കോഴിക്കോട്: ഇരുവിഭാഗങ്ങൾ തമ്മിൽ രൂപപ്പെട്ട രൂക്ഷമായ അഭിപ്രായഭിന്നതകളെ തുടർന്നുണ്ടായ പരസ്യ വിഴുപ്പലക്കലിന് താൽക്കാലിക തടയിട്ട് സമസ്ത നേതൃത്വം. പൊതുയോഗങ്ങളിലുണ്ടാകുന്ന പരസ്യവിമർശനവും വിഭാഗീയതയും സമൂഹ മാധ്യമങ്ങളിലെ പോർവിളിയും അവസാനിപ്പിക്കണമെന്ന് സമസ്തയുടെയും പോഷക ഘടകങ്ങളുടെയും സംയുക്ത നേതൃയോഗം നിർദേശിച്ചു. അതേസമയം, ഇപ്പോൾ ചേരിതിരിഞ്ഞുനടക്കുന്ന സമസ്ത ആദർശ സമ്മേളനവും സുന്നി മഹല്ല് ഫെഡറേഷന്റെ (എസ്.എം.എഫ്) മഹല്ല് സാരഥി സംഗമവും വിലക്കിയിട്ടില്ല. പക്ഷേ, യോഗങ്ങൾ നടത്തുമ്പോൾ വിഭാഗീയത പാടില്ല. എല്ലാ യോഗങ്ങളിലും സമസ്തയിലെ നേതാക്കൾ എന്ന നിലയിൽ എല്ലാവരെയും പങ്കെടുപ്പിക്കണം.
പരസ്പരം അകലുന്നവിധം പരസ്യപ്രസ്താവനകൾ നടത്തരുത്. ആദർശ സമ്മേളനത്തിലെയും മഹല്ല് സാരഥി സംഗമത്തിലെയും വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സമസ്ത വിദ്യാഭ്യാസ ബോർഡിലെ അംഗങ്ങൾ ഉൾക്കൊള്ളുന്ന സമിതിയെയും നിയോഗിച്ചു. സമസ്തയുടെ ലക്ഷ്യം വഹാബിസത്തെ പ്രതിരോധിക്കലാണെന്നും അവർക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും നേതൃത്വം യോഗത്തിൽ വ്യക്തമാക്കി. എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സമ്മേളനങ്ങളുടെ ഭാഗമായി ആദർശ സമ്മേളനങ്ങൾ നടത്താൻ സമസ്ത തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടന്ന സമ്മേളനങ്ങളിൽ സമസ്തയിലെ ഒരുവിഭാഗത്തിനെതിരെ ഒളിയമ്പുകൾ എയ്തുകൊണ്ടായിരുന്നു ഹമീദ് ഫൈസി അമ്പലക്കടവ് ഉൾപ്പെടെ ചില നേതാക്കൾ സംസാരിച്ചത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ സമസ്തയിലെ മുസ്ലിം ലീഗ് അനുകൂല വിഭാഗം രംഗത്തുവന്നു.
ഇരുവിഭാഗവും പരസ്പരം ആരോപണ, പ്രത്യാരോപണങ്ങളുയർത്തി. തുടർന്ന് ഏകപക്ഷീയമായ ആദർശ സമ്മേളനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങൾ, ബഹാഉദ്ദീൻ നദ്വി കൂരിയാട്, അബ്ദുസ്സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായ്, യു. ഷാഫി ഹാജി, പുത്തനഴി മൊയ്തീൻ ഫൈസി, ഖാദർ ഫൈസി എന്നിവർ ഒപ്പിട്ട് സമസ്ത മുശാവറക്ക് കത്തു നൽകി. ഇതിനുശേഷം മഞ്ചേരിയിലും കണ്ണൂരിലും ആദർശ സമ്മേളനം നടന്നു. തങ്ങളുടെ കത്തിൽ അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ലീഗ് അനുകൂല വിഭാഗത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് മഹല്ല് സാരഥി സംഗമം സംഘടിപ്പിച്ചത്. ആദർശ സമ്മേളനങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്ക് നാസർ ഫൈസി കൂടത്തായിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായിയും യോഗത്തിൽ മറുപടി പറഞ്ഞു. കമ്യൂണിസവുമായി ഒരുനിലക്കും യോജിച്ചുപോകാൻ സമസ്തക്ക് കഴിയില്ലെന്നും പ്രഭാഷകർ വ്യക്തമാക്കി. ഇതോടെ സമൂഹ മാധ്യമങ്ങളിലെ വിഴുപ്പലക്കൽ പാരമ്യത്തിലെത്തി. മഹല്ല് സാരഥി സംഗമം ലീഗ് അനുകൂലികളുടെ പരിപാടിയാണെന്നും സമസ്തയുടെ ഔദ്യോഗിക പരിപാടിയാണ് ആദർശ സമ്മേളനമെന്നും മറുവിഭാഗം വിശദീകരിച്ചു.
കോഓഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് (സി.ഐ.സി) പ്രശ്നവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിൽ തുടങ്ങിയ ചേരിപ്പോര് പരിധിവിട്ട സാഹചര്യത്തിൽ മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയ അനുരഞ്ജന ശ്രമം ഫലം കാണാതെ നീണ്ടുപോവുകയാണ്. ഇതുസംബന്ധിച്ച് മൂന്ന് സിറ്റിങ്ങുകൾ നടന്നെങ്കിലും പരിഹാര ഫോർമുലയിലേക്ക് എത്തിയിട്ടില്ല. ഇതിനിടയിൽ പ്രശ്നം കൂടുതൽ വഷളാകുന്ന രീതിയിൽ ഒരുവിഭാഗത്തിന്റെ ഭാഗത്തുനിന്ന് മുസ്ലിം ലീഗിനെ ഉന്നംവെച്ചുണ്ടായ നീക്കങ്ങളിൽ ലീഗ് നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. ലീഗ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് എസ്.എം.എഫിന്റെ യോഗങ്ങളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ പടയൊരുക്കത്തിൽ സമസ്ത നേതൃത്വത്തിനും ആശങ്കയുണ്ട്. അതുകൊണ്ടാണ് പരസ്പരമുള്ള കൊമ്പുകോർക്കലിൽനിന്ന് വിട്ടുനിൽക്കാൻ നേതൃയോഗത്തിന്റെ നിർദേശമുണ്ടായത്. സി.ഐ.സി പ്രശ്നപരിഹാരത്തിലെ അനിശ്ചിതത്വം നീങ്ങിയാൽ മാത്രമേ സമസ്തയിൽ പൂർണ മഞ്ഞുരുക്കം സാധ്യമാകൂവെന്നാണ് ഇരുവിഭാഗവും വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.