കൊച്ചി: പമ്പാ മണപ്പുറത്ത് 19 ബലിത്തറകൾ അനുവദിക്കുന്നതിന് പുതിയ പട്ടിക തയാറാക്കണമെന്ന് ഹൈകോടതി. 19 ബലിത്തറകൾക്കും ഒരേ തുകയാണ് ഷോർട്ട് ലിസ്റ്റ് ചെയ്തവർ ഉൾപ്പെടെ പലരും ക്വോട്ട് ചെയ്തത് എന്നതിൽനിന്ന് ഇവർ തമ്മിൽ മുൻധാരണയുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം.
അഭിമുഖത്തിൽ 40 ശതമാനം മുതൽ മാർക്ക് നേടിയ 26 പുരോഹിതന്മാരും ഉൾപ്പെടുന്ന പട്ടിക വെള്ളിയാഴ്ചതന്നെ പ്രസിദ്ധീകരിക്കണം. തിങ്കളാഴ്ച രാവിലെ 11ന് തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ലേല നടപടികൾ പൂർത്തിയാക്കണം. പുതിയ പട്ടികയുടെ പകർപ്പും മറ്റു വിശദാംശങ്ങളും 26 പുരോഹിതർക്കും അയക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ദേവസ്വം കമീഷണർ, തന്ത്രി, ഫിനാൻസ് കമീഷണർ, ഡെപ്യൂട്ടി കമീഷണർ, തിരുവല്ലം ദേവസ്വത്തിലെ പുരോഹിതൻ എന്നിവരുൾപ്പെട്ടതാണ് ഇന്‍റർവ്യൂ ബോർഡ്. അഭിമുഖത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവരിൽ ഏറ്റവും കൂടുതൽ തുകക്ക് ലേലം കൊള്ളുന്നവർക്കാണ് ബലിത്തറ അനുവദിക്കുക. മണ്ഡല മകരവിളക്ക് കാലം തുടങ്ങുന്നതിന് മൂന്നാഴ്ച മുമ്പ് ലേലം പൂർത്തിയാക്കണമെന്നാണ് ചട്ടം.
മണ്ഡല മകരവിളക്ക് കാലത്ത് പല ദിവസങ്ങളിലും ഒരുലക്ഷത്തിലേറെ തീർഥാടകർ വരുമെന്നിരിക്കെ മണപ്പുറത്ത് ബലിതർപ്പണം നടത്താൻ മതിയായ സൗകര്യമൊരുക്കണമെന്ന് കോടതി നിർദേശിച്ചു. ബലിത്തറകൾ അനുവദിക്കുന്നത് സംബന്ധിച്ച് കോടതിയുടെ അനുമതിതേടി ഉടൻ അപേക്ഷ നൽകണം.
20 ബലിത്തറകളിൽ ഒന്ന് എസ്.ടി വിഭാഗത്തിന് സംവരണം ചെയ്തതാണ്. ബാക്കിയുള്ള 19 ബലിത്തറകൾക്ക് ഒരേ തുക വന്നതാണ് അപാകതയായി കോടതി വിലയിരുത്തിയത്. നിലക്കൽ, പമ്പാ, സന്നിധാനം എന്നിവിടങ്ങളിൽ തിരക്ക് നിയന്ത്രിക്കാനും കോടതി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.