തിരുവനന്തപുരം: അനധികൃത ആംബുലൻസുകളെ നിയന്ത്രിക്കാനും ദുരുപയോഗം തടയാനും സർക്കാർ ഇടപെടൽ. ആംബുലൻസുകളുടെ ഏകോപനത്തിന് കേന്ദ്രീകൃത സംവിധാനമൊരുക്കാൻ മന്ത്രിമാരായ ആന്റണി രാജു, വീണാ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ആംബുലൻസുകളുടെ നിറം ഏകീകരിക്കും. ആബുലൻസുകൾക്ക് ജി.പി.എസും ഡ്രൈവർമാർക്ക് പൊലീസ് വെരിഫിക്കേഷനും നിർബന്ധമാക്കും. സേവനങ്ങൾ വിലയിരുത്താൻ ഗതാഗത വകുപ്പിലെയും ആരോഗ്യവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ, ആംബുലൻസ് സേവനമേഖലയിലെ പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്ന അഞ്ചംഗ കമ്മിറ്റി രൂപവത്കരിച്ചു.
വിവിധ കാറ്റഗറികളിലുള്ള ആംബുലൻസുകളുടെ സൗകര്യങ്ങൾ, സേവനം, ഫീസ്, നിറം, ആംബുലൻസ് ഡ്രൈവർമാരുടെ യോഗ്യത, പൊലീസ് വെരിഫിക്കേഷൻ, യൂനിഫോം എന്നിവയാണ് കമ്മിറ്റി പരിശോധിക്കുക. ഒരു മാസത്തിനകം റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. എല്ലാ ആംബുലൻസ് ഡ്രൈവർമാർക്കും വിദഗ്ധ പരിശീലനം നൽകും. ബേസിക് ലൈഫ് കെയർ സപ്പോർട്ട്, അഡ്വാൻസ്ഡ് ലൈഫ് കെയർ സപ്പോർട്ട് എന്നിവയിലാണ് പരിശീലനം. ആംബുലൻസ് സേവനം ഏകോപിപ്പിക്കും. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. കാർത്തികേയൻ, അഡീഷനൽ ട്രാൻസ്പോർട്ട് കമീഷണർ പ്രമോജ് ശങ്കർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. നന്ദകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.