ശബരിമല തീര്‍ഥാടനം കേരളത്തിന്റെ അഭിമാനമെന്ന് കെ. രാധാകൃഷ്ണന്‍

തിരുവനന്തപുരം :ശബരിമല തീര്‍ഥാടനം കേരളത്തിന്റെ അഭിമാനമാണെന്നും തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കുന്നതിന് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി കെ. രാധാകൃഷ്ണന്‍. ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പമ്പയിലെ ശ്രീരാമസാകേതം കോണ്‍ഫറന്‍സ്ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീര്‍ഥാടന തയാറെടുപ്പുമായി ബന്ധപ്പെട്ട് ഓരോ വകുപ്പുകളും തങ്ങളുടെ ന്യൂനതകള്‍ കണ്ടെത്തി സ്വയം പരിഹരിക്കുന്ന സ്ഥിതിയുണ്ടാവണം. ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോഴല്ല വകുപ്പുകള്‍ ന്യൂനതകണ്ടെത്തേണ്ടത്. ഓരോ വകുപ്പുകളും സ്വയം ന്യൂനതകള്‍ കണ്ടെത്തി പരിഹരിക്കണം. വലിയ ജനത്തിരക്കാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. കൂടുതല്‍ തീഥാടകര്‍ക്കായി വിപുലമായ സൗകര്യമൊരുക്കും. ഭക്തന്മാര്‍ക്ക് ആവശ്യമായ സംരക്ഷണം, ആരോഗ്യപരിപാലനം തുടങ്ങിയവ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. വകുപ്പുതല കോ-ഓര്‍ഡിനേഷനായി ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിക്കും.

സൗജന്യ കുടിവെള്ള വിതരണം, എക്കോ ഷോപ്പുകള്‍ എന്നിവ ആരംഭിക്കും. വന്യ ജീവികളുടെ ആക്രമണം തടയുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ സ്ഥാപിക്കും. എലിഫന്റ് സ്‌ക്വാഡ്, സ്‌നേക് സ്‌ക്വാഡ് എന്നീ ടീമുകളെ നിയോഗിക്കും. നവംബര്‍ അഞ്ചോടു കൂടി പരമ്പരാഗത പാത സഞ്ചാരയോഗ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

എം എൽ എ മാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ.യു.ജനീഷ് കുമാര്‍, അഡ്വ.പ്രമോദ് നാരായണൻ, പത്തനംതിട്ട കലക്ടർ ദിവ്യ.എസ് അയ്യർ, ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ബിജു, എ.ഡി.ജി.പി എം.ആര്‍ അജിത്ത്കുമാര്‍, കോട്ടയം കലക്ടര്‍ ഡോ. പി.കെ. ജയശ്രീ, ഇടുക്കി ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ്, ദേവസ്വം ബോര്‍ഡ് അംഗം പി.എം. തങ്കപ്പന്‍, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്, ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ്, തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ ബി.എസ്. പ്രകാശ് വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Sabarimala pilgrimage is the pride of Kerala. Radhakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.