പോരാട്ടം ഫലം കണ്ടിരിക്കുന്നു; ഏറെ സന്തോഷമുള്ള ദിവസം-സഹീർ കാലടി

മലപ്പുറം: നീണ്ട കാലം നടത്തിയ പോരാട്ടം ഫലം കണ്ടിരിക്കുന്നുവെന്നും ഏറെ സന്തോഷമുള്ള ദിവസമാണിതെന്നും നിയമന അട്ടിമറിക്കിരയായ ഉദ്യോഗാർഥി സഹീർ കാലടി. അവഗണിക്കപ്പെട്ട യുവത്വത്തിന് വലിയൊരു ആശ്വാസമാണ് ജലീലിന്‍റെ രാജി. മറ്റ് വഴികൾ ഇല്ലാത്തത് കൊണ്ടാണ് രാജി വെച്ചത്. ഇത് നേരത്തെ തന്നെ ചെയ്യേണ്ടതായിരുന്നുവെന്നും സഹീർ പറഞ്ഞു.

2016ൽ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിലേക്ക് സഹീർ കാലടി അപേക്ഷ നൽകിയിരുന്നു. അന്ന് സഹീർ പൊതുമേഖലാ സ്ഥാപനമായ മാൽകോ ടെക്സിലെ ഫിനാൻസ് മാനേജരായിരുന്നു. നിഷ്കർഷിച്ച യോഗ്യതകളെല്ലാം തനിക്ക് ഉണ്ടായിരുന്നെന്നും മന്ത്രി ജലീൽ പിന്നീട് അദീബിന് വേണ്ടി തസ്തികയുടെ യോഗ്യതയിൽ തിരുത്തൽ വരുത്തിയെന്നുമായിരുന്നു സഹീറിന്‍റെ പരാതി.

യോഗ്യത ഇല്ലെന്ന് പറഞ്ഞ് തഴഞ്ഞ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് ഇട്ടതോടെയാണ് താൻ ജലീലിന് ശത്രുവായതെന്നും സഹീര്‍ നേരത്തെ പറഞ്ഞിരുന്നു. പിന്നീട് സ്ഥാപനത്തിൽ ജോലി ചെയ്യാൻ പോലും കഴിയാത്ത അവസ്ഥ വന്നു. മാൽകൊ ടെക്‌സിൽ 20 വർഷത്തെ സർവീസ് ബാക്കിനിൽക്കെയാണ് സഹീർ രാജി വെച്ചത്. സ്ഥാപനത്തിലെ അഴിമതികള്‍ ചൂണ്ടിക്കാണിച്ചതോടെ താന്‍ അധികൃതരുടെ കണ്ണിലെ കരടായി മാറിയെന്നും സഹീര്‍ പറഞ്ഞു. തനിക്ക് നീതി ലഭിക്കണമെന്നും മാല്‍കോ ടെക്‌സിലെ അഴിമതിയില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വ്യവസായ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് കത്ത് നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല.

Tags:    
News Summary - KT jaleel, Saheer Kaladi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.