വിമാനയാത്രക്കിടെ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ അറസ്റ്റിലായ മുൻ എം.എൽ.എ കെ.എസ് ശബരീനാഥനെതിരെ കടുത്ത ആരോപണങ്ങളാണ് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചത്. 'വിമാനത്തിൽ നടന്ന പ്രതിഷേധത്തിന്റെ മാസ്റ്റർ ബ്രെയിൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കൂടിയായ ശബരീനാഥൻ ആണ്. വിമാനത്തിലെ നാടകങ്ങളുടെയെല്ലാം തുടക്കം അദ്ദേഹത്തിന്റെ സന്ദേശമാണ്. ഒരു കാരണവശാലും ജാമ്യം അനുവദിക്കരുത്. ഗൂഢാലോചന കേസാണ് ചുമത്തിയിട്ടുള്ളത്. അതിന് കൃത്യമായ തെളിവുണ്ട്' -പ്രോസിക്യൂഷൻ വാദിച്ചു.
വിമാനത്തിൽ പ്രതിഷേധത്തിന് നിർദേശം നൽകിയത് ശബരീനാഥനാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ഇതിന്റെ വാട്സ്ആപ് സ്ക്രീൻ ഷോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. സ്ക്രീൻ ഷോട്ട് അല്ലാതെ വേറെ വല്ല തെളിവും ഉണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ, തെളിവുകൾ ശേഖരിക്കാൻ ഫോൺ പരിശോധിക്കേണ്ടതുണ്ടെന്നും ഇതിനായി കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
എന്നാൽ, ഫോണിന് വേണ്ടി കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നും കോടതി ആവശ്യപ്പെട്ടാൽ ഫോൺ മൂന്നു മിനിറ്റിനകം ഹാജരാക്കാമെന്നും ശബരീനാഥന്റെ അഭിഭാഷകൻ അറിയിച്ചു. നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്ത സമയത്ത് ഒരുതവണ പോലും ഫോൺ ആവശ്യപ്പെട്ടില്ലെന്നും ഇത് പരിശോധിക്കാൻ കസ്റ്റഡിയിൽ വേണമെന്നാണ് ഇപ്പോൾ ആവശ്യപ്പെടുന്നതെന്നും പ്രതിഭാഗം വാദിച്ചപ്പോൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫോൺ നൽകിയില്ലെന്നായിരുന്നു പ്രോസിക്യൂഷൻ മറുപടി.
വധശ്രമം അടക്കമുള്ള കേസുകൾ ചുമത്തിയതിനാൽ ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ അഭിഭാഷകൻ അബ്ദുൽ ഹക്കീം ആവശ്യപ്പെട്ടു. എന്നാൽ, കേസ് കെട്ടിച്ചമച്ചതാണെന്ന് ശബരിയുടെ അഭിഭാഷകൻ മൃദുൽ മാത്യു ജോൺ ആരോപിച്ചു. വാദം പൂർത്തിയായി രണ്ടര മണിക്കൂറിന് ശേഷമാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചുള്ള വിധി പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.