പാര്‍ട്ടിയെയും നേതാക്കളെയും പ്രതിക്കൂട്ടിലാക്കി; ഒടുവില്‍ നാടകീയ കീഴടങ്ങല്‍

കൊച്ചി: ഗുണ്ടാ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഒളിവില്‍ പോയ കൊച്ചിയിലെ സി.പി.എം നേതാവ് വി.എ. സക്കീര്‍ ഹുസൈന്‍െറ നീക്കങ്ങള്‍ പ്രതിക്കൂട്ടിലാക്കിയത് പാര്‍ട്ടിയെയും നേതാക്കളെയും. മൂന്നാഴ്ചയോളം ഒളിവില്‍ കഴിഞ്ഞ സക്കീര്‍ ഹുസൈന്‍ വ്യാഴാഴ്ച കീഴടങ്ങിയത് സി.പി.എം സംസ്ഥാന നേതൃത്വത്തിന്‍െറ ശക്തമായ സമ്മര്‍ദംകൊണ്ടുകൂടിയാണ്.

യുവ വ്യവസായിയായ ജൂബി പൗലോസ് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച പരാതിയത്തെുടര്‍ന്ന് കഴിഞ്ഞ 27നാണ് സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈനെതിരെ കൊച്ചിയില്‍ ഗുണ്ടകളെ നേരിടാന്‍ പുതുതായി രൂപവത്കരിച്ച സിറ്റി ടാസ്ക് ഫോഴ്സ് കേസെടുത്തത്. ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതോടെ പിടികൊടുക്കാതെ അന്നുതന്നെ ഒളിവില്‍പോയ സക്കീറിന്‍െറ കീഴടങ്ങല്‍ 20 ദിവസത്തിന് ശേഷമാണ്. എന്നാല്‍, വ്യവസായിയുടെ ആരോപണങ്ങള്‍ സംശയാസ്പദമാണെന്ന് ആദ്യം നിലപാടെടുത്ത സി.പി.എം വിവാദം പാര്‍ട്ടിക്കും നേതാക്കള്‍ക്കും എതിരായതോടെ കൈവിടുകയായിരുന്നു.

സംസ്ഥാന സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തിയ എളമരം കരീമിന്‍െറ നേതൃത്വത്തിലെ കമീഷന്‍ മുമ്പാകെ പരാതിക്കാരന്‍ ബോധിപ്പിച്ച വിവരങ്ങളും സക്കീര്‍ ഹുസൈന് വിനയായി. വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന പൊലീസിന്‍െറ വാദങ്ങള്‍ ശരിവെക്കുന്നതായിരുന്നു മൊഴി. ഈ ഘട്ടത്തിലാണ് കഴിഞ്ഞ 14ന് സക്കീര്‍ ഹുസൈന്‍ നാടകീയമായി കളമശ്ശേരി പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫിസില്‍ എത്തിയത്. ഒളിവില്‍ കഴിയുന്ന പ്രതി പാര്‍ട്ടി ഓഫിസില്‍ എത്തിയതും വിവാദമായി. തുടര്‍ന്ന് സക്കീര്‍ ഹുസൈനെതിരെ കടുത്തഭാഷയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതികരിക്കേണ്ടിവന്നു. പിന്നീട് രഹസ്യമായി പാര്‍ട്ടി ഓഫിസ് വിട്ട സക്കീര്‍ 17ന് രാവിലെ കൊച്ചി സിറ്റി പൊലീസ് കമീഷണറുടെ ഓഫിസില്‍ എത്തിയാണ് കീഴടങ്ങിയത്.

ചില മുതിര്‍ന്ന നേതാക്കളുടെ പിന്തുണയുണ്ടെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളിലും സജീവമായതും സംസ്ഥാന നേതൃത്വത്തിന്‍െറ കൈകഴുകല്‍ തീരുമാനത്തിനുപിന്നിലുണ്ട്. ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കിയെങ്കിലും ജില്ല കമ്മിറ്റി അംഗവും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റുമായി തുടരുമെന്നുമാണ് ആദ്യം സി.പി.എം തീരുമാനിച്ചത്. എളമരം കരീം നടത്തിയ പ്രാഥമികാന്വേഷണത്തിന് ശേഷമാണ് സക്കീര്‍ സ്വന്തം വഴി നോക്കട്ടെയെന്ന നിലപാടിലേക്ക് നേതൃത്വം മാറിയത്. സെഷന്‍സ് കോടതി തള്ളിയതിനത്തെുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിന് ഹൈകോടതിയെ സമീപിച്ച സക്കീര്‍ ഹുസൈന് ജാമ്യം നല്‍കേണ്ടതില്ളെന്ന് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കോടതി തീരുമാനിച്ചത്.

സക്കീര്‍ ഹുസൈന്‍ സ്ഥിരം കുറ്റവാളി, ജാമ്യം നല്‍കരുത് –സര്‍ക്കാര്‍ അഭിഭാഷകന്‍

 യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയും സി.പി.എം എറണാകുളം ജില്ല കമ്മിറ്റി അംഗവുമായ സക്കീര്‍ ഹുസൈന്‍ കുറ്റക്കാരനല്ളെന്നും രണ്ടാം പ്രതി സിദ്ദീഖ് കുറ്റം ഏറ്റുപറഞ്ഞതാണെന്നും സിദ്ദീഖാണ് വ്യവസായിയെ സി.പി.എം കളമശ്ശേരി ഏരിയ കമ്മിറ്റി ഓഫിസില്‍ എത്തിച്ചതെന്നും കോടതിയില്‍ സക്കീറിന്‍െറ അഭിഭാഷകന്‍ വാദിച്ചെങ്കിലും സര്‍ക്കാര്‍ അഭിഭാഷകന്‍ ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തു.

പ്രതി 15 കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും ഒളിവില്‍പോകാന്‍ ഇടയുണ്ടെന്നും അദ്ദേഹം വാദിച്ചു. റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് സക്കീറെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കാക്കനാട് സ്വദേശിനിയായ വ്യവസായി ഷീല തോമസുമായുള്ള ബിസിനസ് കരാറില്‍നിന്ന് പിന്‍വാങ്ങാന്‍ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന വെണ്ണല സ്വദേശി ജൂബി പൗലോസിന്‍െറ പരാതിയിലാണ് സക്കീര്‍ പ്രതിയാക്കപ്പെട്ടത്.

മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവ സംരംഭകയില്‍നിന്ന് പണം തട്ടിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കറുകപ്പള്ളി സിദ്ദീഖും ഫൈസലുമാണ് രണ്ടും മൂന്നും പ്രതികള്‍. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ചചെയ്യാന്‍ രൂപവത്കരിച്ച സിറ്റി ടാസ്ക് ഫോഴ്സ് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസ് കൂടിയാണിത്.

 

Tags:    
News Summary - sakeer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.