കാക്കനാട്: സൈബർ അറസ്റ്റ് ഭീഷണിയിലൂടെ വീട്ടമ്മയുടെ നാലുകോടിയിലധികം രൂപ തട്ടിയെടുത്തു. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്വദേശിനിയായ വീട്ടമ്മയുടെ പക്കൽനിന്നാണ് 4,11,90,094 രൂപ ഏഴ് തവണയായി തട്ടിയെടുത്തത്. വീട്ടമ്മയുടെ പേരിൽ ഡൽഹി ഐ.സി.ഐ.സി.ഐ ബാങ്കിൽ ആരോ വ്യാജ അക്കൗണ്ട് തുടങ്ങിയെന്നും ആ അക്കൗണ്ട് ഉപയോഗിച്ച് നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് കണ്ടെത്തി സന്ദീപ്കുമാർ എന്നയാൾ ഡൽഹി പൊലീസിൽ കേസ് നൽകിയെന്നുമാണ് ഫോൺ വഴി അറിയിപ്പ് ലഭിച്ചത്.
മനുഷ്യക്കടത്ത്, ലഹരിക്കടത്ത് എന്നിവ നടത്തിയ തുക കൈമാറിയത് ഈ അക്കൗണ്ടിലൂടെയാണെന്നതിനാലാണ് കേസെന്നും തട്ടിപ്പുകാർ വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചു. കൂടാതെ, ഇവരുടെ പേരിൽ മറ്റ് അക്കൗണ്ടുകൾ പരിശോധിച്ച് വരുകയാണെന്നും ഇതെല്ലാം നിയമവിരുദ്ധമാണോയെന്ന് പൊലീസ് അന്വേഷണം നടത്തുകയാണെന്നും വിശ്വസിപ്പിച്ചു.
ഇതിന്റെ ഭാഗമായി വീട്ടമ്മയുടെ അക്കൗണ്ടുകളിലെ തുകയെല്ലാം പൊലീസിന് കൈമാറണമെന്നും കേസ് തീരുന്ന മുറക്ക് തിരിച്ചുനൽകാമെന്നും വാട്സ്ആപ്പിലൂടെ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയും വന്നതോടെ വീട്ടമ്മ തന്റെ മൂന്ന് അക്കൗണ്ടുകളിലെ തുക പലതവണയായി ഓൺലൈനിലൂടെ അയച്ച് നൽകുകയായിരുന്നു. തുക കൈമാറിയശേഷം പിന്നീട് ഇക്കൂട്ടരെ വിളിച്ചിട്ട് പ്രതികരണമൊന്നും ഇല്ലാത്തതിനാൽ തൃക്കാക്കര പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് തട്ടിപ്പായിരുന്നെന്ന് വീട്ടമ്മ അറിയുന്നത്. പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.