കൊച്ചി: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ലൈംഗികാതിക്രമണ ആരോപണവിധേയനായ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അദ്ദേഹം സ്ഥാനമൊഴിയും എന്നാണ് കരുതുന്നത്. സിനിമ രംഗത്ത് വലിയ സംഭാവനകൾ ചെയ്ത വ്യക്തിയാണ് രഞ്ജിത്ത് എന്ന സജി ചെറിയാന്റെ അഭിപ്രായത്തോട് താൻ സമ്മതിക്കുന്നുവെന്നും എന്നാൽ നിലവിൽ ആരോപണ വിധേയനായ അദ്ദേഹം തന്റെ സ്ഥാനത്ത് നിന്ന് ഒഴിയാണെന്ന് അഭ്യർഥിക്കുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
മന്ത്രി സജി ചെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെക്കാൻ കൂട്ടുനിന്ന വ്യക്തിയാണെന്നും അദ്ദേഹം ഇപ്പോഴും വേട്ടക്കാരെ ന്യായികരിക്കുകയും ഇരകളെ തള്ളിപ്പറയുകയും ചെയ്യുന്ന ഒരാളാണെന്നും വി.ഡി സതീശൻ വിമർശിച്ചു. ഒരു വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ ടീം ഉണ്ടാക്കി അവരെക്കൊണ്ട് കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം നടത്തണം. അന്വേഷണം വേണ്ട എന്നാണെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഫലം എന്താണെന്നും അദ്ദേഹം ചോദിച്ചു.
ലൈംഗിക ചൂഷണം നേരിട്ട ഇരകളുടെ മൊഴികളുണ്ട് ആ റിപ്പോർട്ടിൽ. അന്വേഷണം നടത്താൻ അതിലും വലിയ തെളിവുകൾ എന്താണ് വേണ്ടത്. അന്വേഷണം നടത്താത്ത പക്ഷം സിനിമ മേഖലയിലെ എല്ലാവരെയും ജനങ്ങൾ മോശക്കാരായി കാണും. അതോടൊപ്പം വാർത്താ സമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ സോളാർ കേസിനെക്കുറിച്ച് സംസാരിച്ചെന്നും അതൊരു കുറ്റസമ്മതമായിരുന്നു. ഉമ്മൻ ചാണ്ടിയെയും കോൺഗ്രസ് നേതാക്കളെയും വേട്ടയാടുകയായിരുന്നു പിണറായി സർക്കാറെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.