എല്ലാ ഭക്തർക്കും ക്ഷേത്രങ്ങളില്‍ തുല്യ അവകാശം; കോടതിവിധി മാനിക്കുന്നു -ആർ.എസ്.എസ്

കോഴിക്കോട്: ശബരിമല ക്ഷേത്രത്തിലെ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി മാനിക്കുന്നുവെന്ന് ആർ.എസ്​.എസ് പ്രാന്തകാര്യവാഹ്​ പി. ഗോപാലന്‍കുട്ടി. ഇതുസംബന്ധിച്ച് ആർ.എസ്​.എസ് സര്‍കാര്യവാഹ് നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. ജാതി, ലിംഗ ഭേദമ​േന്യ എല്ലാ ഭക്തജനങ്ങള്‍ക്കും ക്ഷേത്രങ്ങളില്‍ തുല്യ അവകാശമാണുള്ളത്. ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന് മുമ്പ് വ്യത്യസ്ത തലങ്ങളില്‍ ബോധവത്​കരണം ഉണ്ടാകണം. ആചാര പരിഷ്‌കരണം സമൂഹത്തെ ഭിന്നിപ്പിക്കുന്നതാകരുത്. വിവിധ അഭിപ്രായഗതികൾ സമന്വയിപ്പിക്കുന്നതിനാവശ്യമായ സാവകാശവും ബോധവത്​കരണവും ഉണ്ടാകണം. ഇക്കാര്യത്തില്‍ ആധ്യാത്മികാചാര്യന്മാരുടെയും സാമുദായിക നേതാക്കളുടെയും സംയുക്ത പരിശ്രമം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിധി ദുഃഖകരം -പന്തളം കൊട്ടാരം
പന്തളം: ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്​ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി ദുഃഖകരമാണെന്ന് പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡൻറ് പി.ജി. ശശികുമാരവർമ. ഹരജി പരിഗണിച്ച സുപ്രീംകോടതി ഭരണഘടനയെ മാത്രമാണ് ആശ്രയിച്ചത്. ആചാരങ്ങളെയും കീഴ്വഴക്കങ്ങളെയും അവഗണിക്കുകയായിരുന്നു. ശബരിമലയിലെ കോടിക്കണക്കിന്​ വിശാസികളുടെ വികാരം കോടതി കണ്ടില്ല.
കോടതിവിധിയിൽ പുനഃപരിശോധന ഹരജി നൽകാൻ കഴിയുമോ എന്നത് ബന്ധപ്പെട്ടവരുമായി ആലോചിച്ച് തീരുമാനിക്കും. അവിശ്വാസികളായ ചിലരുടെ ഹരജിയിൽ ഇത്തരം ഒരു വിധിയുണ്ടായതിൽ വിശ്വാസി സമൂഹം നിരാശയിലും ദുംഃഖത്തിലുമാണ്. സുപ്രീംകോടതി ജഡ്ജിമാർ ശബരിമല സന്ദർശിച്ച് അവിടത്തെ അസൗകര്യങ്ങളും കാനന ക്ഷേത്രത്തി​​​െൻറ പ്രത്യേകതകളും ബോധ്യപ്പെട്ടിരുന്നെങ്കിൽ വിധി മറിച്ചാകും. വിധിയെത്തുടർന്ന് 41 ദിവസത്തെ വ്രതാനുഷ്​ഠാനമെന്നത് മാറ്റപ്പെടേണ്ടതായി വരും. ഒപ്പം ശബരിമലയിലെ പ്രതിഷ്ഠ സംബന്ധിച്ച കാര്യത്തിലും തന്ത്രി കുടുംബമായി ആലോചിച്ച് തീരുമാനമെടുക്കേണ്ടി വരും. ശബരിമലയിലെ ആചാര അനുഷ്​ഠാനങ്ങളെക്കുറിച്ചുള്ള സുപ്രീംകോടതി ​െ​ബഞ്ചിലെ വനിത ജഡ്ജിയുടെ അഭിപ്രായം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി വിധിയിൽ ആശങ്ക -വെള്ളാപ്പള്ളി
ചേര്‍ത്തല: ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി അംഗീകരിക്കുന്നതിനൊപ്പം ആശങ്കയും ഉണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇന്ത്യൻ പൗരനെന്ന നിലയിൽ പരമോന്നത നീതിപീഠം പറയുന്നത് അംഗീകരിക്കണം. വിധി നടപ്പാക്കാൻ സാങ്കേതികമായി ബുദ്ധിമുട്ടുകള്‍ ധാരാളമുണ്ട്. ഇപ്പോൾ ചില സമയങ്ങളില്‍ പുരുഷന്മാർക്കുപോലും വിരിവെക്കാൻ സൗകര്യമില്ല. വര്‍ഷംതോറും വർധിച്ചുവരുന്ന ഭക്തരുടെ ബാഹുല്യം താങ്ങാനുള്ള കരുത്ത് സന്നിധാനത്തിനില്ലായെന്നതാണ് സത്യം. ശബരിമലയിൽ സ്ത്രീകൾക്ക് നിശ്ചിതപ്രായത്തില്‍ നിയന്ത്രണം മാത്രമാണുള്ളത്, നിരോധനമില്ല. വിധി വന്നതോടെ ശബരിമലയുടെ ഭാവിയിൽ ആശങ്ക ഉണ്ട്. വിധി നടപ്പാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പ്രവചനാതീതമാണ്. ഇത് ദുരന്തങ്ങൾ വിളിച്ചുവരുത്താൻ കാരണമാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സ്വാഗതം ചെയ്​ത്​ കമൽഹാസനും സ്​റ്റാലിനും
ചെന്നൈ: മക്കൾ നീതി മയ്യം പ്രസിഡൻറ്​ കമൽഹാസനും ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്​റ്റാലിനും ശബരിമല സ്​ത്രീ പ്രവേശനത്തെ സ്വാഗതം ചെയ്​തു. താനിതുവരെ ശബരിമലയിൽ പോയിട്ടില്ലെന്നും പോകാൻ ആഗ്രഹമുള്ള സ്​ത്രീകൾക്ക്​ പ്രവേശനം ലഭിക്കണമെന്നും കമൽഹാസൻ പറഞ്ഞു. വിധി ചരിത്രത്തിൽ സ്​ഥാനംപിടിക്കുമെന്ന്​ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്​റ്റാലിൻ പറഞ്ഞു.

സങ്കട ദിനമെന്ന്​ അയ്യപ്പ സേവാ സമാജം
ന്യൂഡൽഹി: ശബരിമലയിൽ എല്ലാ സ്​ത്രീകൾക്കും പ്രവേശനം അനുവദിച്ച്​ സുപ്രീംകോടതി വിധി വന്ന ദിവസം ‘സങ്കട ദിന’മെന്ന്​ അയ്യപ്പ സേവാ സമാജം. വിധി പുനഃപരിശോധിക്കുന്നതിന്​ സാധ്യത തേടും. ക്ഷേത്രത്തി​​​​െൻറ തനിമ നിലനിർത്തുന്ന കാര്യം കോടതിയല്ല തീരുമാനിക്കേണ്ടത്​. അയ്യപ്പ ചൈതന്യത്തിനുവിരുദ്ധമാണ്​ കോടതി വിധി. പരമ്പരാഗത രീതി തുടരുകയാണ്​ വേണ്ടത്​. വിധിക്കെതിരെ അഖിലേന്ത്യ തലത്തിൽ പ്രാർഥന ദിനം ആചരിക്കുമെന്നും സമാജം ചെയർമാൻ ടി.ബി ശേഖർ, ജനറൽ സെക്രട്ടറി ഇൗറോഡ്​ എൻ. രാജൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ശബരിമല വിധി നിർഭാഗ്യകരം -കൊടിക്കുന്നിൽ എം.പി
ആലപ്പുഴ: ശബരിമലയിലെ സ്​ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി വിധി നിർഭാഗ്യകരമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. വിധി ശബരിമലയുടെ പവിത്രതക്ക്​ കളങ്കമാണെന്നും ഇത്​ നിയമനിർമാണം നടത്തുന്നതിനെക്കുറിച്ച് സംസ്​ഥാന സർക്കാർ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിസ്​മയകരമായ വിധി -മേനക ഗാന്ധി, തുല്യനീതി​െയന്ന്​ ദേശീയ വനിത കമീഷൻ
ന്യൂഡൽഹി: ശബരിമല സ്​ത്രീ ​പ്രവേശനത്തിൽ സുപ്രീംകോടതിയിൽനിന്ന്​ വിസ്​മയകരമായ വിധിയാണ്​ ഉണ്ടായിരിക്കുന്നതെന്ന്​​ കേന്ദ്ര വനിത-ശിശു ക്ഷേമ മന്ത്രി മേനക ഗാന്ധി. ഹിന്ദൂയിസം എല്ലാവരെയും ഉൾക്കൊള്ളുന്നു എന്ന്​ തെളിയിക്കുന്നതാണ്​ വിധിയെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നതായി ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമ വ്യക്തമാക്കി. വിധിയിൽ തുല്യനീതിയാണ്​ ലഭിച്ചിരിക്കുന്നത്​. മതപരമായ കാര്യങ്ങളെക്കാൾ വലുതാണ്​ തുല്യതാവകാശം. ഇനി അമ്പലത്തിൽ പോവുന്നതും പോവാതിരിക്കുന്നതും സ്​ത്രീകൾക്ക്​ തീരുമാനിക്കാമെന്നും അവർ പറഞ്ഞു.

ഭരണഘടനയുണ്ടെന്ന്​ തെളിയിച്ച വിധി -മന്ത്രി സുധാകരൻ
തിരുവനന്തപുരം: സുപ്രീംകോടതി വിധി ഇന്ത്യക്ക് ഒരു ഭരണഘടനയുണ്ടെന്ന് തെളിയിച്ചു. ശബരിമലയിൽ കയറാൻ ഇനി ആരുടെയും പ്രത്യേക അനുവാദം വേണ്ട. സ്​ത്രീകൾക്ക് കുളിമുറികൾ, ശൗചാലയങ്ങൾ, വിശ്രമസ്​ഥലം ഇവയെല്ലാം ഒരുക്കേണ്ടത് ദേവസ്വം ബോർഡി​​​​െൻറ ചുമതലയാണ്. ഇത് നല്ലനിലയിൽ ചെയ്യുമെന്ന് ബോർഡ് പ്രസിഡൻറ്​ പത്​മകുമാർ വ്യക്​തമാക്കിയിട്ടുണ്ട്.

വിധി സ്വാഗതംചെയ്യുന്നു -മന്ത്രി ശൈലജ
തിരുവനന്തപുരം: വനിത ശിശു വികസനവകുപ്പ് മന്ത്രിയെന്ന നിലയിലും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പേരാടുന്ന വനിത എന്ന നിലയിലും വളരെയധികം സന്തോഷം നല്‍കുന്നതാണ് വിധി. വിവേചനം പാടില്ല, ലിംഗവിവേചനം അനുവദിക്കില്ല തുടങ്ങിയ കോടതിയുടെ നിരീക്ഷണങ്ങള്‍ സ്ത്രീകള്‍ക്ക് കരുത്തേകുന്നതാണ്​.

വിധി അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്​ഥർ -രമേശ് ചെന്നിത്തല
തിരുവനന്തപുരം: സുപ്രീംകോടതി വിധി അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്​. എല്ലാ ദേവാലയങ്ങളും പ്രവര്‍ത്തിക്കേണ്ടത് ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അടിസ്ഥാനത്തിലാണെന്ന കാര്യംകൂടി ഗൗരവത്തോടെ കാണണം. പ്രവേശനം വേണ്ട എന്ന നിലപാടായിരുന്നു യു.ഡി.എഫ് സര്‍ക്കാറിന്​. നിലവിലെ ഇടതു സര്‍ക്കാറിന്​ കീഴിലെ ദേവസ്വം ബോര്‍ഡിഡ്​ നിലപാടും ഇതായിരുന്നു. എന്നാല്‍ സര്‍ക്കാർ നിലപാട് നേരെ വിരുദ്ധം. പൊതുജനത്തെ കബളിപ്പിക്കാനുള്ള ഭരണമുന്നണിയുടെ ഈ ഇരട്ട നിലപാട് കേസില്‍ പ്രശ്‌നമായിരുന്നു.

ഭക്​തരെ ദുഃഖത്തിലാക്കുന്ന വിധി -തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡൻറ്​ പ്രയാര്‍ ഗോപാലകൃഷ്ണന്‍
തിരുവനന്തപുരം: സുപ്രീംകോടതി വിധി ഭക്തരെ ദുഃഖത്തിലാക്കുന്നതാണ്​. മതങ്ങളു​െട ആചാരാനുഷ്ഠാനങ്ങളില്‍ ഭരണഘടന സ്ഥാപനങ്ങള്‍ ഇടപെടരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡൻറായിരുന്ന സമയത്തും സത്യവാങ്മൂലം കൊടുത്ത സന്ദര്‍ഭത്തിലുമെല്ലാം പറഞ്ഞിരുന്നതാണ്, ഇപ്പോഴും പറയുന്നു.

മതപരമായ കാര്യങ്ങളിൽ വിശ്വാസപ്രമാണങ്ങൾ അംഗീകരിക്കുകയാണ് നല്ലത് ​-പിള്ള
കോട്ടയം: മതപരമായ കാര്യങ്ങളില്‍ വിശ്വാസപ്രമാണങ്ങള്‍ അംഗീകരിക്കുകയാണ്​ നല്ലതെന്ന്​ കേരള കോൺഗ്രസ്​-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്​ സുപ്രീംേകാടതി വിധിയോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന്​ എതിരായിട്ടും സു​പ്രീംകോടതി വിധി നിവൃത്തികേടുകൊണ്ടാണ്​ അംഗീകരിക്കുന്നത്​.
കോടതി വിധികൊണ്ടുമാത്രം വിശ്വാസികളായ സ്ത്രീകള്‍ ശബരിമലക്ക്​ വരുമെന്ന്​ വിശ്വസിക്കുന്നില്ല. കോടതിവിധി ഉണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ വലുതായിരിക്കും. മുസ്​ലിം സ്​ത്രീകളുടെ പള്ളിപ്രവേശനം അടക്കമുള്ള വിഷയങ്ങളിലും സുപ്രീംകോടതി വിധി ബാധിക്കും. വിശ്വാസം സംരക്ഷിക്കാൻ ഭരണഘടനക്ക്​ ബാധ്യതയുണ്ട്​. ശബരിമല വിഷയത്തിൽ സര്‍ക്കാര്‍ സ്വതന്ത്ര നിലപാടാണ്​ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി വിധി: ഇനി തീരുമാനിക്കേണ്ടത്​ വിശ്വാസികൾ -എന്‍.എസ്.എസ്
ചങ്ങനാശ്ശേരി: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയോട് പ്രതികരിക്കാനി​െല്ലന്നും ഇനി എന്തുവേണമെന്നുള്ളത് വിശ്വാസികളാണ് തീരുമാനിക്കേണ്ടതെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായർ. സുപ്രീംകോടതി വിധി വന്നതിനെത്തുടര്‍ന്ന് വാർത്തക്കുറിപ്പിലാണ് എൻ.എസ്​.എസ്​ നിലപാട്​ അ​ദ്ദേഹം വ്യക്തമാക്കിയത്​.

വിധി സംസ്കാരത്തെ തകർക്കും -എ.കെ.വി.എം.എസ്
ചെങ്ങന്നൂർ: ശബരിമലയിൽ ഉൾപ്പെടെ സ്ത്രീ പ്രവേശനം അനുവദിച്ച കോടതിവിധി ഭാരതത്തി​​​​െൻറ പൈതൃക സംസ്കാരത്തെ തകർക്കുമെന്ന് അഖില കേരള വിശ്വകർമ മഹാസഭ ഡയറക്ടർ ബോർഡ് അഭിപ്രായപ്പെട്ടു. ശബരിമലയിൽ ചില പ്രായത്തിൽപെട്ട സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തിയത് കടുത്ത വനയാത്രയിൽ സ്ത്രീകൾ ശാരീരികമായി ചൂഷണം ചെയ്യപ്പെടുന്നത് തടയാനുള്ള പൂർവികരുടെ കരുതലി​​​​െൻറ അടിസ്ഥാനത്തിലാണ്. ഏത് കോടതി ഉത്തരവ് ഇട്ടാലും ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് മാത്രമേ ഹൈന്ദവ സ്​ത്രീകൾ ക്ഷേത്രപ്രവേശനം നിർവഹിക്കൂവെന്ന്​ യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡൻറ്​ പി.ആർ. ദേവദാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. വാമദേവൻ, ട്രഷറർ വി. രാജപ്പൻ, വി.എൻ. ശശിധരൻ, വി. രാജഗോപാൽ, രവി മഹാദേവൻ, എൻ. ശിവദാസൻ ആചാരി, ചിത്രാസ് സോമൻ, കെ.ടി. ബാബു, സരസ്വതി അമ്മാൾ, സുജാത മോഹൻ, അനീഷ്, ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - sabarimala verdict- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.