‘കാർമേഘം നീങ്ങുന്നു; മഴവിൽ വർണം തെളിച്ച് മാനം ശാന്തമാവുന്നു’; സമസ്ത-ലീഗ് ഭിന്നത നീങ്ങിയതായി നാസർ ഫൈസി കൂടത്തായി

സമസ്ത നേതാക്കളും മുസ്‍ലിം ലീഗ് നേതാക്കളും സി.ഐ.സി വിഷയത്തിൽ കോഴിക്കോട്ട് ചർച്ച നടത്തിയെന്നും ഉരുണ്ടുകൂടിയ കാർമേഘങ്ങൾ പെയ്തിറങ്ങാതെ മഴവിൽ വർണം തെളിച്ച് മാനം ശാന്തമാവുകയാണെന്നും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി. അന്തിമ തീരുമാനവും പ്രഖ്യാപനവും പിന്നീട് ഉണ്ടാവുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തി.

വാഫി-വഫിയ്യ വിഷയത്തിൽ സമസ്തയുടെയും ലീഗിന്റെയും അണികളിൽ ചിലർ സോഷ്യൽ മീഡിയയിൽ വ്യക്തിഹത്യയിലൂടെ, നേതൃത്വത്തെ ബഹുമാനിക്കാതെ കൊമ്പുകോർത്തു. ആർക്ക് വേണ്ടി, എന്തിന് വേണ്ടിയായിരുന്നു ഇതെന്ന് ചിന്തിക്കണം. സമസ്തയും മുസ്‍ലിം ലീഗും രണ്ട് സംഘടനയായി നിലകൊള്ളുമ്പോഴും പല മേഖലകളിലും ഒന്നിച്ചു നീങ്ങുന്നവരാണ്. അതുകൊണ്ട് തന്നെ ഒന്നിന്റെ തീരുമാനം മറ്റേതിനെ ബാധിക്കും. സമസ്തയും ലീഗും വളർന്ന പശ്ചാത്തലവും പ്രതിയോഗികളെ പ്രതിരോധിച്ച ഇന്നലകളും ഇരു സംഘടനയിലെയും പുതിയ തലമുറയിലെ പലരും പഠിക്കാൻ ശ്രമിക്കുന്നില്ലെന്നത് ഖേദകരമാണ്. രണ്ട് സംഘടനയുടെ ആഭ്യന്തര പ്രശ്നങ്ങൾ അവരുടെ സ്വന്തമായ കാര്യമാണ്. മറ്റുള്ളവർക്ക് മുതലെടുപ്പിന് അവസരം നൽകി സ്വയം ക്ഷയിക്കേണ്ടതല്ല മുസ്‍ലിം ഉമ്മത്ത്. ഒന്നിന്റെയും അസ്തിത്വത്തിന് മറ്റൊന്ന് തടസ്സമാവാതെ സഹകരിക്കാവുന്ന മേഖലകളിൽ ഒന്നിച്ച് നിൽക്കാമെന്നും അദ്ദേഹം കുറിച്ചു.

Full View

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഉമ്മത്തിന്റെ കലാലയവും തുറന്ന ദിനം. കാർമേഘം നീങ്ങുന്നു; മഴവിൽ വർണം തെളിയുകയാണ്. സമസ്ത നേതാക്കളും മുസ്‍ലിം ലീഗ് നേതാക്കളും സി.ഐ.സി വിഷയത്തിൽ കോഴിക്കോട് ചർച്ച നടത്തി, അന്തിമ തീരുമാനവും പ്രഖ്യാപനവും പിന്നീട്. ഉരുണ്ടുകൂടിയ കാർമേഘങ്ങൾ പെയ്തിറങ്ങാതെ മഴവിൽ വർണം തെളിച്ച് മാനം ശാന്തമാവുകയാണ്.

ആശയ പോരാട്ടത്തിനപ്പുറം വ്യക്തിഹത്യ നടത്തിയ സകല പാപക്കറകളും ബാക്കിവെച്ചു. ഒരു വാഫി വഫിയ്യ വിഷയത്തിൽ സമസ്തയുടെയും ലീഗിന്റെയും അണികളിൽ ചിലർ സോഷ്യൽ മീഡിയയിൽ വ്യക്തിഹത്യയിലൂടെ, നേതൃത്വത്തെ ബഹുമാനിക്കാതെ കൊമ്പുകോർത്തു. ആർക്ക് വേണ്ടി, എന്തിന് വേണ്ടി എന്ന് ചിന്തിക്കണം.

സമസ്തയും മുസ്‍ലിം ലീഗും രണ്ട് സംഘടനയായി നിലകൊള്ളുമ്പോഴും പല മേഖലകളിലും ഒന്നിച്ചു നീങ്ങുന്നവരാണ്. പള്ളി, മദ്രസ, സ്ഥാപനങ്ങൾ, സാംസ്കാരിക-റിലീഫ് മേഖലകൾ, പ്രവാസ സംഘം ചേരൽ... തുടങ്ങി പല മേഖലകളിലും ഈ ചേർന്ന് നിൽക്കലുണ്ട്. അത് കൊണ്ട് തന്നെ ഒന്നിന്റെ തീരുമാനം മറ്റേതിനെ ബാധിക്കും. സമസ്തയും ലീഗും വളർന്ന പശ്ചാത്തലവും പ്രതിയോഗികളെ പ്രതിരോധിച്ച ഇന്നലകളും ഇരു സംഘടനയിലേയും പുതിയ തലമുറയിലെ പലരും പഠിക്കാൻ ശ്രമിക്കുന്നില്ല എന്നത് ഖേദകരമാണ്.

രണ്ട് സംഘടനയുടെ ആഭ്യന്തര പ്രശ്നങ്ങൾ അവരുടെ സ്വന്തമായ കാര്യമാണ്. സമസ്ത നടപടിയെടുത്തവരെ ഹൈലൈറ്റ് ചെയ്ത് പ്രകടിപ്പിക്കേണ്ട കാര്യം ലീഗിലെ ഒരു വേദിക്കുമില്ല. മുസ്‍ലിം ലീഗ് നടപടിയെടുത്തവരെ ഹൈലൈറ്റ് ചെയ്ത് പ്രകടിപ്പിക്കേണ്ട കാര്യം സമസ്തയിലെ ഒരു വേദിക്കുമില്ല. പൂർവകാല ചരിത്രങ്ങൾ മറന്ന് ഭിന്നിക്കേണ്ടവരല്ല നാം. മറ്റുള്ളവർക്ക് മുതലെടുപ്പിന് അവസരം നൽകി സ്വയം ക്ഷയിക്കേണ്ടതുമല്ല മുസ്‍ലിം ഉമ്മത്ത്. സഹകരിക്കാവുന്ന മേഖലകളിൽ നമുക്കൊന്നിച്ച് നിൽക്കാം. ഒന്നിന്റെയും അസ്തിത്വത്തിന് മറ്റൊന്ന് തടസ്സമാവാതെ. അല്ലാഹു അനുഗ്രഹിക്കട്ടെ.

Tags:    
News Summary - Samastha-League Differences Ended -Nasar Faizy Koodathai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.