തിരുവനന്തപുരം: ഓൺലൈൻ ബുക്കിങ്ങിലൂടെ മാത്രമാകും ശബരിമലയിൽ ദർശനമെന്ന് സർക്കാറും ദേവസ്വം ബോർഡും ആവർത്തിക്കുമ്പോഴും ഓൺലൈൻ ബുക്കിങ് നടത്താൻ സാധിക്കാതെയോ അതേക്കുറിച്ച് അറിയാതെയോ ഇതരസംസ്ഥാനങ്ങളിൽനിന്നടക്കം വരുന്നവർക്കായി ദർശന സൗകര്യങ്ങൾ ഒരുക്കാനുള്ള സംവിധാനങ്ങൾ (പ്ലാൻ ബി) ദേവസ്വം ബോർഡ് ആലോചിക്കുന്നു. ദർശനം ഓൺലൈൻ ആക്കുമ്പോഴും സ്പോട്ട് ബുക്കിങ് പൂർണമായി ഒഴിവാക്കാനാകില്ലെന്നാണ് ബോർഡിന്റെ പക്ഷം.
എന്നാൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെടുത്ത തീരുമാനമായതിനാൽ ചെറിയൊരിളവ് ആവശ്യപ്പെട്ട് ബോർഡ് ഭാരവാഹികൾ ദേവസ്വം മന്ത്രിയെ സമീപിക്കും. പൊലീസിന്റെ കൂടി നിർദേശത്തിന്റെ അടിസ്ഥാനത്തിലാവും ഇളവിന് സർക്കാർ തയാറാകുക.
കഴിഞ്ഞ രണ്ടുവർഷവും ദർശനം ഓൺലൈൻ ആക്കിയപ്പോഴും സ്പോട്ട് ബുക്കിങ്ങായിരുന്നു കൂടുതൽ. 2022-23ൽ 3,95,634 പേരാണ് സ്പോട്ട് ബുക്കിങ് നടത്തിയത്. 2023-24ൽ ഇത് 4,85,063 ആയി ഉയർന്നു. ഈ സാഹചര്യത്തിൽ ഒറ്റയടിക്ക് സ്പോട്ട് ബുക്കിങ് നിർത്തുന്നത് പ്രതിഷേധത്തിന് ഇടയാക്കുമെന്ന് ബോർഡ് യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു.
കഴിഞ്ഞവർഷത്തെപ്പോലെ ഇത്തവണയും തീർഥാടനം കുളമായാൽ സർക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കും. തീർഥാടനം അട്ടിമറിക്കാനാണ് പൂർണമായി ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയതെന്ന് യു.ഡി.എഫും ബി.ജെ.പിയും ആചാര സംരക്ഷണ സമിതിയും സംഘ്പരിവാർ സംഘടനകളും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.
സംഘ്പരിവാർ സംഘടനകളടക്കം വീണ്ടുമൊരു രാഷ്ട്രീയ മുതലെടുപ്പിന് ശബരിമലയെ ഉപയോഗിക്കാൻ സാധ്യതയുള്ളതിനാൽ ഏറെ ജാഗ്രതയോടെയാണ് ബോർഡ് മുന്നോട്ടുപോകുന്നത്.
അതിസുരക്ഷാ മേഖലയായ ശബരിമലയിൽ സ്പോട്ട് ബുക്കിങ് പരമാവധി കുറച്ച് ഓൺലൈൻ ബുക്കിങ് വർധിപ്പിക്കാനാണ് പൊലീസ് ശ്രമം. വെർച്വൽ ക്യൂ ബുക്ക് ചെയ്യുമ്പോൾ ഭക്തരെക്കുറിച്ച മുഴുവൻ വിവരവും അധാർ പോലുള്ള രേഖകളിൽനിന്ന് പൊലീസിന് ലഭിക്കും. എന്നാൽ, സ്പോട്ട് ബുക്കിങ്ങിൽ എൻട്രി പാസ് മാത്രമാണ് നൽകുന്നത്. മറ്റൊരു വെരിഫിക്കേഷനും നടത്തുന്നില്ല. ഇത് മോഷ്ടാക്കൾക്കും ക്രിമിനലുകൾക്കും സഹായമാകുന്നുണ്ട്. ഓൺലൈനിലൂടെ ബുക്ക് ചെയ്യുന്നവർക്ക് അരവണയും അപ്പവും ഇങ്ങനെ ബുക്ക് ചെയ്യാമെന്നതിനാൽ പ്രസാദം വാങ്ങാനായി മണിക്കൂറുകൾ ക്യൂ നിൽക്കുന്നത് ഒഴിവാക്കാനുമാവും.ഓൺലൈൻ ബുക്കിങ് ചെയ്യാതെ എത്തുന്നവർക്കായി ഇടത്താവളങ്ങളിൽ ഇതിന് സൗകര്യമേർപ്പെടുത്തുന്നത് ആലോചിക്കുന്നുണ്ട്. വെർച്വൽ ക്യൂ ബുക്കിങ് മൊബൈൽ ഫോണിലൂടെ നിഷ്പ്രയാസം ചെയ്യാൻപറ്റുന്ന രീതിയിൽ മൊബൈൽ ആപ് പരിഷ്കരിക്കാൻ ചർച്ച ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.