കോഴിക്കോട് : കാർബൺ റിമൂവൽ ഫണ്ട് ചെറുകിട- ഇടത്തരം കർഷകർക്ക് നേരിട്ട് ലഭിക്കുന്ന തരത്തിൽ നയ രൂപീകരണം നടത്തണമെന്ന് പരിസ്ഥിതി ചിന്തകൻ സഹദേവൻ. കാർബൺ സെക്വിസ്ട്രേഷനിൽ (പിടിച്ചെടുക്കൽ) കാർഷിക മേഖല നിർവഹിക്കുന്ന പങ്ക് വളരെ വലുതാണ്.
ചെറുകിട കൃഷി ഭൂമിക്കും കർഷകർക്കും ഇക്കാര്യത്തിൽ വലിയ സംഭാവനകൾ നൽകാനുണ്ട്. അതിനാൽ കാർബൺ റിമൂവലിന് വേണ്ടി ചെലവഴിക്കപ്പെടേണ്ട തുകയുടെ പ്രാഥമിക കണക്ക് പരിഗണിച്ചാൽ അത് ലക്ഷം കോടി രൂപയെങ്കിലും വരും. അത് കർഷകർക്ക് ലഭിക്കണം.
ആഗോള കാലാവസ്ഥാ ഫണ്ട് (ജി.സി.എഫ്) ഹരിതോർജ്ജ വികസനം എന്ന ' വ്യാമോഹ'ത്തിൽ കുരുക്കി, സാങ്കേതിക ജടിലവും ഭാവിയെ സംബന്ധിച്ച് വ്യക്തതയില്ലാത്തതുമായ വൻ സാങ്കേതിക വിദ്യകൾക്കായി ചെലവഴിക്കാനും വൻകിട കോർപ്പറേറ്റുകളിലേക്ക് വഴി തിരിച്ചുവിടാനുമുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്.
നമ്മുടെ നയരൂപീകരണ വിദഗ്ദ്ധർ കാർഷിക മേഖലയെ, പ്രത്യേകിച്ചും ചെറുകിട കർഷകരെയും കൃഷിഭൂമിയെയും ഈ രീതിയിൽ പരിഗണിച്ചിട്ടില്ല. കാർബൺ റിമൂവലിനുള്ള നഷ്ടപരിഹാരം എന്ന നിലയിൽ ക്ലൈമേറ്റ് ഫണ്ട് കർഷകരിലേക്ക് എത്തിക്കുന്നത് കാർഷിക മേഖലയെയും അനുബന്ധ വ്യവസായങ്ങളെയും തകർച്ചയിൽ നിന്നും രക്ഷിക്കാൻ ഉതകുന്നതാണ്.
കാടുംപടലും തല്ലിയുള്ള ചർച്ചകളിൽ മുഴുകിയിരിക്കാതെ കേന്ദ്ര വിഷയങ്ങളിലേക്ക് കടക്കാൻ ശാസ്ത്രലോകവും നയവിദഗ്ദ്ധരും ഇനിയെങ്കിലും തയാറാകണമെന്നും സഹദേവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.