ശബരിമല: ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകരെ വട്ടം കറക്കി ബിഎസ്എൻഎൽ -സ്വകാര്യ ടെലികോം കമ്പനികൾ. അതിവേഗ ഇൻറർനെറ്റ് വാഗ്ദാനം ചെയ്യുന്ന ജിയോ അടക്കമുള്ള സ്വകാര്യ കമ്പനികളുടെ ശബരിമലയിലെ സേവനം ഏറെ പരിതാപകരമാണ്.
ശബരിമലയിൽ മാത്രം രണ്ട് എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്ന ബി.എസ്.എൻ.എല്ലിന്റെ ത്രീജി സംവിധാനവും വൈഫെ സംവിധാനവും പരിമിതമെന്ന് പരാതി ഉയരുന്നുണ്ട്. സ്വകാര്യ കമ്പനികളുടേതടക്കം വൈഫൈ സംവിധാനത്തിന് വേഗത വളരെ കുറവാണ്. കൂടാതെ ഇടയ്ക്കിടയ്ക്ക് നെറ്റ് കട്ടാവുന്നുമുണ്ട്.
ബി.എസ്.എൻ.എലും സ്വകാര്യ കമ്പനികളായ ജിയോ, എയർടെൽ, വോഡഫോൺ എന്നിവ സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറ് ടവറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ടവറുകളുടെ ശേഷിക്കുറവ് മൂലം കോൾ പോലും വിളിക്കാൻ ആവാതെ ഉപഭോക്താക്കൾ വലയുകയാണ്. നിലയ്ക്കൽ - പമ്പ പാതയിലും പലയിടത്തും മൊബെൽ കവറേജ് ലഭ്യമല്ല.
ശബരിമലയിൽ ദേവസ്വം ബോർഡിൻ്റെ പല സംവിധാനങ്ങളും ഡിജിറ്റലാക്കിയിരിക്കുകയാണ്. ഇവയെല്ലാം തന്നെ ബി.എസ്.എൻ.എൽ വൈഫൈയെ ആശ്രയിച്ചാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. അപ്പം, അരവണ കൗണ്ടറുകൾ രണ്ട് ബാങ്കുകളുടെ സഹായത്തോടെ ഡിജിറ്റൽ പേമെന്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അന്നദാനം, ഡൊണേഷൻ, ഇ - കാണിക്ക എന്നിവയ്ക്ക് ക്യൂ.ആർ കോഡ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. വഴിപാട് ബുക്കിംഗ് കൗണ്ടറുകൾ കമ്പ്യൂട്ടർവല്ക്കരിക്കുകയും ചെയ്തു. ഇൻറർനെറ്റ് തടസ്സപ്പെടുന്നതോടെ ഇവയെല്ലാം താളം തെറ്റുന്ന സ്ഥിതിയാണ്.
വഴിപാട് ബുക്കിങ് കൗണ്ടറുകളിൽ ബുക്കിങ് സ്റ്റേറ്റ്മെൻറ് എടുക്കാൻ കഴിയാത്ത അവസ്ഥയും ഇതുമൂലം നിലനിൽക്കുന്നുണ്ട്. കൂടാതെ സന്നിധാനത്തെ എ.ടി.എം കൗണ്ടറുകളുടെ പ്രവർത്തനത്തെയും ഇൻറർനെറ്റ് വേഗക്കുറവ് പ്രതികൂലമായി ബാധിക്കുന്നുണ്ട്.
മണ്ഡല പൂജയോട് അനുബന്ധിച്ച് വരുംദിവസങ്ങളിൽ സന്നിധാനത്ത് തീർത്ഥാടക തിരക്ക് വർധിക്കാനാണ് സാധ്യത. അതിന് മുമ്പായി ടവറുകളുടെ ശേഷി വർധിപ്പിക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കാൻ മൊബൈൽ സേവന ദാതാക്കൾ തയ്യാറായില്ലെങ്കിൽ തീർഥാടകർ വലിയ ബുദ്ധിമുട്ട് നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.