ്രവര്‍ത്തകരോട് പറഞ്ഞു. മൂന്നാറില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചില്ലെന്നും മൈക്ക് തട്ടിപ്പറിച്ചെന്നും നുണക്കഥ പ്രചരിപ്പിച്ചു. പെട്ടിമുടി ദുരന്തസ്ഥലം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എത്തിയപ്പോള്‍ മൂന്നാറിലുണ്ടായിട്ടും സ്ഥലം എം.എൽ.എയായ രാജേന്ദ്രന്‍ എത്തിയില്ല എന്നീ കാര്യങ്ങളാണ് വാർത്താക്കുറിപ്പിൽ പറയുന്നത്.
പാര്‍ട്ടി കമീഷന്‍റെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ രാജേന്ദ്രനോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.