കോട്ടയം: ശബരിമലയെ തായ്ലൻഡ് ആക്കാൻ അനുവദിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി ഭരണഘടന ബെഞ്ചിന് വിട്ടതിനോട് പ്രതികരിക്കേവയാണ് ഇൗ പരാമർശം.
സുപ്രീംകോടതി വിധിച്ചാലും മാനവും മര്യാദയുമുള്ള കുടുംബത്തിൽ പിറന്ന സ്ത്രീകൾ ശബരിമലയിൽ കയറില്ല. 10മുതൽ 50വയസ്സുവരെയുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്ന നിലപാടിൽ ദേവസ്വം ബോർഡ് ഉറച്ചുനിൽക്കുന്നു. സ്ത്രീകളുടെ സുരക്ഷയും ആചാരവുമാണ് പ്രധാനം. കാനനപാതയിൽ സുരക്ഷിതത്വം ഒരുക്കാൻ കഴിയില്ല. ഭയാശങ്കയോടെ സ്ത്രീകൾക്ക് പോകാനും കഴിയില്ല. സംരക്ഷണമൊരുക്കാൻ വനിത പൊലീസിനെ കൂട്ടത്തോടെ നിയോഗിക്കാനും പറ്റില്ല. പട്ടാളത്തെ ഇറക്കേണ്ടിവരും.
ഏത് മതവിഭാഗത്തിൽപെട്ടവരുടെയും വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ഭരണഘടന സംരക്ഷണം കിട്ടണം. ഇക്കാര്യത്തിൽ മതാധിഷ്ഠിത കാഴ്ചപാടാണ് സ്വീകരിക്കേണ്ടത്. വിഷയം ഭരണഘടന ബെഞ്ചിന് വിടാനുള്ള തീരുമാനം സ്വാഗതാർഹമാണ്. ശബരിമലയിലെ ആചാരങ്ങൾ അതേപടി തുടരാനാണ് തീരുമാനം. അതിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ല.
ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം കാലാനുസൃതമായ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അബ്രാഹ്മണരായ ശാന്തിക്കാരുടെ നിയമനമായിരുന്നു അത്. ശബരിമലയിലെ മേൽശാന്തി മലയാളി ബ്രാഹ്മണനാകണമെന്ന് നിർബന്ധമുണ്ട്. വിഘടിച്ചുനിൽക്കുന്ന ഹൈന്ദവ സമുദായങ്ങളെ ഒന്നിപ്പിച്ച് ഹൈന്ദവ അന്തരീക്ഷമുണ്ടാക്കാൻ ദേവസ്വം ബോർഡിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.