പത്തനംതിട്ട: ശബരിമല തീർഥാടനം തുടങ്ങാൻ ഒരു മാസം മാത്രം അവശേഷിക്കെ ഒരുക്കം മന്ദഗ തിയിൽ. എല്ലാവരും സ്ത്രീ പ്രവേശന വിവാദങ്ങളുടെ പുറകെ ആയതോടെ നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്. പമ്പയുടെ പുനർനിർമാണം മുതൽ നിലക്കൽ ബേസ് ക്യാമ്പ് വരെയുള്ള ജോലികൾ ഉടൻ ചെയ്തു തീർക്കാനായില്ലെങ്കിൽ ഇത്തവണത്തെ തീർഥാടനം താളംതെറ്റും. തുലാമാസപൂജക്ക് 17ന് നട തുറക്കുേമ്പാൾ യുവതികൾ എത്തിയാൽ അതും ദേവസ്വം ബോർഡിന് വലിയ തലവേദന സൃഷ്ടിക്കും. ദേവസ്വം ബോർഡ് പ്രസിഡൻറും സർക്കാറും രണ്ട് നിലപാടിലായതോടെ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥർ. നിലക്കലിൽ അടിസ്ഥാന സൗകര്യം ഒന്നും ആയിട്ടില്ല. കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ വിപുലമായ ഗ്രൗണ്ട് ഒരുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പണി ആരംഭിച്ചിട്ടില്ല. പാർക്കിങ്ങിന് കൂടുതൽ സ്ഥലം കണ്ടെത്തുമെന്ന ദേവസ്വം ബോർഡ് പ്രസിഡൻറിെൻറ തീരുമാനവും നടപ്പായില്ല. 15,000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമേ ഇപ്പോഴുള്ളൂ. പുതിയ ശൗചാലയങ്ങളുടെ പണി തുടങ്ങിയിട്ടില്ല. നിലവിൽ 470 ശൗചാലയങ്ങൾ ആണുള്ളത്. മിക്കതും തകർന്നു കിടക്കുന്നു. പുതിയ 500 ശൗചാലയങ്ങൾ കൂടി സ്ഥാപിക്കുമെന്നാണ് നേരേത്ത പറഞ്ഞിരുന്നത്.
നിലക്കലിൽ ഇത്തവണ കുടിവെള്ളക്ഷാമം രൂക്ഷമാകാൻ സാധ്യതയുണ്ട്. നിലവിൽ 40 ലക്ഷം ലിറ്റർ വെള്ളം മാത്രമാണ് നിലക്കലിൽ സംഭരിക്കുന്നത്. 25 ലക്ഷം ലിറ്റർ വെള്ളം അധികം സംഭരിക്കാനുള്ള സൗകര്യം ഒരുക്കാൻ കഴിഞ്ഞ അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല. പമ്പ ത്രിവേണിയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇടക്ക് മുടങ്ങുന്നുമുണ്ട്. സ്നാനഘട്ടങ്ങളുടെ പണിയും മണ്ണ് നീക്കലും മന്ദഗതിയിലാണ്. പ്രളയത്തിൽ മണ്ണ് കയറിയ പമ്പ ഗവ. ആശുപത്രിയിലെ അറ്റകുറ്റപ്പണി മുടങ്ങിക്കിടക്കുന്നു. സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ്, കുടിവെള്ള വിതരണ കിയോസ്കുകൾ എന്നിവ തകർന്നു കിടക്കുകയാണ്. ശബരിമല പാതകളുടെ അറ്റകുറ്റപ്പണികളും ഇഴയുന്നു. തൽക്കാലം കുഴിയടക്കൽ മാത്രമാകും നടത്തുക. ഇതിെൻറ ടെൻഡർ നടപടി പൂർത്തിയാകുന്നതേയുള്ളു. ജില്ലയിലെ വിവിധ ഇടത്താവളങ്ങളുടെ സ്ഥിതിയും പരിതാപകരമാണ്. കഴിഞ്ഞ ദിവസമാണ് ഇടത്താവളങ്ങളിൽ സൗകര്യം ഒരുക്കാൻ തദ്ദേശ വകുപ്പ് ഫണ്ട് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.