തൃശൂര്‍: മുറിവുകൾക്കു മേൽ മുളകരച്ച് തേക്കുന്ന സമീപനമാണ് ബി.ജെ.പി സ്വീകരിക്കുന്നതെന്നും അഭിമാനം പണയംവെച്ച് തിരിച്ചുപോക്ക് സാധ്യമല്ലെന്നും സന്ദീപ് വാര്യര്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിട്ടുനിൽക്കുന്ന വിഷയത്തിൽ ക്രിയാത്മക പരിഹാര നിർദേശം നേതൃത്വത്തില്‍നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, പോസിറ്റിവായ ഒരു നടപടിയും ഉണ്ടായതായി കാണുന്നില്ല. പരാതി പറഞ്ഞ താനാണ് തിരുത്തേണ്ടതെന്ന സംസ്ഥാന പ്രസിഡന്റിന്റെ സമീപനം അംഗീകരിക്കാൻ പ്രയാസമുണ്ടെന്നും സന്ദീപ് വാര്യർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംഘടനയിൽ ഒരാൾ കയറിവരുന്നതിന് വലിയ തപസ്യയുണ്ട്. കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചുവരണമെന്നും തെരഞ്ഞെടുപ്പ് നടക്കുമ്പോഴല്ല ഇത്തരം പ്രശ്നങ്ങൾ ഉന്നയിക്കേണ്ടതെന്നും സംസ്ഥാന പ്രസിഡന്റ് പറഞ്ഞതായി കേട്ടു. ആളുകളെ ചേർത്തുനിർത്താനാണ് നേതൃത്വം ശ്രമിക്കേണ്ടത്.
താൻ പരാതി ഉന്നയിച്ച ആളാണ്. കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചുവരണമെന്ന് പറയുമ്പോൾ തന്റെ ഭാഗത്ത് തെറ്റുണ്ടെന്ന ദുസ്സൂചനയുണ്ട്. ആദ്യ അഞ്ച് ദിവസം ആരോടും പ്രശ്നങ്ങൾ പറയാതിരുന്നത് പാർട്ടിയിലുള്ള അചഞ്ചല വിശ്വാസം കൊണ്ടാണ്. ആയിരക്കണക്കിന് പ്രവർത്തകരുടെ മുന്നിൽ സഹപ്രവർത്തകനെ അവഹേളിച്ചല്ല വ്യക്തിവിരോധം കാണിക്കേണ്ടതെന്നും അത് ചെയ്യേണ്ടത് തെരഞ്ഞെടുപ്പ് വേളയിലല്ലെന്നും ഉപാധ്യക്ഷനായ രഘുനാഥനെയാണ് സംസ്ഥാന പ്രസിഡന്റ് ബോധ്യപ്പെടുത്തേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷം വിഷയം പരിഹരിക്കാമെന്നാണ് പറയുന്നത്. ഉന്നയിക്കപ്പെട്ട ഏതെങ്കിലും പ്രശ്നം തെരഞ്ഞെടുപ്പിനു ശേഷം പരിഹരിക്കപ്പെട്ട അനുഭവം ബി.ജെ.പിയിൽ ഇല്ല -സന്ദീപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.