സക്കരിയയുടെ ജയില്‍ ജീവിതത്തിന് എട്ടുവര്‍ഷം, മോചനം അരികെയെന്ന് പ്രതീക്ഷ

മലപ്പുറം: കരിനിയമം തടവറയിലടച്ച സക്കരിയയുടെ ജയില്‍ ജീവിതത്തിന് ഞായറാഴ്ച എട്ടുവര്‍ഷം പൂര്‍ത്തിയായി. ചെയ്ത കുറ്റമെന്തെന്നും ഇനി എത്രകാലം തടവറക്കകത്ത് തുടരുമെന്നുമറിയാത്ത എട്ട് വര്‍ഷങ്ങളാണ് കടന്നുപോയത്. ബംഗളൂരു എന്‍.ഐ.എ കോടതിയില്‍ കേസ് വിസ്താരം അവസാനഘട്ടത്തിലത്തെിയിരിക്കെ വൈകാതെ നിരപരാധിത്വം തെളിഞ്ഞ് സക്കരിയ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. 2008ലെ ബംഗളൂരു സ്ഫോടനക്കേസില്‍ 2009 ഫെബ്രുവരി അഞ്ചിനാണ് മലപ്പുറം പരപ്പനങ്ങാടി സ്വദേശി സക്കരിയ അറസ്റ്റിലായത്. ജോലി ചെയ്തിരുന്ന തിരൂരിലെ കടയില്‍ നിന്നായിരുന്നു 19ാം വയസ്സില്‍ യു.എ.പി.എ പ്രകാരം അറസ്റ്റ്.

സ്ഫോടനക്കേസിലെ എട്ടാം പ്രതിയാണ് സക്കരിയ. ഏഴ് വര്‍ഷത്തിന് ശേഷം കഴിഞ്ഞ ആഗസ്റ്റിലാണ് മൂന്ന് ദിവസത്തെ ജാമ്യത്തില്‍ അവസാനമായി വീട്ടിലത്തെിയത്. ആഗസ്റ്റ് 18ന് സഹോദരന്‍െറ വിവാഹത്തിന് എത്തി 20ന് പുലര്‍ച്ചെ മടങ്ങി. സക്കരിയയെയും കുടുംബത്തെയും രാഷ്ട്രവിരുദ്ധരാക്കി ചിത്രീകരിച്ച് ഒറ്റപ്പെടുത്തിയ എട്ട് വര്‍ഷങ്ങള്‍ കൂടിയാണ് കഴിഞ്ഞുപോയത്. വിവിധ സംഘടനകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നിരന്തര ഇടപെടലുകളാണ് ഇതില്‍ ചെറിയ മാറ്റങ്ങള്‍ക്കെങ്കിലും ഇടയാക്കിയത്.

സ്ഫോടനത്തിന് മൈക്രോ ചിപ്പുകളും ടൈമറുകളും നാലാംപ്രതി ഷറഫുദ്ദീനുമായി ചേര്‍ന്ന് നിര്‍മിച്ചുനല്‍കി എന്നതാണ് സക്കരിയക്കെതിരായ കുറ്റം. പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ ത്വരീഖത്ത് ക്ളാസില്‍ പങ്കെടുക്കാറുണ്ടായിരുന്നെന്നതാണ് മറ്റൊരു മൊഴി. എന്നാല്‍, ഇതിന് സാക്ഷികളായി പ്രോസിക്യൂഷന്‍ ഹാജരാക്കിയവര്‍തന്നെ ഇങ്ങനെയൊരു മൊഴി നല്‍കിയിട്ടില്ളെന്ന് വെളിപ്പെടുത്തി. കോടതിയിലും ഇതേ നിലപാടറിയിച്ചിട്ടുണ്ട്. സക്കരിയയുമായി ബന്ധപ്പെട്ട സാക്ഷികളുടെ വിസ്താരം രണ്ടുവര്‍ഷം മുമ്പ് പൂര്‍ത്തിയായിരുന്നു.

മറ്റ് സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയത് അടുത്തിടെ. കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിചാരണ ഉടന്‍ ആരംഭിക്കും. മറ്റ് തടസ്സങ്ങളില്ളെങ്കില്‍ മൂന്ന് മാസങ്ങള്‍ക്കകം വിചാരണ അവസാനിക്കുമെന്നാണ് പ്രതീക്ഷ. മകന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ പരപ്പനങ്ങാടി കോണിയത്തുവീട്ടില്‍ എട്ടുവര്‍ഷമായി ഉമ്മ ബീയുമ്മ കാത്തിരിപ്പാണ്, മൂന്ന് സഹോദരങ്ങളും.

Tags:    
News Summary - sakaria in jail for 8 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.