കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാത്തവർ വിസമ്മതപത്രം നൽകണമെന്ന വ്യവസ്ഥ ആശാസ്യമല്ലെന്ന് ഹൈകോടതി. പുനഃപരിശോധിക്കേണ്ട വ്യവസ്ഥയാണിതെന്നും പുനഃപരിശോധിക്കുന്നുണ്ടോയെന്ന കാര്യം കോടതിയെ അറിയിക്കണമെന്നും ഡിവിഷൻ െബഞ്ച് സർക്കാറിനോട് നിർദേശിച്ചു. സർക്കാറുമായി കൂടിയാലോചിച്ച് തീരുമാനം അറിയിക്കാമെന്ന് അഡ്വക്കറ്റ് ജനറൽ പറഞ്ഞതിെനത്തുടർന്ന് ഇത് സംബന്ധിച്ച ഹരജി ഒക്ടോബർ മൂന്നിലേക്ക് മാറ്റി. ജീവനക്കാരിൽ നിന്ന് നിർബന്ധപൂർവം ശമ്പളം പിടിക്കാനുള്ള സർക്കാർ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ച കേരള അഡ്മിനിസ്േട്രറ്റിവ് ട്രൈബ്യൂണലിെൻറ ഇടക്കാല ഉത്തരവിനെതിരെ കേരള എൻ.ജി.ഒ സംഘ് നൽകിയ ഹരജിയിലാണ് കോടതിയുടെ വാക്കാൽ പരാമർശം. അതേസമയം, സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല.
സംഭാവന നല്‍കിയവരും നൽകാത്തവരുമായ ജീവനക്കാരുടെ പേരുവിവരം പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് േകാടതി ആരാഞ്ഞു. ഇല്ലെന്ന മറുപടിയാണ് സർക്കാർ നൽകിയത്. സംഭാവന നല്‍കാന്‍ താല്‍പര്യമുള്ളവരുടെ അനുമതി വാങ്ങുന്നതിന് പകരം സമ്മതമല്ലാത്തവേരാട് വിസമ്മതപത്രം നല്‍കാൻ ആവശ്യപ്പെടുന്നതെന്തിനെന്ന് കോടതി ചോദിച്ചു. വിസമ്മതപത്രം നൽകാൻ ആവശ്യപ്പെടുന്നത് ഒരു മാസത്തെ ശമ്പളം സംഭാവന നൽകാൻ അവരെ നിര്‍ബന്ധിക്കുന്നതിന് തുല്യമാണ്. ശമ്പളം സംഭാവനയായി നല്‍കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും താൽപര്യമുള്ളവർ നൽകിയാൽ മതിയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
എന്നാൽ, സര്‍ക്കാര്‍ ഉത്തരവ് മുഖ്യമന്ത്രിയുടെ ഉറപ്പിന് എതിരായാണ്. വിസമ്മതപത്രം നൽകണമെന്ന തരത്തിലുള്ള വ്യവസ്ഥ മഹത്തായ ലക്ഷ്യത്തെ പ്രതികൂലമായി ബാധിക്കാനേ ഉപകരിക്കൂ. താൽപര്യമുള്ളവർ മാത്രമല്ലേ സംഭാവന നൽകേണ്ടതുള്ളൂവെന്നും കോടതി ചോദിച്ചു. എന്നാൽ, സംഭാവന നല്‍കാന്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിച്ചിട്ടില്ലെന്നും ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നവർക്ക് പലതരം ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറൽ ബോധിപ്പിച്ചു. അസാധാരണ സംഭവങ്ങളാണ് കേരളത്തില്‍ ഉണ്ടായത്. അതിനെ മറികടക്കാന്‍ അസാധാരണ നടപടികള്‍ വേണ്ടതുണ്ടെന്നും എ.ജി വ്യക്തമാക്കി. തുടർന്നാണ് സംഭാവന നല്‍കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിക്കുന്ന വ്യവസ്ഥ പുനഃപരിശോധിക്കേണ്ടതാണെന്ന് കോടതി അഭിപ്രായപ്പെട്ടത്.
എല്ലാവരെയും വിശ്വാസത്തിലെടുത്ത് വേണം സര്‍ക്കാര്‍ മുന്നോട്ടുപോകാൻ. സംഭാവനക്കാര്യത്തിൽ നിര്‍ബന്ധിച്ച് ഒന്നും ചെയ്യരുത്. വിസമ്മതപത്രത്തിെൻറ കാര്യത്തിലുള്ള പുനഃപരിശോധന സംബന്ധിച്ച് സർക്കാർ നിലപാടറിയിക്കണമെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് സർക്കാറുമായി ആലോചിച്ച് ഇക്കാര്യം അറിയിക്കാമെന്ന് അഡ്വക്കറ്റ് ജനറല്‍ അറിയിച്ചത്.
ഇതിനിടെ, സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന സഹകരണ റജിസ്ട്രാറുടെ ഉത്തരവ് ചോദ്യം ചെയ്യുന്ന ഹരജി ബുധനാഴ്ച മറ്റൊരു ബെഞ്ചിെൻറ പരിഗണനക്കെത്തി. കേരള കോ ഒാപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് കോതമംഗലം താലൂക്ക് കമ്മിറ്റി പ്രസിഡൻറ് പി.എ. യൂസഫ്, അംഗം സിബി ചാക്കോ എന്നിവർ നൽകിയ ഹരജി വ്യാഴാഴ്ച വിശദമായ വാദത്തിനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.