പാലക്കാട്: പാലക്കാട് അടക്കമുള്ള ഉപതെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചെന്ന വാർത്തയിൽ പ്രതികരിച്ച് സന്ദീപ് വാര്യർ. കെ. സുരേന്ദ്രൻ രാജിസന്നദ്ധത അറിയിക്കുകയല്ല ചെയ്യേണ്ടതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവി രാജിവെക്കുകയാണ് വേണ്ടതെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
ഏതൊരു രാഷ്ട്രീയ പാർട്ടിയിലെയും നേതൃത്വം ഉത്തരവാദിത്തം കാണിക്കുക എന്ന ജനാധിപത്യത്തിന്‍റെ കാതലാണ്. രാജിവെക്കുമെന്ന് പറയുമ്പോൾ സ്വന്തം ആളുകളെ കൊണ്ട് 'അയ്യോ അച്ഛാ പോകല്ലേ' എന്ന് പുറകിൽ നിന്ന് പറയിപ്പിക്കുന്നതും ശരിയല്ല. തുടർച്ചയായ പരാജയത്തിൽ നേതൃത്വം ഉത്തരവാദിത്തം ഏറ്റെടുത്ത് മാറിനിൽക്കുകയാണ് വേണ്ടത്. രാജി സന്നദ്ധത ഉന്നയിച്ച് രാജി വെക്കാനുള്ള സാധ്യത ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സന്ദീപ് പറഞ്ഞു.
തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ കെ. സുരേന്ദ്രന്‍റെ രാജി ആവശ്യപ്പെടുന്നവർ ലക്ഷ്യമിടുന്നത് ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവിയാണ്. ബി.ജെ.പിക്കുള്ളിലെ ചക്കുളത്തി പോരാട്ടത്തോട് തനിക്ക് യോജിപ്പില്ല. അതിന്‍റെ ഭാഗമായി മാറാനോ ആരുടെയെങ്കിലും കൈകോടാലിയായി നിന്ന് ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ ആളായി മാറി സംസാരിക്കാനും തന്നെ കിട്ടില്ല. പലരും ഇത്തരത്തിൽ ശ്രമിക്കുന്നുണ്ടാകാം. ബി.ജെ.പിയെ അതിന്‍റെ വഴിക്ക് വിടുന്നുവെന്നും അവരെ നന്നാക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
പാലക്കാട്ടെ കനത്ത തോൽവിയുടെയും ശക്തികേന്ദ്രങ്ങളിലെ തിരിച്ചടിയുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവി രാജിവെക്കാൻ കെ. സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ സന്നദ്ധത അറിയിച്ചെന്ന വാർത്തയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയെ രാജിസന്നദ്ധത അറിയിച്ച സുരേന്ദ്രൻ, പാലക്കാട്ടെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് വിവരം.
പാലക്കാട് മത്സരിച്ചത് കൃഷ്ണകുമാറാണെങ്കിലും ശരിക്കും തോറ്റത് സുരേന്ദ്രനാണെന്ന് വിമതവിഭാഗം ആരോപിക്കുന്നു. പാലക്കാട്ട് ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ബി.ജെ.പി ദേശീയ കൗൺസിലംഗം എൻ. ശിവരാജനും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നെങ്കിലും സുരേന്ദ്രൻ സ്വന്തം താൽപര്യപ്രകാരമാണ് സി. കൃഷ്ണകുമാറിനെ ഗോദയിലേക്കിറക്കിയത്. ഇതോടെ സുരേഷ് ഗോപി അടക്കം പ്രമുഖ നേതാക്കൾ പ്രചാരണരംഗത്ത് സജീവമായതുമില്ല.
2021ൽ 12 റൗണ്ട് വോട്ടെണ്ണിയപ്പോഴാണ് യു.ഡി.എഫിന് ആശ്വാസ ലീഡ് പിടിക്കാനായതെങ്കിൽ ഇത്തവണ മൂന്നാം റൗണ്ടിൽ തന്നെ പാർട്ടി കോട്ടകൾ തരിപ്പണമായി. സുരേന്ദ്രനിൽ അടിയുറച്ച് വിശ്വസിച്ച ആർ.എസ്.എസിനും പാലക്കാട്ടുകാർ വോട്ടുകൊണ്ട് മറുപടി നൽകി. തോറ്റത് സിറ്റിങ് സീറ്റിലല്ലെന്ന് സുരേന്ദ്രൻ പക്ഷം വിശദീകരിക്കുമ്പോഴും നഗരസഭയിലെ വോട്ട് ചോർച്ചയിലാണ് എതിർപക്ഷം പിടിമുറുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.