പയ്യന്നൂർ (കണ്ണൂർ): രാമന്തളി കുരിശ് മുക്കിൽ നിയന്ത്രണംവിട്ട എയ്സ് പിക്അപ് വാൻ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറി മൂന്നുപേർക്ക് ദാരുണാന്ത്യം. രാമന്തളി കല്ലേറ്റും കടവിലെ പുതിയ വാണിയം വീട്ടിൽ ശോഭ (54), താഴെ വീട്ടിൽ യശോദ (68), ബി.പി. ശ്രീലേഖ (49) എന്നിവരാണ് മരിച്ചത്. മൂവരും കല്ലേറ്റുംകടവിൽ അടുത്തടുത്ത വീട്ടുകാരാണ്. തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം.
കുരിശ് മുക്കിൽ തൊഴിലുറപ്പ് ജോലിക്കെത്തിയ തൊഴിലാളികൾ ഓണപ്പറമ്പിൽ ഒത്തുചേർന്ന് ഗ്രൂപ്പ് ഫോട്ടോയെടുത്തതിന് ശേഷം രണ്ട് വിഭാഗമായി തിരിഞ്ഞാണ് ജോലിക്കായി പോയത്. അപകടത്തിനിരയായ മൂന്നുപേരും കുരിശ് മുക്കിൽ കഴിഞ്ഞ ദിവസം ബാക്കിവന്ന ജോലി പൂർത്തിയാക്കാൻ പയ്യന്നൂർ ഭാഗത്തേക്കുള്ള മെയിൻ റോഡിൽ വലതു ഭാഗത്തുകൂടി നടന്നുപോകുമ്പോഴാണ് പിറകിൽനിന്ന് വന്ന പിക്അപ് വാൻ ഇവരുടെ ഇടയിലേക്ക് പാഞ്ഞുകയറിയത്.
ശോഭ സംഭവ സ്ഥലത്തും യശോദ പയ്യന്നൂരിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. സാരമായി പരിക്കേറ്റ ശ്രീലേഖയെ സഹകരണ ആശുപത്രിയിൽ പ്രഥമ ചികിത്സക്കു ശേഷം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൂന്നു മൃതദേഹങ്ങളും ചൊവ്വാഴ്ച രാവിലെ നാട്ടിലെത്തിച്ച് പൊതുദർശനത്തിനു ശേഷം സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.