തൃശൂർ: മണ്ഡലം, മകര വിളക്ക് കാലം കഴിയുന്നതിനു മുമ്പ് ശബരിമലയിൽ യുവതി പ്രവേശനം സാധ്യമാക്കാൻ ദലിത്-ആദിവാസി വനിതകളുടെ ഒരു സംഘം തയാറെടുക്കുന്നു. സുപ്രീംകോടതി വിധി ഏതുവിധേനയും നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം ശബരിമലയിലേക്ക് തിരിക്കുന്നത്.
ഈ ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസം ആദിവാസി അവകാശ പുനഃസ്ഥാപന സമിതി, തിരുവനന്തപുരത്തെ വീ ദ പീപ്പിൾ, എറണാകുളത്തെ ആർപ്പോ ആർത്തവം, സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ഇവർ എറണാകുളത്ത് ഒത്തുചേർന്നിരുന്നു. ഏതുവിധേനയും കോടതിവിധി നടപ്പിലാക്കുക എന്നതാണ് അജണ്ട. നാളെ വീണ്ടും യോഗം ചേർന്ന് ശബരിമലയിലേക്ക് തിരിക്കേണ്ട തീയതി പ്രഖ്യാപിക്കും.
തമിഴ്നാട്ടിലെ മനിതിയും ഇവരോടൊപ്പം ശബരിമലയിലേക്ക് തിരിച്ചേക്കും. ആലോചനായോഗത്തിന് മനിതിയുടെ പ്രതിനിധികൾ കേരളത്തിലെത്തില്ല, പകരം വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കും. ട്രാൻസ്ജെൻഡർ-ക്വിയർ പ്രവർത്തകരും ഉണ്ടാകും. യോഗത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വാട്സ് ആപ് സന്ദേശത്തിൽ ദലിത് ആക്ടിവിസ്റ്റുകളായ അഡ്വ. ജെസ്സിൻ, മൃദുല ദേവി, രേഖരാജ് എന്നിവരുടെ പേരുകളും ഫോൺനമ്പറും കൊടുത്തിട്ടുണ്ട്. തങ്ങളുടെ നേർക്ക് ഉണ്ടാകാനിടയുള്ള പ്രതിഷേധങ്ങൾ വകവെക്കാതെയാണ് ഇവർ ശബരിമല പ്രവേശത്തിനൊരുങ്ങുന്നത്.
സർക്കാറിെൻറ ഒളിച്ചോട്ടവും പൊലീസിെൻറ ഇരട്ടത്താപ്പും സമൂഹത്തിെൻറ മുന്നിൽ തുറന്നുകാണിക്കുന്ന രീതിയിൽ കേരളത്തിലാകമാനം പ്രചാരണം നടത്താനും സംഘം തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധക്കാർ സംഘം ചേരുന്നത് ഒഴിവാക്കാനായി മുൻകൂട്ടി തീയതി പ്രഖ്യാപിക്കാതെ പോകാമെന്ന നിർദേശവും ചിലർ മുന്നോട്ടുവെച്ചിട്ടുണ്ട്.
ഇടുങ്ങിയ വഴികളും ശബരിമലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും കണക്കിലെടുത്തുകൊണ്ടായിരിക്കും അന്തിമ തീരുമാനത്തിലെത്തുക. ഏതുവിധേനയും ശബരിമല പ്രവേശനം സാധ്യമാക്കുക എന്നതാണ് ഇവരുടെ തീരുമാനം.
ഇതുവരെ നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാൻ കഴിയാത്തതിനാൽ പൊലീസിെൻറ സഹായം അഭ്യർഥിക്കണമോ എന്ന് തീരുമാനിച്ചിട്ടില്ല. നേരത്തേ മല കയറാനെത്തിയ യുവതികളുടെ വിവരങ്ങൾ ചോർന്നത് പൊലീസ് വഴിയാണെന്നും ഇവർ സംശയിക്കുന്നുണ്ടെങ്കിലും മല കയറാനെത്തുന്ന തങ്ങൾക്ക് സംരക്ഷണം തരേണ്ട ബാധ്യത സർക്കാറിനുള്ളതിനാൽ സഹായം തേടുകയാണ് ഉചിതം എന്നാണ് സംഘത്തിലെ ഭൂരിഭാഗം കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.