പാലക്കാട്: എൻ.ഡി.എ കണ്‍വെന്‍ഷൻ വേദിയിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഇടഞ്ഞു നിൽക്കുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഫലംകണ്ടില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പ്രചാരണരംഗത്ത് ബി.ജെ.പി സംസ്ഥാന സമിതി അംഗം കൂടിയായ സന്ദീപ് വാര്യരുടെ അസാന്നിധ്യം ചർച്ചയായി.
തിങ്കളാഴ്ച നടന്ന എൻ.ഡി.എ കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദീപ് വാര്യര്‍ക്ക് സീറ്റ് നല്‍കിയിരുന്നില്ല. പ്രതിഷേധ സൂചകമായി അദ്ദേഹം വേദിയിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞിട്ടും തന്നെ അവഗണിച്ചതിലാണ് സന്ദീപ് ബി.ജെ.പിയുമായി ഇടഞ്ഞത്. പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറുമായി സന്ദീപ് വാര്യര്‍ക്ക് അഭിപ്രായവ്യത്യാസവുമുണ്ട്. മൂത്താന്തറയിലെ പ്രശ്‌നപരിഹാരത്തിന് സന്ദീപ് ഇടപെട്ടത് സി. കൃഷ്ണകുമാറിനെ അലോസരപ്പെടുത്തിയിരുന്നു. നേതൃത്വവും നീരസം പ്രകടിപ്പിച്ചിരുന്നു.
യോഗത്തിൽനിന്ന് ഇറങ്ങിപ്പോയശേഷം സന്ദീപ് വാര്യർ സി. കൃഷ്ണകുമാറിന്റെ പര്യടനത്തിൽ പങ്കെടുത്തിട്ടില്ല. സി.പി.എം നേതാവും പാലക്കാട് മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനുമായ എം.എസ്. ഗോപാലകൃഷ്ണന്‍ 1991ലെ പാലക്കാട് മുനിസിപ്പല്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ അന്നത്തെ ബി.ജെ.പി ജില്ല പ്രസിഡന്റ് ടി. ചന്ദ്രശേഖരന്റെ പിന്തുണ തേടി അയച്ച കത്ത് പുറത്തുവിട്ടത് സന്ദീപ് വാര്യരായിരുന്നു.
ഇതിനിടെ, സന്ദീപ് പാർട്ടി വിടുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പരക്കുന്നുണ്ട്. ഇതു സംബന്ധിച്ച ആഭ്യൂഹങ്ങൾ പരന്നിട്ടും വിഷയത്തിൽ സന്ദീപിന്റെ പ്രതികരണങ്ങൾ ഒന്നും വന്നിട്ടില്ല. ഇതാണ് പാർട്ടി നേതൃത്വത്തെ വെട്ടിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.