തിരുവനന്തപുരം: കേരള പാഠ്യപദ്ധതി ചട്ടക്കൂടിനായുള്ള സമൂഹ ചർച്ചക്കായി തയാറാക്കിയ കരട് കുറിപ്പിലെയും കുടുംബശ്രീ 2021ലെ കൈപ്പുസ്തകത്തിലെയും വിവാദ നിര്‍ദേശങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. കുടുംബശ്രീ തയാറാക്കിയ 'ആരോഗ്യകരമായ ബന്ധങ്ങൾ' കൈപ്പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൈപ്പുസ്തകത്തിലെ ആശയങ്ങള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിച്ചാല്‍ സമൂഹത്തില്‍ മൂല്യത്തകര്ച്ചയുണ്ടാകുമെന്നും എല്ലാ മതവിഭാഗങ്ങളേയും പൊതുസമൂഹത്തേയും ബാധിക്കുമെന്നും സമസ്ത കേരള ജംഇയ്യതുൽ ഉലമ നേതാക്കള്‍ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വേഷം അടിച്ചേല്‍പ്പിക്കില്ലെന്നും പാഠ്യപദ്ധതി പരിഷ്കരണത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി സമസ്ത നേതാക്കള്‍ക്ക് ഉറപ്പുനല്‍കി.
ലിംഗസമത്വം, ജെന്‍ഡര്‍ ന്യൂട്രാലിറ്റി, സ്കൂള്‍ സമയമാറ്റം എന്നിവ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സമസ്ത നേതാക്കള്‍ ആശങ്ക പങ്കുവെച്ചു. മദ്റസകള്‍ക്ക് പ്രയാസമാകുന്ന തരത്തില്‍ സമയമാറ്റം നടപ്പാക്കരുതെന്നും സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നടപടി എടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരള വഖഫ് ബോര്‍ഡിന്റെ ഏകപക്ഷീയ നിലപാടുകളിലും നേതാക്കള്‍ ആശങ്കയറിയിച്ചു. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മഹല്ലുകളില്‍ ഭരണഘടനാവിരുദ്ധമായി സ്ഥാപനങ്ങള്‍ പ്രത്യേക വിഭാഗത്തിന് കൈയടക്കാൻ സൗകര്യം ചെയ്ത് കൊടുക്കുകയാണ്. മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
നിയമനം പി.എസ്.സിക്ക് വിടുമെന്ന തീരുമാനം സര്‍ക്കാര്‍ മാറ്റിയെങ്കിലും ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ മതസംഘന പ്രതിനിധികളുമായി ചര്‍ച്ച ചെയ്യണം. പുതിയ നിയമനത്തിന് സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന സമസ്തക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണം.
വഖഫ് ബോര്‍ഡിലെ നിലവിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൈനോറിറ്റി കമീഷന്റെ ആനുകൂല്യങ്ങള്‍ പൂര്‍ണമായും മുസ്ലിം പിന്നാക്കാവസ്ഥ നികത്താന്‍ ഉപയോഗിക്കണം. മുസ്ലിം സമുദായത്തിന് മതിയായ ആനുകൂല്യം ലഭിക്കാതെ വരുന്നുണ്ട്.
സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നിര്‍ത്തലാക്കരുതെന്നും മലപ്പുറം ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് ആവശ്യമായ അധിക പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
കേന്ദ്ര മുശാവറ അംഗങ്ങളായ കെ. ഉമ്മര്‍ ഫൈസി മുക്കം, എം.പി. മുസ്തഫല്‍ ഫൈസി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സമസ്ത മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി ഇ. മൊയ്തീന് ഫൈസി പുത്തനഴി, സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് അംഗം വിഴിഞ്ഞം സെയ്ദ് മുസ്ലിയാര്, ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി എന്നിവരാണ് ചര്‍ച്ചയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.