നെയ്യാറ്റിൻകര: ആരുമറിയാതെ ഗൃഹനാഥനെ സ്ലാബിട്ട് മൂടി സമാധിയായെന്ന് പോസ്റ്റർ പതിച്ച് മക്കൾ. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയതോടെ പൊലീസ് സ്ഥലത്തെത്തി. ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമി (78) സമാധി ആയതാണെന്നും അത് പരസ്യമാക്കുവാന്‍ പാടില്ലെന്നും ഭാര്യയും മക്കളും പറയുന്നു.
വ്യാഴാഴ്ച രാവിലെ 10നാണ് ഗോപന്‍ സ്വാമി മരിച്ചതെന്ന് നാട്ടുകാർ പറയുന്നു. രണ്ടു മക്കള്‍ ചേര്‍ന്ന് ബന്ധുക്കളെയോ നാട്ടുകാരെയോ വാര്‍ഡ് അംഗത്തേയോ ഒന്നും അറിയിക്കാതെ സാമാധിയെന്ന് വരുത്തിത്തീര്‍ത്ത് മണ്ഡപം കെട്ടി പീഠത്തിലിരുത്തി സ്ലാബിട്ട് മൂടിയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മക്കള്‍ സനന്ദനും പൂജാരിയായ രാജസേനനും ചേര്‍ന്നാണ് സമാധി ഇരുത്തിയത്. തുടര്‍ന്ന് ഗോപന്‍ സ്വാമി സമാധി ആയെന്ന് പോസ്റ്റര്‍ പതിപ്പിക്കുകയും ചെയ്തു. പോസ്റ്റര്‍ കണ്ടാണ് വിവരം പുറംലോകമറിയുന്നത്.
അച്ഛന്‍ താൻ സമാധി ആകുവാന്‍ പോകുന്നതായി പറഞ്ഞെന്നും പീഠത്തിനരികില്‍ പത്മാസനത്തിലിരുന്നെന്നുമാണ് മക്കള്‍ പറയുന്നത്. വീടിന് മുന്നിലെ ക്ഷേത്രത്തിന് സമീപത്ത് സമാധി പീഠം ഒരുക്കിയിരുന്നതായും മക്കളും ഗോപന്‍ സ്വാമിയുടെ ഭാര്യയും പറഞ്ഞു. സമാധി പീഠത്തിലിരുത്തി മുമ്പേകരുതി വച്ചിരുന്ന സ്ലാബിട്ട് അടക്കുകയായിരുന്നു.
സമാധിയാകുന്ന വ്യക്തിയെ അടക്കം ചെയ്യുന്നത് ആരും അറിയാന്‍ പാടില്ലെന്നും മണിക്കൂറുകളോളം നീളുന്ന പൂജാകര്‍മ്മങ്ങൾ നടത്താനുള്ളതുകൊണ്ടാണ് പുറത്തറിയിക്കാത്തതെന്നും രാജസേനന്‍ പറഞ്ഞു. നെയ്യാറ്റിന്‍കര സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. മണ്ഡപത്തിന് കാവലേർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.