ശബരിമല: തീർഥാടനകാലത്ത് കാര്യങ്ങൾ നിർവഹിക്കാൻ ഹൈകോടതി പ്രത്യേക സമിതിയെ നിയോഗിച്ചതോടെ ദേവസ്വം ബോർഡ് നോക്കുകുത്തിയായി. ഇൗ മണ്ഡലകാലത്ത് ശബരിമലയുടെ പൂർണ അധികാരം മേൽനോട്ട സമിതിക്ക് നൽകിയാണ് കോടതി ഉത്തരവായിരിക്കുന്നത്. നിരീക്ഷകരിലൂടെ ശബരിമലയിലെ കാര്യങ്ങൾ പൂർണമായി ഹൈകോടതി നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. ബോർഡിെൻറയും സർക്കാറിെൻറയും വീഴ്ചകളാണ് ഇതിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. നിലവിൽ ബോർഡ് കൈക്കൊള്ളുന്ന ഏതു തീരുമാനം നടപ്പാക്കുന്നതിനും ഹൈകോടതിയുടെ അനുമതി ആവശ്യമായിരുന്നു.
അതിൽ ഒരുപടികൂടി കടന്ന് ശബരിമലയിൽ സർക്കാർ തലത്തിൽ എടുക്കുന്ന കാര്യങ്ങളിൽകൂടി ഹൈകോടതിയുടെ നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് നിരീക്ഷകരെ നിയോഗിച്ചുകൊണ്ടുള്ള വിധിയെന്ന് വിലയിരുത്തപ്പെടുന്നു. തെരഞ്ഞെടുക്കപ്പെട്ട ബോർഡിെൻറയും സർക്കാറിെൻറയും ഭരണപരമായ അവകാശങ്ങൾ കോടതി കവരുന്നത് വിമർശത്തിനും കാരണമാകുന്നു. ശബരിമലയിലെ മുഴുവൻ വകുപ്പുകളിലും സമിതിക്ക് ഇടപെടാമെന്നും തീരുമാനമെടുക്കാനുമുള്ള പൂർണ അധികാരമുണ്ടെന്നുമാണ് കോടതി ഉത്തരവിൽ പറയുന്നത്. നിയമവാഴ്ച ഉറപ്പാക്കുന്നതിനൊപ്പം സ്ഥിതിഗതികൾ സമിതി പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈകോടതിയുടെ നിർദേശങ്ങൾ സർക്കാർ നടപ്പാക്കുന്നില്ലെന്ന ആക്ഷേപങ്ങൾക്കിടെയാണ് കോടതി മേൽനോട്ട സമിതിയെ പ്രഖ്യാപിച്ചത്.
നിരീക്ഷണസമിതിക്ക് തത്സമയ തീരുമാനത്തിന് അധികാരം –ഹൈകോടതി
കൊച്ചി: നിരീക്ഷണസമിതിക്ക് ശബരിമലയിൽ സമ്പൂർണ മേൽനോട്ടത്തിനും ഒാരോ വിഷയത്തിലും തത്സമയ തീരുമാനമെടുക്കാനും അധികാരമുണ്ടെന്ന് ഹൈകോടതി. ദേവസ്വം ഒാംബുഡ്സ്മാൻ ജസ്റ്റിസ് പി.ആർ. രാമൻ, ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ ജസ്റ്റിസ് എസ്. സിരിജഗൻ, ഡി.ജി.പി എ. ഹേമചന്ദ്രൻ എന്നിവരെ നിരീക്ഷകരായി നിയമിച്ച് കഴിഞ്ഞദിവസം പുറപ്പെടുവിച്ച ഉത്തരവിലാണ് സമിതിയുടെ അധികാരം വ്യക്തമാക്കിയിട്ടുള്ളത്. വെള്ളിയാഴ്ച ഉത്തരവ് പുറത്തുവന്ന സാഹചര്യത്തിൽ മൂന്നംഗ സമിതിയുടെ ആദ്യയോഗം ഞായറാഴ്ച ഉച്ചക്ക് ആലുവ ഗെസ്റ്റ് ഹൗസിൽ നടക്കും. തീർഥാടനം സുഗമമാക്കാൻ നടപടി സ്വീകരിക്കേണ്ടത് സമിതിയാണ്.
ഹൈകോടതി ഉത്തരവും നടപ്പാക്കണം. പൊലീസ്, ദേവസ്വം, വനം, പൊതുമരാമത്ത് തുടങ്ങിയവയടക്കം വകുപ്പുകൾ അമിതാധികാരം വിനിയോഗിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കണം. ഇവക്കും ബന്ധപ്പെട്ട മറ്റുവകുപ്പുകൾക്കും നിർദേശം നൽകാനും അധികാരമുണ്ട്. ഭക്തരുടെയും മറ്റുള്ളവരുടെയും ഭാഗത്തുനിന്ന് അതിക്രമങ്ങൾ ഉണ്ടോയെന്ന് നിരീക്ഷിക്കണം. പരിഗണിക്കേണ്ട വിഷയങ്ങൾ ശബരിമല സ്പെഷൽ കമീഷണർ സമിതിയുടെ ശ്രദ്ധയിൽപെടുത്തണം. നിർദേശങ്ങളിൽ വ്യക്തത ആവശ്യമുണ്ടെങ്കിലും നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടായാലും ഹൈകോടതിയെ സമീപിക്കാം. പ്രവർത്തനങ്ങളുടെ ഏകോപന ചുമതല സ്പെഷൽ കമീഷണർക്കായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.