തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കൾ (25 ശതമാനം വീതം) പി.എഫിൽ ലയിപ്പിച്ച് ധന വകുപ്പ് ഉത്തരവ്. എന്നാൽ, ഈ തുക പിൻവലിക്കാൻ സാധിക്കുക 2026 ഏപ്രിലിന് ശേഷമാണ്. 2026 ഏപ്രിൽ ഒന്നിന് മുമ്പ് വിരമിക്കുന്നവർക്ക് നേരത്തെ പിൻവലിക്കാം. ഇതിലേതാണോ ആദ്യം വരുന്നത് അപ്പോഴേ തുക പിൻവലിക്കാനാവൂ. ഫലത്തിൽ ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ ആദ്യ രണ്ട് ഗഡുക്കൾ കൊടുക്കേണ്ട ഉത്തരവാദിത്തവും അടുത്ത സർക്കാറിന്റെ തലയിലാകും. അതേസമയം 2021 മേയ് 31ന് ശേഷം വിരമിച്ചവർ, വിരമിക്കുന്നതിന്റെ മുന്നോടിയായി പി.എഫ് അക്കൗണ്ട് അവസാനിപ്പിച്ചവർ എന്നിവരുടെ ശമ്പളപരിഷ്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കൾ ഒറ്റത്തവണ പണമായി അനുവദിക്കും. 2021 മേയ് 31ന് ശേഷം സേവനത്തിലിരിക്കേ മരിച്ച എല്ലാ ജീവനക്കാരുടെയും ശമ്പളപരിഷ്കരണ കുടിശ്ശിക ആശ്രിതർക്ക് ഒറ്റത്തവണയായി അനുവദിക്കുന്നത് തുടരും.
2019ലെ ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വർഷം ജീവനക്കാരുടെ പി.എഫിൽ ലയിപ്പിക്കുമെന്ന് സംസ്ഥാന ബജറ്റിൽ വാഗ്ദാനം ചെയ്തിരുന്നു. 2023 ഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ ലയിപ്പിക്കേണ്ടിയിരുന്ന കുടിശ്ശികയാണ് ഇപ്പോൾ അനുവദിച്ചത്. അതേസമയം 2024 ഏപ്രിൽ, 2024 ഒക്ടോബർ മാസങ്ങളിൽ ശമ്പള പരിഷ്‌കരണ കുടിശ്ശിക ശേഷിക്കുന്നുണ്ട്. ലീവ് സറണ്ടറും പി.എഫിൽ ലയിപ്പിച്ച് നേരത്തെ ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാൽ അതും പിൻവലിക്കാൻ സാധിക്കുക 2029ൽ മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.