തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രതി സന്ദീപ് നായരെ സഹായിച്ച പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ നേതാവിനെതിരായ ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ മടക്കി. സന്ദീപ് നായർ മദ്യപിച്ച് വാഹനം ഓടിക്കുന്നതിനിടെ പിടിയിലായപ്പോൾ വിട്ടയക്കാൻ ഇടപെട്ട പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല നേതാവ് ചന്ദ്രശേഖരൻനായർക്കെതിരെയുള്ള ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിെൻറ റിപ്പോർട്ടാണ് വ്യക്തതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കമീഷണർ ബൽറാംകുമാർ ഉപാധ്യായ തിരിച്ചയച്ചത്.
ബന്ധുവായ സന്ദീപ് നായരുമായി ചന്ദ്രശേഖരന് നല്ല അടുപ്പമുണ്ടായിരുന്നെന്നും മദ്യപിച്ച് വാഹനമോടിച്ച കേസില്‍ സന്ദീപിനെ മണ്ണന്തല പൊലീസ് പിടികൂടിയപ്പോള്‍ ജാമ്യത്തിലിറക്കാനും വാഹനം തിരിച്ചുകിട്ടാനും ചന്ദ്രശേഖരന് നിയമവിരുദ്ധമായി ഇടപെട്ടെന്നും ഡി.ഐ.ജി കണ്ടെത്തിയിരുന്നു.
ഇതിന് ചന്ദ്രശേഖരനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്നറിയാന്‍ ഇയാൾക്കെതിരെ വിശദ അന്വേഷണം വേണമെന്നുമായിരുന്നു ഡി.ഐ.ജിയുടെ റിപ്പോർട്ട്. റിപ്പോർട്ട് പരിശോധിച്ച ഡി.ജി.പി ലോക്നാഥ് െബഹ്റ വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്ത് ഫയൽ ഐ.ജി റാങ്കിലുള്ള കമീഷണർ ബൽറാംകുമാർ ഉപാധ്യായക്ക് കൈമാറുകയായിരുന്നു.
രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് ഡി.ഐ.ജിയെക്കൊണ്ടുതന്നെ വാക്കുകൾ തിരുത്തിയെഴുതിക്കാനുള്ള ശ്രമമാണ് അണിയറയിൽ നടക്കുന്നതെന്നും അതിെൻറ ഭാഗമായാണ് ഡി.ജി.പി കണ്ട ഫയൽ വ്യക്തതയില്ലെന്ന കാരണത്താൽ കമീഷണർ തിരികെ നൽകിയതെന്നുമുള്ള അക്ഷേപം ശക്തമാണ്. റിപ്പോര്‍ട്ടിലെ വാചകങ്ങള്‍ തിരുത്തിയെഴുതാന്‍ ഡി.ഐ.ജിക്കുമേൽ ഉന്നത ഉദ്യാഗസ്ഥരുടെ സമ്മര്‍ദമുണ്ടെന്നും വിവരമുണ്ട്.
അതേസമയം പരിശോധനയില്ലാതെ സന്ദീപ് നായരുടെ വാഹനം വിട്ടുനല്‍കിയതിന് മണ്ണന്തല പൊലീസ് സ്റ്റേഷനിലെ അന്നത്തെ ഇന്‍സ്പെക്ടര്‍, ജനറല്‍ ഡ്യൂട്ടിയുള്ള (ജിഡി ചാര്‍ജ്) പൊലീസുകാരന് എന്നിവര്‍ക്ക് കമീഷണര്‍ മെമ്മോ നല്കി. മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്ത ആഡംബര കാര്‍ പരിശോധനയില്ലാതെ വിട്ടുനല്കിയതിെൻറ പേരിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.