ശബരിമല പ്രശ്നത്തിൽ ഒരേസമയം നിലപാടിൽനിന്ന് പിന്നോട്ടു പോകാതെയും ക്രമസമാധാന നില കൈവിട്ടുപോകാതെയുമുള്ള നീക്കങ്ങളുമായി സർക്കാർ. എന്നാൽ, യുവതീ പ്രവേശം അനുവദിക്കില്ലെന്ന നിലപാടു കടുപ്പിച്ച് പ്രതിഷേധക്കാരും തന്ത്രിയും. കടുത്ത നിലപാടുമായി മുന്നോട്ടു വന്ന തന്ത്രിയും പരികർമികളുടെയും നടപടികളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാറും അതൃപ്തിയിലാണ്. ഇതേ തുടർന്ന് ഇരു ഭാഗത്തും തർക്കം മുറുകുന്നു.
പരികർമികൾ കഴിഞ്ഞദിവസം പ്രതിഷേധിച്ച സംഭവത്തിൽ ദേവസ്വം ബോർഡ് ബന്ധപ്പെട്ടവരോട് വിശദീകരണം ആരാഞ്ഞിരിക്കെ തന്ത്രിയുടെ നിലപാടിനെ ബോർഡ് അംഗം കെ.പി. ശങ്കരദാസും മന്ത്രി ജി. സുധാകരനും വിമർശിച്ചു. ആചാരലംഘനം നടന്നാൽ നട അടച്ചിടുന്നത് അടക്കം നടപടികൾ സ്വീകരിക്കാൻ തന്ത്രിക്ക് പൂർണ അധികാരമുണ്ടെന്ന് മാളികപ്പുറം മേൽശാന്തി പ്രതികരിച്ചു.
സന്നിധാനത്ത് യുവതികൾ വന്നാല്‍ നട അടയ്ക്കുമെന്ന കണ്ഠരര് രാജീവരുടെ പ്രഖ്യാപനം കോടതിവിധിയുടെ ലംഘനമാണെന്നാണ് കെ.പി. ശങ്കരദാസ് പറഞ്ഞത്. യാഥാര്‍ഥ്യം അറിയാമായിരുന്നിട്ടും തന്ത്രി കുടുംബവും പന്തളം രാജകുടുംബവും ചിലരുടെ രാഷ്ട്രീയ അജണ്ടക്കു വേണ്ടി നിന്നുകൊടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമല കയറാമെന്നാണ് കോടതി വിധി. വിധി അംഗീകരിക്കാന്‍ തന്ത്രിക്കും ബാധ്യതയുണ്ട്. തോന്നുമ്പോള്‍ നടയടച്ച് പോകാന്‍ പറ്റില്ല. പൂജയില്‍ മേല്‍ശാന്തിമാരെ സഹായിക്കാന്‍ വേണ്ടിയാണ് പരികര്മികളുള്ളത്. അവരുടെ ജോലി സമരം ചെയ്യലല്ല. അതുകൊണ്ടാണ് അവരോടു വിശദീകരണം ചോദിച്ചത്.
കഴിഞ്ഞദിവസം രഹ്ന ഫാത്തിമ സന്നിധാനത്ത് എത്തിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. ശബരിമലയിലെ സ്ഥിതി എത്രയുംവേഗം സുപ്രീംകോടതിയെ അറിയിക്കും. കഴിഞ്ഞദിവസം മല കയറാനെത്തിയ യുവതികളുടെ പിന്മാറ്റത്തിന് വഴിയൊരുക്കിയത് നട അടച്ചിടുമെന്ന തന്ത്രിയുടെ നിലപാടും സര്‍ക്കാര്‍ ഇടപെടലുമാണ്. സന്നിധാനത്ത് യുവതികള്‍ എത്തിയാല്‍ നട അടച്ച് നാട്ടിലേക്ക് പോകുമെന്ന് തന്ത്രി കണ്ഠരര് രാജീവര് വ്യക്തമാക്കിയിരുന്നു. പന്തളം രാജകുടുംബത്തോട് സംസാരിച്ചശേഷമാണു തീരുമാനമെന്നും പറഞ്ഞിരുന്നു. അതാണ് ദേവസ്വംബോർഡ് തള്ളിയത്. ഹർത്താലിന് കട അടച്ചിടുമെന്ന ലാഘവത്തോടെയാണ് തന്ത്രി ശബരിമല നട അടയ്ക്കുമെന്ന് ഭീഷണി മുഴക്കിയതെന്നാണ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. തന്ത്രിയുടെ നടപടിക്കെതിരെ പരസ്യപ്രതികരണത്തിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തയാറായിട്ടില്ലെങ്കിലും നട അടച്ചിടാനുള്ള സാഹചര്യമൊന്നും ശബരിമലയിൽ ഇല്ലെന്നാണ് അദ്ദേഹത്തിെൻറ അഭിപ്രായം. സ്ത്രീ പ്രേവശനം തടയുന്നത് പ്രാകൃതമാണെന്ന നിലപാടുമായി ദേവസ്വം ബോർഡ് കമ്മീഷണർ എൻ. വാസുവും രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.