കോഴിക്കോട്: മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാമിനെതിരെയും വൈസ് പ്രസിഡന്‍റ് അബ്ദുറഹ്മാൻ കല്ലായിക്കെതിരെയും സമസ്ത നേതാക്കൾ ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്ക് പരാതി നൽകി. മലപ്പുറത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ പി.എം.എ. സലാം നടത്തിയ ചില പരാമർശങ്ങൾക്കും അബ്ദുറഹ്മാൻ കല്ലായി കണ്ണൂർ ധർമടത്ത് പൊതുവേദിയിൽ നടത്തിയ പരാമർശത്തിനും എതിരെയാണ് പരാതി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെയും ആദരണീയരായ ഉസ്താദുമാരെയും സംഘടന സംവിധാനങ്ങളെയും പൊതുവേദികളിലും സമൂഹ മാധ്യമങ്ങളിലും ലീഗിന്‍റെ ഉത്തരവാദപ്പെട്ട നേതാക്കൾ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന പ്രവണത വർധിക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ ഉത്തരവാദപ്പെട്ടവരിൽനിന്ന് നിരന്തരമുണ്ടാകുന്ന ഇത്തരം സമീപനങ്ങൾ സുന്നി പ്രസ്ഥാനരംഗത്ത് വളരെയധികം പ്രയാസമുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തന്നതിനൊപ്പം സമുദായത്തിന്‍റെ പൊതുവായ കെട്ടുറപ്പിന് എതിരായ സമീപനങ്ങളിൽനിന്ന് ഉത്തരവാദപ്പെട്ടവർ വിട്ടുനിൽക്കാൻ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് കോയ തങ്ങൾ, ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ സെക്രട്ടറി വാക്കോട് മൊയ്തീൻകുട്ടി ഫൈസി, എസ്.വൈ.എസ് സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സമസ്ത എംപ്ലോയീസ് അസോ. സംസ്ഥാന പ്രസിഡന്‍റ് മുസ്തഫ മുണ്ടുപാറ തുടങ്ങി 21 നേതാക്കൾ ഒപ്പിട്ടാണ് പരാതി നൽകിയത്.
തട്ടം വിവാദത്തിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ‘മുഖ്യമന്ത്രിയുടെ ഫോൺകാൾ കിട്ടിയാൽ എല്ലാമായെന്ന് ചിന്തിക്കുന്ന ആളുകളും നമ്മുടെ സമുദായത്തിലുണ്ട്. ഇത്തരം നയമുള്ള പാർട്ടിയോടുള്ള സമീപനമെന്താണെന്ന് അവർ പറയണം’ എന്നായിരുന്നു പി.എം.എ. സലാമിന്‍റെ പരാമർശം. ഇത് സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി തങ്ങളെക്കുറിച്ചാണെന്നാണ് സമസ്ത നേതാക്കളുടെ പരാതി. കണ്ണൂർ ധർമടത്ത് നടന്ന യോഗത്തിൽ സുപ്രഭാതം പത്രത്തെ ഇകഴ്ത്തി സംസാരിച്ചതാണ് അബ്ദുറഹ്മാൻ കല്ലായിക്കെതിരായ പരാതിയുടെ അടിസ്ഥാനം. ഇരുവർക്കുമെതിരെ സമൂഹ മാധ്യമങ്ങളിലും ഒരുവിഭാഗം സമസ്ത പ്രവർത്തകർ ശക്തമായ പ്രതിഷേധം ഉയർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.