കോഴിക്കോട്: പൊതുവേദിയിൽ പെൺകുട്ടിയെ വിലക്കിയെന്ന വിവാദത്തിൽ വിശദീകരണവുമായി സമസ്ത. കുട്ടിയെ അപമാനിച്ചിട്ടില്ലെന്നും കുട്ടിക്ക് വേദിയിലെത്താനുള്ള മാനസിക പ്രയാസം മനസിലാക്കിയാണ് എം.ടി. അബ്ദുല്ല മുസ്ലിയാരുടെ നടപടിയെന്നും സമസ്ത കേരള ജംഇയ്യതുൽ ഉലമ അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബാലാവകാശ കമീഷന്‍റെ കേസ് സ്വാഭാവിക നടപടി മാത്രമാണ്. പെൺകുട്ടിക്കോ കുടുംബത്തിനോ ഇതുമായി ബന്ധപ്പെട്ട് പരാതിയില്ലെന്നും വിവാദം മാധ്യമങ്ങൾ സൃഷ്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വാക്കുകൾ -'വേദിയിലേക്ക് വരുമ്പോൾ സ്ത്രീകൾക്ക് സ്വാഭാവികമായും ലജ്ജ ഉണ്ടാകുമല്ലോ. അങ്ങനെയാണ് ഞങ്ങൾ മനസിലാക്കുന്നത്. ആ ഒരു ലജ്ജ കുട്ടിക്ക് ഉണ്ടായെന്ന് മനസിലായി. ഇനി മറ്റുള്ള കുട്ടികളേയും ഇവിടേക്ക് വിളിച്ചു വരുത്തിയാൽ അവർക്ക് സന്തോഷത്തിലേറെ പ്രയാസം വരുമോ എന്ന് മനസ്സിലാക്കിയിട്ടാണ്, അദ്ദേഹത്തിന് ആധികാരികമായി പറയാൻ പറ്റിയ ഒരാളോട് ഇനി വിളിക്കാൻ പാടില്ല എന്ന് പറഞ്ഞത്. അല്ലാതെ കുട്ടികളെ അപമാനിക്കാൻ വേണ്ടിയല്ല. കുട്ടിക്ക് വിഷമം ഇല്ലാതിരിക്കാൻ വേണ്ടിയാണ് അദ്ദേഹം പറഞ്ഞത്. പിന്നെ അദ്ദേഹത്തിന്‍റെ സംസാര ശൈലി അങ്ങനെയാണെന്ന് എല്ലാവർക്കും അറിയാം.
സമസ്ത കേരള ജംഇയ്യതുൽ ഉലമ ഒരു വലിയ പ്രസ്ഥാനമാണ്. നാട്ടിലെ സ്ത്രീകൾക്കോ മറ്റേതെങ്കിലും ജനങ്ങൾക്കോ ഏതെങ്കിലും തരത്തിലുള്ള അപമാനമുണ്ടാക്കുന്ന ഒരു സംഘടനയല്ല. ചരിത്രം പരിശോധിച്ചാൽ തീവ്ര ആശയങ്ങൾക്കോ വർഗീയ ആശയങ്ങൾക്കോ ഞങ്ങൾ ഒരിക്കലും പിന്തുണ കൊടുക്കാറില്ല. ഈ രാജ്യത്തിന്‍റെ എല്ലാ നന്മയും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനയാണിത്.
സമസ്ത എന്തോ ഭീകര പ്രവർത്തനം നടത്തി, സമസ്തയുടെ ഉന്നത നേതാവ് മോശമായ നിലക്ക് സംസാരിച്ചു എന്നുള്ള നിലക്കാണ് വാർത്തകൾ വന്നത്. എം.ടി. അബ്ദുല്ല മുസ്ലിയാർക്ക് ആധികാരികമായി പറയാൻ പറ്റുന്നയാളോടായതിനാലാണ് അത്തരമൊരു ശൈലിയിൽ പറഞ്ഞത്. ഈ കുട്ടിക്കോ കുടുംബത്തിനോ നാട്ടുകാർക്കോ അങ്ങനെയൊരു പരാതിയില്ല.
വേദിയിലെത്താൻ കുട്ടിക്ക് മാനസികമായി പ്രയാസമുണ്ടോയെന്ന് തനിക്ക് തോന്നിയെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ ലജ്ജയോടുകൂടി മറ്റ് കുട്ടികളെയും വിളിക്കപ്പെട്ടാൽ അവർക്കും പ്രയാസമുണ്ടാകും. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതിന്‍റെ പശ്ചാത്തലത്തിൽ സമസ്തക്കെതിരെ പറയാൻ പറ്റുന്നതെല്ലാം പറഞ്ഞു. ഞങ്ങൾ അതെല്ലാം ക്ഷമിച്ചിരുന്നു. വിഷയത്തിന്‍റെ യാഥാർഥ്യം മനസ്സിലാക്കിത്തരാനാണ് ഇപ്പോൾ ഇങ്ങനെ സംസാരിക്കുന്നത്' -മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
പെൺകുട്ടികളുടെ പുരോഗതിക്ക് വേണ്ടി അങ്ങേയറ്റം പ്രവർത്തിക്കുന്ന സംഘടനയാണ് സമസ്തയെന്ന് എം.ടി. അബ്ദുല്ല മുസ്ലിയാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി കൂടുതൽ സ്ഥാപനങ്ങൾ സമസ്ത തുടങ്ങിക്കൊണ്ടിരിക്കുകയാണ്. പലർക്കും എതിർപ്പുണ്ടായിട്ടും പെൺകുട്ടികൾക്കായി സ്ഥാപനങ്ങൾ തുറന്നു. സമസ്ത ഒരു മതസംഘടനയാണ്. പണ്ഡിതസഭയാണ്. ശരീഅത്തിന് വിരുദ്ധമല്ലാത്ത നിലക്ക് നിയമപരമായ, സമാധാനപരമായ പ്രവർത്തനങ്ങളാണ് അത് ലക്ഷ്യംവെക്കുന്നത്.
പെൺകുട്ടിയെ അപമാനിക്കുന്ന ഒന്നും ആ വേദിയിൽ ഉണ്ടായിട്ടില്ല. കുട്ടി വേദിയിൽ കയറി സമ്മാനം വാങ്ങി സന്തോഷകരമായി ഇറങ്ങിപ്പോയി. പ്രായമായ പെൺകുട്ടികളെ പൊതുവേദിയിൽ കയറ്റിയിട്ടുള്ള പരിപാടികൾ ഒഴിവാക്കുന്നതിലൂടെ പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം ഒരുപാട് ഗുണങ്ങളുണ്ടെന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. അതിന്‍റെ അടിസ്ഥാനത്തിൽ സമസ്തയുടെ നിലപാട് അങ്ങനെയാണ്. അതിനെതിരായ ഒരു രീതി അവിടെ ഉണ്ടായപ്പോഴാണ് സമസ്തയുടെ പ്രവർത്തകരോട് നിങ്ങൾ എന്തിനാണ് ഇങ്ങനെ ചെയ്തത് എന്ന് ചോദിച്ചത് -എം.ടി. അബ്ദുല്ല മുസ്ലിയാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.