കൊച്ചി: ഇടുക്കി പരുന്തുംപാറയിലെ റവന്യൂ ഭൂമി കൈയേറ്റക്കാർക്ക് ഹൈകോടതിയുടെ നോട്ടീസ്. ഭൂമി കൈയേറ്റക്കാരുടെ പട്ടിക കഴിഞ്ഞ ദിവസം ലഭ്യമാക്കിയതിന് പിന്നാലെയാണ് ഇവരുടെ വിശദീകരണം തേടി നോട്ടീസ് അയക്കാൻ ജസ്റ്റിസ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദേശിച്ചത്.
രണ്ടാഴ്ചക്കകം മറുപടി നൽകാനാണ് ആവശ്യപ്പെട്ടത്. കൈയേറ്റക്കാരായ 37 പേരുടെ പട്ടിക ഉൾപ്പെടുത്തിയാണ് ഐ.ജി കെ. സേതുരാമന്റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) റിപ്പോർട്ട് സമർപ്പിച്ചത്. പീരുമേട്, വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തുകളെ ഹരജിയിൽ സ്വമേധയാ കക്ഷിചേർത്ത കോടതി ഇവർക്ക് രേഖകൾ ലഭ്യമാക്കാൻ നിർദേശം നൽകി. തുടർന്ന് ഹരജി വീണ്ടും ഏപ്രിൽ ഒന്നിന് പരിഗണിക്കാൻ മാറ്റി.
അതേസമയം, ഇടുക്കിയിലെതന്നെ ചൊക്രമുടിയിൽ മലയിടിച്ച് നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ചും കോടതി വിശദീകരണം തേടി. നീലക്കുറിഞ്ഞിയടക്കം നശിപ്പിക്കുന്ന വിധമാണ് മണ്ണെടുപ്പ് നടക്കുന്നതെന്നായിരുന്നു ഹരജിക്കാരുടെ ആരോപണം. ഇതുസംബന്ധിച്ച ചിത്രങ്ങൾ ഹാജരാക്കാൻ കോടതി നിർദേശിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവിടത്തെ ഭൂ ഉടമകളുടെ പട്ടയം ജില്ല കലക്ടർ റദ്ദാക്കിയതായി സർക്കാർ അറിയിച്ചു. വിഷയം വീണ്ടും വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.