കൊച്ചി: വനിത വ്യവസായിയെ സഹായിക്കാൻ യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസിൽ സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെ ഒന്നാം പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ ഗുണ്ടകളെ അമർച്ച ചെയ്യാൻ നിയോഗിച്ച സിറ്റി ടാസ്ക് ഫോഴ്സാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. ഇടപ്പള്ളി വെണ്ണല സ്വദേശി ജൂബി പൗലോസിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
കച്ചവട തർക്കത്തിൽ ഇടപെട്ട് കേസിലെ നാലാംപ്രതിയായ ഷീല തോമസിനുവേണ്ടി സക്കീറും ക്രിമിനൽ സംഘവും ജൂബിയെ ഭീഷണിപ്പെടുത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഷീലയുടെ ഉടമസ്ഥതയിെല അക്സാഹ് ഓർഗാനിക്സ് എന്ന സ്ഥാപനത്തിന് പാൽ നൽകിയിരുന്നത് ജൂബിയുടെ ഫാമിൽനിന്നാണ്. ഇവരുടെ ഉൽപന്നങ്ങൾ ലിൻറിറ്റ് എന്ന സ്ഥാപനത്തിലൂടെ ജൂബി വിതരണം ചെയ്തിരുന്നു. ഷീലയുടെ സ്ഥാപനം അരക്കോടിയോളം രൂപ നഷ്ടം നേരിട്ട ഘട്ടത്തിലാണ് മൂന്നുവർഷത്തെ കരാറിൽ ജൂബി പങ്കാളിയായത്.
കച്ചവടം ലാഭത്തിലായപ്പോൾ കരാറിൽനിന്ന് ഒഴിയുന്നതായി കാണിച്ച് സ്ഥാപനം നോട്ടീസ് അയച്ചു. കച്ചവടത്തിന് ജൂബി 32 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്ത് മാസങ്ങൾക്കുള്ളിലാണ് ഷീല കരാറിൽനിന്ന് പിന്മാറിയത്. ഇരുവരുടെയും സ്ഥാപനങ്ങൾ ഷീലയുടെ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. നോട്ടീസ് ലഭിച്ച് അടുത്ത ദിവസം ജൂബിയോട് ഓഫിസിൽ കയറരുതെന്ന് നിർദേശിച്ചു. പിന്നീട് കോടതിയിൽനിന്ന് അനുകൂല വിധി നേടി പ്ലാൻറിൽ പ്രവേശിച്ച ജൂബിയെ ഷീലയുടെ കൂട്ടാളികൾ കൈയേറ്റം ചെയ്തതായി പരാതിയുണ്ടായി.
കോടതി വിധിക്ക് പിന്നാലെ ജൂബിയുടെ ജീവനക്കാരനെ പ്രതികൾ ബലമായി കാറിൽ അടച്ചിട്ട് ഭീഷണിപ്പെടുത്തി. പ്രശ്നം തീർക്കാൻ അടുത്തദിവസം രാവിലെ പാലാരിവട്ടത്തെ ബേക്കറിയിൽ ജൂബിയെ വിളിച്ചുവരുത്തിയശേഷം ബലമായി സി.പി.എം കളമശ്ശേരി ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പിടിച്ചുകൊണ്ടുപോയി. അവിടെയാണ് ഒന്നാം പ്രതി സക്കീർ ഹുസൈൻ ഭീഷണിപ്പെടുത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ കൊച്ചി സിറ്റി ഡി.സി.ആർ.ബി അസി. കമീഷണർ ടി.ആർ. രാജേഷാണ് കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.