കോട്ടയം: ശബരിമലക്ക് പോകുന്ന മനിതി സംഘത്തിലെ യുവതികളെ ജില്ലയിൽ എവിടെയെങ്കിലും തടഞ്ഞാൽ ശക്തമായ നടപടിയെടുക്കുമെന്ന് പൊലീസ്. എന്നാൽ, കോട്ടയം വഴി യുവതികളെത്തു മെന്ന് ഇപ്പോഴും ഉറപ്പില്ലെന്നും അവർ ആവശ്യപ്പെട്ടാൽ സുരക്ഷ നൽകുമെന്നും ജില്ല പൊലീസ ് മേധാവി ഹരിശങ്കർ അറിയിച്ചു.
സംഘത്തിലെ ആരും ഇതുവരെ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. റെയിൽവേ സ്റ്റേഷനിൽ നാമംജപിച്ച് തടയാൻ ശബരിമല കർമസമിതി തീരുമാനിച്ച സാഹചര്യ ത്തിൽ പൊലീസ് കൂടുതൽ ജാഗ്രത പുലർത്തുമെന്നും അദ്ദേഹം പറഞ്ഞു. ട്രാക്കിൽ അറ്റകുറ്റപ്പ ണിമൂലം കോട്ടയം വഴി ട്രെയിനുകൾ ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ ഒന്നുവരെ ആലപ്പുഴ വഴ ിയാണ് പോകുക. ജില്ലയിൽ എവിടെയെങ്കിലും യുവതികളെ തടഞ്ഞാൽ ക്രമസമാധാനപ്രശ്നമായി കണ്ട് നടപടിയെടുക്കാൻ ഡിവൈ.എസ്.പിമാർക്ക് എസ്.പി നിർദേശം നൽകി.
ജില്ല അതിർത്തിവരെ യുവതികളെ സുരക്ഷിതമായി എത്തിക്കും. ഇതിനായി വനിത പൊലീസിനോടും ജാഗ്രത പുലർത്താൻ നിർദേശിച്ചു. യുവതികൾ പൊലീസിനെ സമീപിച്ചില്ലെങ്കിലും സുരക്ഷ ആവശ്യപ്പെട്ട് ജില്ലയിലെ സി.പി.ഐ.എം.എൽ നേതാവ് കഴിഞ്ഞദിവസം ജില്ല പൊലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു. കത്തിൽ പറയുന്ന നമ്പറിൽ പൊലീസ് വിളിച്ചെങ്കിലും യുവതികളെ ലഭിച്ചില്ല. തുടർന്ന് വാട്സ്ആപ്പിലൂടെ പൊലീസ് ബന്ധപ്പെട്ടപ്പോഴും പ്രതികരണമുണ്ടായില്ല. രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരങ്ങൾ മാത്രമാണ് പൊലീസിനുമുള്ളത്.
തീർഥാടകർ നിറഞ്ഞ് സന്നിധാനം
ശബരിമല/കോട്ടയം: മണ്ഡലപൂജക്ക് നാലു ദിവസംമാത്രം ശേഷിക്കെ തീർഥാടകർ നിറഞ്ഞ് സന്നിധാനം. മണ്ഡലപൂജക്ക് നവംബർ 16ന് നടതുറന്ന് ഡിസംബർ 20വരെ 19 ലക്ഷത്തോളം പേരാണ് ദർശനം നടത്തിയത്. 21ന് 97,384 പേർ ദർശനം നടത്തിയപ്പോൾ ശനിയാഴ്ച വൈകീട്ട് ഏഴുവരെ 82,017 ഭക്തർ ദർശനത്തിനെത്തി. ശനിയാഴ്ച പുലർച്ച മൂന്നിന് നിർമാല്യത്തിന് നടതുറന്നതു മുതൽ തിരക്കായിരുന്നു. നെയ്യഭിഷേകം അടക്കം വഴിപാടുകൾ നടത്താനും തിരക്കനുഭവപ്പെട്ടു.
ലക്ഷത്തിനടുത്ത് തീർഥാടകർ പ്രതിദിനം എത്തുമ്പോഴും നിലക്കൽ, പമ്പ എന്നിവിടങ്ങളിൽനിന്ന് തീർഥാടകരെ കടത്തിവിടാൻ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണം മൂലം വലിയ നടപ്പന്തലിൽ അടക്കം മണിക്കൂറുകൾ ക്യൂവിൽ കാത്തുനിന്ന് ദർശനം നടത്തേണ്ട അവസ്ഥയില്ല. ക്രിസ്മസ് പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധികൂടി ആയതോടെ മലയാളികൾ അടക്കമുള്ള തീർഥാടകരുടെ എണ്ണത്തിൽ വൻ വർധനയാണ് വരുംദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്. അതേസമയം, മനിതി സംഘടനയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിൽനിന്നുള്ള യുവതി സംഘം ശനിയാഴ്ച ശബരിമല ദർശനത്തിനെത്തുമെന്ന് അറിയിച്ച പശ്ചാത്തലത്തിൽ ശബരിമലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ശനിയാഴ്ച വൈകീട്ട് മുതൽ പമ്പയിലും സുരക്ഷ കൂട്ടി. കഴിഞ്ഞ ദിവസം ദർശനത്തിനെത്തിയ ട്രാൻസ്െജൻഡേഴ്സ് സംഘത്തിന് ഒരുക്കിയ മാതൃകയിലാകും പൊലീസ് ഇവർക്കും സുരക്ഷ ഒരുക്കുക. സന്നിധാനത്തിെൻറ ചുമതലയുള്ള ഐ.ജി ദിനേന്ദ്ര കശ്യപ് ഞായറാഴ്ച രാവിലെ സന്നിധാനത്ത് എത്തും. ഡി.ഐ.ജി കെ. സേതുരാമൻ, രണ്ട് പൊലീസ് സ്പെഷൽ ഓഫിസർമാർ എന്നിവരുടെ നേതൃത്വത്തിലാകും സുരക്ഷ. 1500 പൊലീസ് ഉദ്യോഗസ്ഥരാണ് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ളത്.
എരുമേലിയിലും തീർഥാടക തിരക്കേറി. ഇൗ സീസണിലെ ഏറ്റവും വലിയ തിരക്കാണ് ഇപ്പോൾ. രണ്ടുദിവസമായി എരുമേലി വഴി മലചവിട്ടാനെത്തുന്നവർ വർധിക്കുകയാണ്. എന്നാൽ, പേരുത്തോട്-കാളകെട്ടി വഴിയുള്ള പരമ്പരാഗത കാനനപാതയിൽ കാര്യമായ തിരക്കില്ല. പെരിയാർ-സത്രം വഴിയും തിരക്കില്ലെന്ന് പൊലീസ് അറിയിച്ചു. അതിനിടെ എരുമേലിയിൽ തീർഥാടകർക്ക് അടിസ്ഥാന സൗകര്യം വർധിപ്പിച്ചിട്ടില്ലെന്ന പരാതിയും വ്യാപകമാണ്. എരുമേലിയിൽ ജലക്ഷാമവുമുണ്ട്. പുഴകളും തോടുകളും മാലിന്യം നിറഞ്ഞു. ക്ഷേത്ര കുളിക്കടവിലും വെള്ളമില്ല. തോട്ടിൽ മാലിന്യം നിറഞ്ഞതോടെ ഒഴുക്കും നിലച്ചു.
അതിനിടെ, എരുമേലിയിലും വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. ഇൗ സീസണിലെ ഏറ്റവും വലിയ തിരക്കാണ് ഇപ്പോൾ. രണ്ടുദിവസമായി എരുമേലി വഴി മലചവിട്ടാനെത്തുന്നവർ വർധിക്കുകയാണ്. എന്നാൽ, പരമ്പരാഗത കാനനപാതയിൽ തിരക്കില്ല. പെരിയാർ-സത്രം വഴിയും തിരക്കില്ല. ഏറെ പേരും വാഹനങ്ങളിലാണ് സന്നിധാനത്തേക്ക് പോകുന്നത്. കൂടുതൽ കെ.എസ്.ആർ.ടി.സി ബസ് ഒാടുന്നുണ്ട്. റെയിൽവേ സ്റ്റേഷനിൽനിന്നുള്ള സർവിസും വർധിച്ചു. തമിഴ്നാട്, ആന്ധ്രക്കാരാണ് തീർഥാടകരിൽ കൂടുതലെങ്കിലും. അവധിദിനങ്ങൾ വരുന്നതിനാൽ മലയാളി തീർഥാടകരുടെ എണ്ണം ഇനി വർധിക്കും.ഞായറാഴ്ചയും അടുത്ത ദിവസങ്ങളിലും മനിതിയുടെ നേതൃത്വത്തിൽ യുവതികൾ എരുമേലിയിലും സന്നിധാനത്തും എത്തുമെന്ന മുന്നറിയിപ്പ് നിലനിക്കുന്നതിനാൽ തീർഥാടകരുടെ വരവിനെ ബാധിക്കുമോയെന്ന ആശങ്ക ദേവസ്വം ബോർഡിനുണ്ട്. അതിനിടെ തീർഥാടകർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചിട്ടില്ലെന്ന പരാതിയും വ്യാപകമാണ്.
ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 17 പേർക്ക് പരിക്ക്
പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച മിനിബസ് ളാഹ ചെറിയവളവിൽ നിയന്ത്രണംവിട്ട് മറിഞ്ഞ് 17 പേർക്ക് പരിക്ക്. ചെന്നൈ സോക്കാർപേട്ട സ്വദേശികളാണ് എല്ലാവരും. ദർശനം കഴിഞ്ഞ് മടങ്ങിവരുമ്പോൾ ശനിയാഴ്ച വൈകീട്ട് 5.15നായിരുന്നു അപകടം. തീർഥാടകർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. 19 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പ്രദേശവാസികളും പൊലീസും രക്ഷാപ്രവർത്തനം നടത്തി. ഗുരുതര പരിക്കേറ്റ നാലുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനത്തിലുണ്ടായിരുന്ന സൈമൺ, കാർത്തിക് എന്നിവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.