തിരുവനന്തപുരം: ശബരിമലയിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ വിളിച്ച സർവകക്ഷിയേ ാഗം പരാജയം. സ്ത്രീ പ്രവേശന വിഷയത്തിൽ പുനഃപരിശോധന ഹരജി പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ച സാഹചര്യത്തിലാണ് മണ്ഡലകാലത്തിനായി നട തുറക്കുന്നതിെൻറ തലേന്ന് മുഖ്യമന്ത്രി യോഗം വിളിച്ചത്. സർക്കാറും പ്രതിപക്ഷവും നിലപാടുകളിൽ ഉറച്ചുനിന്നതോടെയാണ് തീരുമാനമാകാതെ പിരിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയെൻറ മറുപടി പ്രസംഗത്തിൽ തൃപ്തരാകാതെ പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചു.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആദ്യമായാണ് സർവകക്ഷി യോഗം ചേർന്നത്. ഇതുവരെ സ്വീകരിച്ച നടപടികളും സുപ്രീംകോടതി വിധിയും അടക്കം കാര്യങ്ങൾ ആമുഖ പ്രസംഗത്തിൽ മുഖ്യമന്ത്രി വിവരിച്ചു. തുടർന്ന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിവിധ കക്ഷി നേതാക്കൾ എന്നിവർ സംസാരിച്ചു. പുനഃപരിശോധന ഹരജികൾ ജനുവരി 22ന് പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ച സാഹചര്യത്തിൽ അതുവരെ സ്ത്രീ പ്രവേശനം നിർത്തിവെക്കണമെന്ന നിർദേശമാണ് പ്രധാനമായും ഉയർന്നത്.
ഒാർഡിനൻസ് ഇറക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന അഭിപ്രായവും വന്നു. എന്നാൽ, ഇതൊക്കെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി തള്ളി. നിയമവാഴ്ച അംഗീകരിക്കുന്ന രാജ്യത്ത് സുപ്രീംകോടതി വിധി അംഗീകരിക്കാതിരിക്കാൻ കഴിയില്ലെന്നും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന കാരണം പറഞ്ഞ് സാവകാശ ഹരജി നൽകാൻ കഴിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിെന തുടർന്നാണ് യു.ഡി.എഫ് പ്രതിനിധികൾ ഇറങ്ങിപ്പോയത്. പിന്നാലെ ബി.ജെ.പിയും ബഹിഷ്കരിച്ചു.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, യു.ഡി.എഫ് സെക്രട്ടറി ജോണി നെല്ലൂർ, വിവിധ കക്ഷിനേതാക്കളായ ഡോ. എം.കെ. മുനീർ, പി.ജെ. ജോസഫ്, പി.എസ്. ശ്രീധരൻ പിള്ള, സി.കെ. നാണു, പി.സി. ജോർജ്, ഷിബു ബേബിജോൺ, കോവൂർ കുഞ്ഞുമോൻ, എം.കെ. കണ്ണൻ, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവർ സംബന്ധിച്ചു. നിയമമന്ത്രി എ.കെ. ബാലൻ എത്തിയില്ല.
വിശ്വാസികൾക്ക് സംരക്ഷണം നൽകും, വിധി നടപ്പാക്കാതിരിക്കാൻ കഴിയില്ല -മുഖ്യമന്ത്രി
തിരുവനന്തപുരം: സുപ്രീംകോടതി പറയുന്നത് നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്ന് സർവകക്ഷി യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. നിയമവാഴ്ച നിലനിൽക്കുന്ന നാടാണിത്. വിധി നടപ്പാക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. അതേസമയം, വിശ്വാസികൾക്കൊപ്പമാണ് സർക്കാർ. അവർക്ക് സംരക്ഷണം നൽകും.പ്രതിപക്ഷവും ബി.ജെ.പിയും സർവകക്ഷി യോഗത്തിൽ സംസാരിച്ചത് ഒരേ കാര്യമാണ്. സർക്കാർ മുൻവിധിയോടെ സമീപിച്ചെന്നാണ് ആേക്ഷപം.
അങ്ങനെയൊന്നില്ല. സുപ്രീംകോടതിവിധി നടപ്പാക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. ഇക്കാര്യത്തിൽ ദുർവാശിയില്ല. പുനഃപരിശോധന ഹരജികൾ പരിഗണിക്കുമെന്ന് പറഞ്ഞ സുപ്രീംകോടതി, നേരത്തേയുള്ള വിധി സ്റ്റേ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 1991മുതൽ ശബരിമല പ്രശ്നത്തിൽ കോടതി വിധികളുണ്ട്. അതൊക്കെ നടപ്പാക്കുന്നുമുണ്ട്. ഭരണഘടന മൂല്യങ്ങൾ, മൗലികാവകാശങ്ങൾ എന്നിവയൊന്നും ലംഘിക്കാൻ കഴിയില്ല -അദ്ദേഹം പറഞ്ഞു.
സർക്കാർ വിട്ടുവീഴ്ചക്ക് തയാറായില്ല -ചെന്നിത്തല
തിരുവനന്തപുരം: സുപ്രീംകോടതി പുനഃപരിശോധന ഹരജികൾ പരിഗണിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ അന്തിമവിധിവരെ സ്ത്രീ പ്രവേശനം നീട്ടിവെച്ച് മണ്ഡലകാലം സമാധാനമായി നടത്താനുള്ള അവസരം സർക്കാർ ഇല്ലാതാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ അവരുടെ മുൻനിലപാടിൽ ഉറച്ചുനിന്നു. മറുപടി പ്രസംഗത്തിലെങ്കിലും മുഖ്യമന്ത്രിയിൽനിന്ന് സമവായ സാധ്യത പ്രതീക്ഷിച്ചു. അതുണ്ടാകാത്ത സാഹചര്യത്തിലാണ് യോഗം ബഹിഷ്കരിച്ചത്. സംഘ്പരിവാർ-ബി.ജെ.പി ൈകയാങ്കളിക്ക് സർക്കാർ കൂട്ടുനിൽക്കുന്നെന്ന് അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.