തിരുവനന്തപുരം: പൗരത്വത്തിന് രേഖകൾ ഹാജരാക്കേണ്ട സാഹചര്യം വന്നാൽ നിസ്സഹകരിക്കു മെന്ന് കവി സച്ചിദാനന്ദൻ. അക്രമരഹിതമായി അങ്ങനെയാണ് പ്രതികരിക്കാനാവുന്നത്. മഹാത്മ ഗാന്ധി ജീവിച്ചിരുന്നെങ്കിൽ വീണ്ടും നിസ്സഹകരണസമരം പ്രഖ്യാപിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു. ലോക കേരളസഭയുടെ ഭാഗമായി ‘ഇന്ത്യൻ ജനാധിപത്യവും കുടിയേറ്റവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓപൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വത്തെ വ്യത്യസ്തരീതിയിൽ നിർവചിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. വൈവിധ്യമാണ് ഇന്ത്യയുടെ ശക്തിയെന്ന് തിരിച്ചറിയണം. അതിനെ ഇല്ലാതാക്കാനാണ് ശ്രമം. മതാധിഷ്ഠിത സംസ്കാരമെന്ന പൗരത്വമാണ് സൂചിപ്പിക്കുന്നതെങ്കിൽ ആദിവാസികളെ എങ്ങനെ മതത്തിൽ നിർവചിക്കും. പൗരത്വം തെളിയിക്കേണ്ട സാഹചര്യം വന്നാൽ ഇന്ത്യയെ ഇന്ത്യയാക്കിയ ഏറ്റവും താഴേത്തട്ടിലുള്ള ദരിദ്രരെയും ദലിതരെയും ആദിവാസികളെയുമായിരിക്കും കൂടുതൽ ബാധിക്കുക. ഒരു രാജ്യത്തെയും ജനത പൂർണമായി അവിടെ ജനിച്ചുവളർന്നവരല്ല. അനേകം സ്വത്വബോധങ്ങളുടെ സമ്മിശ്രമാണ് നമ്മുടെ സ്വത്വം. പല കുടിയേറ്റങ്ങളിലൂടെയുമാണ് ഇന്ത്യൻ ജനത രൂപപ്പെട്ടതെന്ന് നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റ ദിവസം കൊണ്ട് ഇന്ത്യൻ പൗരന്മാർ അല്ലാതായ ഒരുപാടുപേർ കേരളത്തിൽതന്നെ ഉണ്ടായിരുന്ന കാര്യം ഓർക്കണമെന്ന് ചലച്ചിത്രകാരനും പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാനുമായ പി.ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു. സജീവമായ ജനാധിപത്യം ഇന്ത്യയിൽ തുടരുന്നതിന് കാരണം ശക്തമായ ഭരണഘടനയാണെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ പറഞ്ഞു.
ആഗോള നാടോടിയായാണ് സ്വയം വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്ന് ആഫ്രിക്കയിൽ താമസിക്കുന്ന മാധ്യമപ്രവർത്തകകൂടിയായ മേതിൽ രേണുക പറഞ്ഞു. മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണനായിരുന്നു മോഡറേറ്റർ.
രാജ്യത്തെ വിഭജിക്കാനുള്ള ക്രൂരമായ ശ്രമം –സി. രാധാകൃഷ്ണൻ
െപരുന്ന (ചങ്ങനാശ്ശേരി): രാജ്യത്തെ രണ്ടായി വിഭജിക്കാനുള്ള ക്രൂരമായ ശ്രമമാണ് നടക്കുന്നതെന്ന് പ്രമുഖ എഴുത്തുകാരൻ സി. രാധാകൃഷ്ണൻ. പൗരത്വ ഭേദഗതി നിയമവുമായി ബന്ധെപ്പട്ട് രാജ്യത്തിെൻറ മനസ്സ് പൊരിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ മിണ്ടിയാൽ ഉണ്ടാകുമെന്ന് ഉറപ്പില്ലാത്ത കാലം. സത്യം വിളിച്ചുപറയാൻ എഴുത്തുകാർക്ക് പോലും കഴിയാത്ത അവസ്ഥയാണ്. എഴുത്തുകാരുടെ വായ് മൂടിക്കെട്ടുന്ന സ്ഥിതിയിലൂടെയാണ് രാജ്യം മുന്നോട്ടുപോകുന്നത്. മന്നം ജയന്തി സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു രാധാകൃഷ്ണൻ.
ജനാധിപത്യം വിഭാഗീയമാകുന്നതിനോളം വലിയ അപകടമില്ല. ഭരണാധികാരികൾ എല്ലാവരെയും ഉൾക്കൊള്ളാതിരിക്കുന്നത് വലിയ തകർച്ചക്കിടയാക്കും. എല്ലാ തരത്തിലും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്. വോട്ട് ബാങ്ക് സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടങ്ങൾ വിഭജിക്കാനാണ് ശ്രമിക്കുന്നത്. മതത്തിെൻറ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ കക്ഷികൾ വേരുറയ്ക്കാതിരിക്കാൻ കാരണം കേരളത്തിെൻറ സംസ്കാരമാണ്. കേരളത്തിലേക്ക് വന്നവർക്ക് ജീവിക്കാനും പ്രാർഥിക്കാനുമുള്ള എല്ലാ സൗകര്യവും ഇവിടെയുള്ളവർ നൽകി. നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. കടന്നുവന്നവരും നല്ല മനസ്സുമായാണ് എത്തിയത്; ആയുധങ്ങളുമായിട്ടായിരുന്നില്ല. ഇതാണ് കേരളത്തെ ഐക്യത്തോടെ നിലനിർത്തുന്നത്. ഈ സംസ്കാരം തകർക്കാൻ ആരെയും അനുവദിക്കരുത്. നമുക്കിടയിൽ വർഗീയത പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നവരുെട വാക്കുകൾ ചെവിക്കൊള്ളരുത്. സംസ്ഥാനത്ത് നവോത്ഥാനം ഉണ്ടാക്കാൻ ഇടയിലൂടെ ഒരുമതിൽ കെട്ടുകയാണ്. മതിലുകൾ പൊളിക്കാൻ ആവശ്യപ്പെടുകയാണ് ഭരണകൂടങ്ങൾ ചെയ്യേണ്ടത്. പണ്ടുകാലത്ത് സമുദായങ്ങൾ തമ്മിലുണ്ടായിരുന്ന സൗഹാർദത്തിന് ഇപ്പോൾ ഇളക്കം തട്ടി. ചെറിയതോതിലെങ്കിലും മനസ്സിൽ അനിഷ്ടപ്പെടുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.